കാർഷിക സമൃദ്ധിയുടെ നേർചിത്രമായി 'സമൃദ്ധി' ഡോക്യുമെന്ററി ശ്രദ്ധ നേടുന്നു
തിരക്കഥാകൃത്ത് ഹരി പി നായരാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്.
തിരക്കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ഹരി പി നായർ രചനയും സംവിധാനവും അവതരണവും നിർവഹിച്ച സമൃദ്ധി എന്ന കാർഷിക ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. വയലേലകളിൽ വിളവിന്റെ വസന്തമൊരുക്കുന്ന വിഭവസമൃദ്ധിയാണ് ഈ കലാസൃഷ്‍ടി നമുക്കു സമ്മാനിക്കുന്ന നല്ല കാഴ്‍ച.
മണ്ണിൽ പൊന്നുവിളയിക്കുന്ന മലയാളത്തിന്റെ മക്കളുടെ കഥ പറയുകയാണ് സമൃദ്ധിയിലൂടെ ഹരി. തൃശൂർ വെങ്ങിണിശേരി സ്വദേശികളായ സന്തോഷ്, സനോജ് എന്നീ സഹോദരങ്ങൾ കാർഷിക രംഗത്തും ക്ഷീര വ്യവസായ രംഗത്തും നടത്തിയ വിജയകരമായ മുന്നേറ്റത്തിന്റെ വിശേഷങ്ങളും സമൃദ്ധി പങ്കുവയ്ക്കുന്നു. തൃശൂർ കുട്ടനെല്ലൂർ ചിലങ്ക പാടത്ത് കൃഷിമന്ത്രി വി എസ് സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് കെ രാജൻ ടി എൻപ്രതാപൻ എം പി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്ന 'കൊയ്ത്തുത്സവ'ത്തിന്റെ വിശേഷങ്ങളും സമൃദ്ധിയെ സമ്പന്നമാക്കുന്നു. സമൃദ്ധിയുടെ ക്യാമറ സിബിൻ സണ്ണിയും എഡിറ്റിങ് വികാസ് അൽഫോൻസും നിർവഹിച്ചിരിക്കുന്നു. റിനിൽ ഗൗതമിന്റെ സംഗീതത്തിൽ ശ്രീകാന്ത് രാജപ്പൻ, ചിത്തിര സനോജ് എന്നിവർ ചേർന്നാണ് സമൃദ്ധിയുടെ ശീർഷക ഗാനം ആലപിച്ചിരിക്കുന്നത്.