അടുക്കളയില്‍ പെട്ടുപോവുന്ന ജിയോ ബേബി; ശ്രദ്ധ നേടി ഹ്രസ്വചിത്രം

വാതില്‍ ലോക്ക് ആയതോടെ അടുക്കളയില്‍ കുടുങ്ങിപ്പോവുന്ന സംവിധായകന്‍ ജിയോ ബേബി തന്നെയാണ് ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രം. 

lock up short film by jeo baby

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെ'പ്പോലെ സമീപകാലത്തൊന്നും ഒരു മലയാളസിനിമ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ഒരു പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെയായിരുന്നു റിലീസ് എങ്കിലും പിറ്റേന്നുമുതല്‍ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ ഈ സിനിമ മാത്രമായി ചര്‍ച്ച. അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം തന്നെയായിരുന്നു അതിനു കാരണം. വിവാഹിതയായി എത്തുന്ന വീട്ടിലെ അടുക്കളയില്‍ ഒരു യുവതി 'പെട്ടുപോകുന്ന'താണ് സിനിമയുടെ വിഷയം. ഇപ്പോഴിതാ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സംവിധായകന്‍ മാസങ്ങള്‍ക്കു മുന്‍പു ചെയ്ത ഒരു ഹ്രസ്വചിത്രവും ശ്രദ്ധ നേടുകയാണ്.

വാതില്‍ ലോക്ക് ആയതോടെ അടുക്കളയില്‍ കുടുങ്ങിപ്പോവുന്ന സംവിധായകന്‍ ജിയോ ബേബി തന്നെയാണ് ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രം. പുറത്തുകടക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഒരു രാത്രി അടുക്കളയില്‍ കഴിയേണ്ടി വരുകയാണ് ജിയോ ബേബിയുടെ കഥാപാത്രത്തിന്. അന്നത്തെ ആഹാരവും അയാള്‍ക്ക് തനിയെ ഉണ്ടാക്കേണ്ടിവരുന്നു. അടുക്കളയില്‍ വേണ്ടത്ര പരിചയമില്ലാതിരുന്ന അയാള്‍ വാതിലിനപ്പുറത്തുള്ള ഭാര്യയോട് ചോദിച്ചാണ് ഓരോന്നു ചെയ്യുന്നത്. ഒരു ദിവസംകൊണ്ട് അയാള്‍ക്കുണ്ടാവുന്ന തിരിച്ചറിവ് അവസാനം ഭാര്യയോട് അയാള്‍ പങ്കുവെക്കുന്നുണ്ട്, 'അടുക്കള നരകമാണ്' എന്നതാണ് അത്. 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ന്‍റെ ചിന്തയിലേക്ക് ജിയോയെ എത്തിച്ചത് ഈ ഹ്രസ്വചിത്രമായിരുന്നോ എന്ന കൗതുകത്തിലാണ് സിനിമാസ്വാദകര്‍.

'ലോക്ക് അപ്പ്' എന്നു പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രത്തില്‍ ജിയോയ്ക്കൊപ്പം ഭാര്യ ബീനയും മകന്‍ മ്യൂസിക്കുമാണ് അഭിനയിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്‍ഡ് ഫോണില്‍ ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിം മെയ് 17നാണ് ജിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios