സ്നേഹത്തിന് എക്സ്പെയറി ഡേറ്റ് ഉണ്ടോ? പ്രേക്ഷകശ്രദ്ധ നേടി ഹ്രസ്വചിത്രം

ജോഷിയുടെ സഹസംവിധായിക ആയിരുന്നു നേഹ ഖയാല്‍

The Expiry Date of Love By Neha Khayl social awareness english short film nsn

മനുഷ്യര്‍ക്കിടയിലുള്ള സ്നേഹത്തിന് ഒരു കാലാവധി ഉണ്ടോ? ഈ ചോദ്യം ചോദിച്ചുകൊണ്ട് കഥ പറയുന്ന ഒരു ഹ്രസ്വചിത്രം പ്രേക്ഷകശ്രദ്ധ നേടുകയാണ്. നേഹ ഖയാല്‍ സംവിധാനം ചെയ്തിരിക്കുന്ന ദി എക്സ്പയറി ഡേറ്റ് ഓഫ് ലവ് എന്ന ചിത്രം എംഎല്‍എയും നടനുമായ കെ ബി ഗണേഷ് കുമാറിന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ തിരുവോണദിനത്തിലാണ് റിലീസ് ചെയ്യപ്പെട്ടത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ നേരത്തെ സുരേഷ് ഗോപിയാണ് പുറത്തിറക്കിയത്. 

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ സഹസംവിധായിക ആയിരുന്ന നേഹ ഖയാല്‍ മലയാള സിനിമയിൽ ഗാനങ്ങളും ഹിന്ദുസ്ഥാനി സംഗീതത്തിന് വേണ്ടി നിരവധി ഖയാലുകളും രചിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാനി സംഗീത രാഗ ഗ്രന്ഥങ്ങളായ സംഗീത് ബഹാർ, രാഗ് ബഹാർ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ് നേഹ. ദുബൈ വിഷ്യൽ മീഡിയ അസോസിയേറ്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. പ്രവാസ ജീവിതത്തിനിടയിൽ കണ്ടുമുട്ടിയ ഒരു വിദേശ വനിതയുടെ ജീവിതമാണ് ഈ സിനിമയുടെ പ്രചോദനം. ഒരു കാലഘട്ടത്തിൽ മനുഷ്യത്വപരമായ നന്മയാൽ തീർക്കപ്പെട്ട നിയമങ്ങളും സിദ്ധാന്തങ്ങളും  ആധുനിക കാലത്ത് പിന്തുടരപ്പെടുമ്പോൾ  അത്‌ കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നതും സ്ത്രീകൾ അതിനെ നോക്കിക്കാണുന്ന മനോഭാവത്തെയും കുറിച്ചുമാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. അനവധി മതങ്ങളും വിശ്യാസങ്ങളും നിലനിൽക്കുന്ന ലോകത്ത് എന്തിന്റെ പേരിൽ ആണെങ്കിലും എക്സ്പെയറി ആവാതെ കാത്ത് സൂക്ഷിക്കേണ്ട ഒന്നാവട്ടെ സ്നേഹം എന്ന്  വിളിച്ചു പറയുന്നതിനോടൊപ്പം നമ്മെ വേണ്ടാത്തവരെ ഓർത്ത് കരഞ്ഞു തീർക്കേണ്ട ഒന്നല്ല ജീവിതം എന്നും ചിത്രം ഓർമ്മിപ്പിക്കുന്നു.

മനുഷ്യനാല്‍ നിര്‍മ്മിതമായ നിയമങ്ങള്‍ കാലഘട്ടം അനുസരിച്ചു മാറേണ്ട അനിവാര്യതയും അതിൽ ഓരോ വ്യക്തികൾക്കുള്ള പങ്കാളിത്തവുമാണ് ഈ ചിത്രം ചൂണ്ടിക്കാട്ടുന്നത്. സംവിധായകനും ഗായകനുമായ ഡോ. ഷമീർ ഒറ്റത്തൈക്കൽ പ്രധാന കഥാപാത്രമായി വേഷമിടുന്ന ഈ സിനിമയിൽ നീരദ ഷീൻ നായിക കഥാപാത്രമായി എത്തുന്നു. കൂടാതെ കാജൽ, സിമിമോൾ സേവ്യർ, ഡേവിഡ് ഫ്രാൻസിസ്, അയൻ സാജിദ്, റിദ മിന്ന അൽ സാദിഖ് എന്നിവരും അഭിനയിച്ചിരിക്കുന്നു. നേഹ ഖയാൽ രചിച്ച സോള്‍ ടു സോള്‍ എന്ന ഗാനത്തിന് സ്റ്റാൻലി ഈണം പകർന്നിരിക്കുന്നു. ആലപിച്ചിരിക്കുന്നത് ജോയൽ ജി ബെൻസിയാർ ആണ്. വിനയ് ഗൗഡ ആണ് സിനിമാറ്റോഗ്രഫി. ഫൈൻ ആർട്ട്‌ കൊറിയോഗ്രഫി ഡോ. ഷമീർ ഒറ്റത്തൈക്കൽ, നേഹ ഖയാൽ. നിഷ ഷാജഹാൻ, മോഹൻ അബ്രഹാം, ഷാരോൺ അനിത്, വൈഷ്ണവി മോഹൻ, ഡോ. ഷമീർ ഒറ്റത്തൈക്കൽ കൂടാതെ മയാസ അനലീസ്, നടാശ അനലീസ്, എന്നീ കുട്ടികളുമാണ് ഈ ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്തിരിക്കുന്നത്. റിംന റഷീദ് പ്രൊഡക്ഷൻ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിംഗ്, ഡബ്ബിങ്, ബാക്ക്ഗ്രൗണ്ട് സ്കോർ, ടൈറ്റിൽസ്, തുടങ്ങി എല്ലാ പോസ്റ്റ് പ്രൊഡക്ഷൻ  വർക്കുകളും ഡോ. ഷമീർ ഒറ്റത്തൈക്കൽ ആണ് നിർവഹിച്ചിരിക്കുന്നത്. ഖയാല്‍ ക്രിയേഷന്‍സ്, ഒ എസ് 2 എന്നിവ ചേര്‍ന്നാണ് നിര്‍മ്മാണം. പിആര്‍ഒ എ എസ് ദിനേശ്.

ALSO READ : അഡ്വാന്‍സ് ബുക്കിം​ഗില്‍ വന്‍ കുതിപ്പ്; റിലീസ്‍ദിന കളക്ഷനില്‍ 'പഠാനെ' മറികടക്കുമോ 'ജവാന്‍'?

Latest Videos
Follow Us:
Download App:
  • android
  • ios