'ജീവിതത്തേക്കാള്‍ വലിയ പരീക്ഷയില്ല'; ശ്രദ്ധ നേടി ഹ്രസ്വചിത്രം 'ഒരു നിമിഷം'

ആറിലധികം രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ചിത്രം

oru nimisham short film Sanal Sudhakaran goodwill entertainments

മത്സര പരീക്ഷകളുടെ സമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനൊടുക്കുന്ന വിദ്യാര്‍ഥികള്‍ പുതിയ കാലത്ത് എണ്ണത്തില്‍ കൂടുതലാണ്. നീറ്റ് പോലെയുള്ള എന്‍ട്രന്‍സ് പരീക്ഷകളുമായി ബന്ധപ്പെട്ടാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ ഈ വിഷയം ആസ്പദമാക്കി വിദ്യാര്‍ഥി സമൂഹത്തിന്‍റെ ശ്രദ്ധ ക്ഷണിക്കുന്ന ഒരു ഹ്രസ്വചിത്രം എത്തിയിരിക്കുകയാണ്. സനല്‍ സുധാകരന്‍ സംവിധാനം ചെയ്‍ത ഒരു നിമിഷം എന്ന ഷോര്‍ട്ട് ഫിലിം ആണ് യുട്യൂബില്‍ പ്രേക്ഷകശ്രദ്ധ നേടുന്നത്.

വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദ്ദം ഉയര്‍ത്തുന്ന ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവേണ്ട അനിവാര്യമായ മാറ്റത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രം യഥാര്‍ഥ പരീക്ഷ ജീവിതത്തിന്റേതാണെന്നാണ് പറഞ്ഞുവെക്കുന്നത്. രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളില്‍ പുരസ്‌കാരം നേടിയ ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വംശി വാസുദേവ് ആണ്. കെ ഡി പ്രൊഡക്ഷന്റെയും ഫോർ ബിഗ് ബ്രദേഴ്‌സിന്റെയും ബാനറിൽ ലത കെ കെയാണ് നിര്‍മ്മാണം. വളരെയധികം പരിമിതികളെ അതിജീവിച്ചു കൊണ്ട് കരിങ്കപ്പാറ എന്ന ഗ്രാമത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ പ്രദേശവാസികളാണ് അഭിനയിച്ചിരിക്കുന്നത്. 

ALSO READ : അപ്രതീക്ഷിത സാഹചര്യങ്ങൾ; 'ജിന്ന്' എത്താൻ വൈകുമെന്ന് സിദ്ധാര്‍ത്ഥ്

ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മദ്രാസ് ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി ആറിലധികം രാജ്യാന്തര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം മികച്ച സിനിമ, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം തുടങ്ങി എട്ടോളം പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്തു. പ്രിജു ഇക്കിലാച്ചൻ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് അജിൻ ബിജുവാണ്. അക്ഷയ് രാജ് സൗണ്ട് ഡിസൈനിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു. സിദ്ധാർത്ഥ് കെ കെ, അഭിജിത്ത് കെ പി, മനോജ് കെ കെ, രൂപ മനോജ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഗുഡ്‌വിൽ എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെ യൂട്യൂബ് ചാനലിലൂടെ ഈ ചിത്രം ഇപ്പോൾ കാണാവുന്നതാണ്. നീറ്റ് എക്സാമിന്റെ മാനസിക സമ്മർദ്ദം മൂലം ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്കാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios