അവതരണ മികവിൽ കൈയ്യടി നേടി 'തുടരും'; തരംഗമായി ഹ്രസ്വചിത്രം
സ്വാസിക, റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത് ബിലഹരിയാണ്
അടുക്കള മുതൽ ബഹിരാകാശംവരെ പുരുഷനൊപ്പം നിൽക്കാൻ ആർജവം കാണിച്ചിട്ടും സ്ത്രീകൾക്ക് ഇന്നും വിലക്കുകളും പരിമിതികളും കൽപ്പിക്കുന്നുണ്ട് നമ്മുടെ സമൂഹം. പുരുഷന്റെ ആധിപത്യത്തിൽ നിന്നും സ്ത്രീ പൂർണ്ണ വിമുക്തയാണോ എന്നത് വലിയ ഒരു ചോദ്യമായി ഇന്നും അവശേഷിക്കുമ്പോൾ അത്തരം സാഹചര്യങ്ങളെ തുറന്ന് കാട്ടുകയാണ് തുടരും എന്ന ഹ്രസ്വ ചിത്രം.
പരീക്ഷണ സ്വഭാവമുള്ള ലോ ബജറ്റ് സിനിമയായ പോരാട്ടം, കുഞ്ചാക്കോ ബോബൻ ചിത്രം അള്ള് രാമേന്ദ്രൻ എന്നിവ ഒരുക്കിയ ബിലഹരിയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രണ്ട് ദമ്പതികളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. എന്തിനും ഏതിനും ഭാര്യയെ കുറ്റം പറയുന്ന ഭർത്താവിനെയും പെൺകുട്ടി അനുഭവിക്കേണ്ടി വരുന്ന മാനസിക ബുദ്ധിമുട്ടുകളും അവളുടെ അതിജീവനവും ചിത്രം പറയുന്നു. സ്വാസിക, റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ശ്യാം നാരായണൻ ആണ്. ജാഫർ അത്താണിയാണ്. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സുദീപ് പളനാടാണ് സംഗീതം. മികച്ച പ്രേക്ഷകപ്രതികരണങ്ങളോടെ മുന്നേറുന്ന ചിത്രം അവതരണ മികവ്കൊണ്ട് വേറിട്ട് നിൽക്കുന്നു.