ഒരു പെൺകുട്ടിയും അവളുടെ ജീൻസും; വൈറലായി 'മൈ ബ്ലഡി ജീൻസ്'
നോർത്ത് ഇന്ത്യയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത് ജീ തോമസ്, ആമി, ഷിബിൽ നജീബ് എന്നിവർ ചേർന്നാണ്
പുതുമയാർന്ന പ്രമേയം, അവതരണത്തിലെ വ്യത്യസ്തത എന്നിവ കൊണ്ട് പ്രേക്ഷക പ്രശംസ നേടുകയാണ് 'മൈ ബ്ലഡി ജീൻസ്' എന്ന ഹ്രസ്വചിത്രം. പലപ്പോഴും സ്ത്രീകൾക്കെതിരെ നടക്കുന്ന പീഡനങ്ങൾക്ക് കാരണം അവരുടെ വസ്ത്രധാരണമാണെന്ന് പറയുന്ന കടപട സദാചാരത്തിനെതിരെ തുറന്ന് വയ്ക്കുന്ന കാഴ്ച്ചാനുഭവമാണ് മൈ ബ്ലഡി ജീൻസ് സമ്മാനിക്കുന്നത്.നോർത്ത് ഇന്ത്യയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത് ജീ തോമസ്,ആമി, ഷിബിൽ നജീബ് എന്നിവർ ചേർന്നാണ്. ഒരു ജീൻസ് ലോക്ക്ഡൗൺ പ്രഖ്യാപിച്ച കഥ' എന്ന ആമുഖത്തോടെ എത്തുന്ന ചിത്രം വലിയൊരു ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്.
ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മേഘ്ന എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ഹ്രസ്വചിത്രം സഞ്ചരിക്കുന്നത്. തനിക്ക് സമ്മാനമായി കിട്ടിയ വലുപ്പം കുറഞ്ഞുപോയ ജീൻസ് ധരിച്ച് ഓഫീസിലേക്കു പോകുന്ന മേഘ്നയെ ആ ദിവസം ചിലത് ബോധ്യപ്പെടുത്തുന്നുണ്ട്. തനിക്ക് നേരെയുണ്ടാവുന്ന തുറിച്ച് നോട്ടങ്ങളുടെയും, ആക്രമണത്തെയും അവൾ അതിജീവിക്കുന്നതാണ് ചിത്രം പറയുന്നത്. മേഘ്ന എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിതാര വിജയന്റെ പ്രകടനം തന്നെയാണ് ഹ്രസ്വചിത്രത്തിൽ മികച്ചു നിൽക്കുന്നത്. ഒരു ജീൻസുകൊണ്ട് മാത്രം രക്ഷപ്പടുത്താൻ കഴിയുന്നതാണോ നമുക്ക് ചുറ്റുമുള്ള പെൺ ജീവിതങ്ങളെന്ന് വലിയൊരു ചോദ്യം പ്രേക്ഷകനോട് ചോദിച്ചാണ് ചിത്രം അവസാനിക്കുന്നത്. 2020ലെ ദാദ സാഹിബ് ഫാൽകെ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി മെൻഷൻ ഈ ഹ്രസ്വചിത്രത്തിന് ലഭിച്ചിരുന്നു. പ്രശാന്ത് ബാബുവാണ് ക്യാമറ ചെയ്തിരിക്കുന്നത്.