യുട്യൂബിലും ശ്രദ്ധ നേടി 'മിഡ്‍നൈറ്റ് റണ്‍'; ദിലീഷും ചേതനും അഭിനയിച്ച ഹ്രസ്വചിത്രം
2018ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ചിത്രം
ദിലീഷ് പോത്തനും (Dileesh Pothan) ചേതന്‍ ജയലാലും (Chethan Jayalal) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധേയ ഹ്രസ്വചിത്രം 'മിഡ്‍നൈറ്റ് റണ്ണി'ന് (Midnight Run) യുട്യൂബ് റിലീസിലും മികച്ച പ്രതികരണം. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്‍റെ 2018 എഡിഷനില്‍ പ്രീമിയര്‍ നടന്ന ചിത്രം അതേവര്‍ഷത്തെ ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ചിരുന്നു. നിരവധി അന്തര്‍ദേശീയ ചലച്ചിത്രോത്സവങ്ങളിലും പ്രദര്‍ശിപ്പിച്ച ചിത്രം ഈ വര്‍ഷം 14ന് സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്‍ഫോമിലൂടെയും റിലീസ് ചെയ്‍തിരുന്നു. അതിനു പിന്നാലെ ഈ മാസം 3നായിരുന്നു യുട്യൂബ് റിലീസ്.
മികച്ച പ്രതികരണമാണ് ചിത്രം യുട്യൂബിലും നേടുന്നത്. മ്യൂസിക് 247 യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യപ്പെട്ടിരിക്കുന്ന ചിത്രത്തിന് ഇതിനകം ഇരുപതിനായിരത്തോളം കാഴ്ചകള്‍ ലഭിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ഒരു രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കി, റിയലിസ്റ്റിക് ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കിയിരിക്കുന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്‍തിരിക്കുന്നത് രമ്യ രാജ് ആണ്. ലോറിഡ്രൈവര്‍ ആണ് ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രം.
ബുസാന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പെടെ 25ലേറെ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കാലിഫോര്‍ണിയയില്‍ നടന്ന ഇന്‍ഡീബെസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് ഇന്‍ഡീ ഷോര്‍ട്ട് ഫിലിം ആയി ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹംഗറിയിലെ സെവന്‍ ഹില്‍സ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ബെലാറസില്‍ നടന്ന കിനോസ്‍മെന-മിന്‍സ്‍ക് ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ബാംഗ്ലൂര്‍ ഇന്‍റര്‍മാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, അസം ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, ദാദാസാഹിബ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളില്‍ മത്സരവിഭാഗത്തിലും ഇടംപിടിച്ചിരുന്നു. ബി ടി അനില്‍കുമാറിന്‍റെ കഥയ്ക്ക് സംവിധായികയുടേതു തന്നെയാണ് തിരക്കഥ. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍. എഡിറ്റിംഗ് കിരണ്‍ ദാസ്. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. സംഗീതം ശങ്കര്‍ ശര്‍മ്മ. സതീഷ് എരിയലത്താണ് നിര്‍മ്മാണം.