ഹ്രസ്വചിത്രം ഒരുക്കി സംവിധായകന്‍ എം.എ നിഷാദും മകനും; ചർച്ചയായി 'മേക്ക്-ഓവർ'
ഡയലോഗുകളിലും ആഖ്യാനത്തിലും വേറിട്ടുനില്‍ക്കുന്ന ഹ്രസ്വചിത്രം ഇംറാന്‍ നിഷാദിന്റെ അഭിനയ മികവുകൊണ്ട് കൈയ്യടി നേടുന്നു
കോവിഡ് കാലത്ത് മകനെ നായകനാക്കി ഹ്രസ്വചിത്രം ഒരുക്കിയിരിക്കുകയാണ് സംവിധായകന്‍ എം.എ നിഷാദ്. മകന്‍ ഇംറാന്‍ നിഷാദിനെ നായകനാക്കി ഒരുക്കിയ മേക്ക്-ഓവർ എന്ന ഹ്രസ്വചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഉണ്ണി എന്ന ഒറ്റൊരാള്‍ കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. സാമുഹിക പ്രസക്തമായ വിഷയത്തെ വേറിട്ട പ്രമേയത്തോടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡയലോഗുകളിലും ആഖ്യാനത്തിലും വേറിട്ടുനില്‍ക്കുന്ന ഹ്രസ്വചിത്രം ഇംറാന്‍ നിഷാദിന്റെ അഭിനയ മികവുകൊണ്ട് കൈയ്യടി നേടുന്നു.
കടുത്ത മെസ്സി ഫാനായ ഒരു യുവാവിന്റെ ജീവതത്തിലുണ്ടാവുന്ന മാറ്റത്തെ സാമൂഹിക പശ്ചാത്തലത്തിലാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. സാംസങ്10സ് ഫോണിൽ സംവിധായകൻ എം.എ നിഷാദ് തന്നെയാണ് ഹ്രസ്വചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കോവിഡ് കാലമായതിനാൽ വേറിട്ട രീതിയിൽ ഒരു ഹ്രസ്വചിത്രം ഒരുക്കാം എന്ന ചിന്തിയിൽ നിന്നാണ് മേക്ക്-ഓവർ ഉണ്ടായതെന്നും മകൻ ആദ്യമായാണ് അഭിനയ രംഗത്തേയ്ക്ക് ചുവട് വയ്ക്കുന്നതെന്നും എം.എ നിഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. പത്ത് മിനിറ്റുള്ള ഹ്രസ്വചിത്രത്തിൽ ശബ്ദ സാന്നിധ്യമായി സോഹൻ സിനുലാൽ, മാലാ പാർവതി, പോളി വൽസൻ തുടങ്ങിയവരും എത്തുന്നുണ്ട്. ശ്രീകുമാർ നായരാണ് എഡിറ്റിംഗ്. ആനന്ദ് മധുസൂദനാണ് സംഗീതം. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്.