ലോക്ക്ഡൗണ്‍ കാലത്ത് കല്യാണം; അവതരണമികവിൽ ശ്രദ്ധനേടി 'ദീർഘ സുമംഗലി ഭവ'
പാർത്ഥൻ മോഹനും കവിത കെ മേനോനും ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് ജ്യോതിഷാണ്
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള വിവാഹ ചടങ്ങുകളാണ് നമ്മൾ കണ്ടത്. വീഡിയോ കോൾ വഴിയും ആളുകളൊന്നും പങ്കെടുക്കാതെയും വധു ഒറ്റക്ക് ദീർഘദൂരം വണ്ടി ഓടിച്ച് വന്ന് താലി ചാർത്തിയതും ഒക്കെ ഈ ലോക്ക് ഡൗൺ കാലത്തെ വിവാഹ വിശേഷങ്ങളായിരുന്നു. ഉത്തർപ്രദേശിലുള്ള അഞ്ജനയുടെയും ചങ്ങനാശേരി സ്വദേശി ശ്രീജിത്തിന്റെയും വിവാഹം വീഡിയോ കോളിലൂടെ നടന്നത് നമ്മുടെ നാട്ടിലും വാർത്തയായിരുന്നു. ഇത്തരത്തിൽ ലോക്ക് ഡൗൺ കാലത്ത് കാനഡയിലും കേരളത്തിലും വീഡിയോ കോളിലൂടെ വിവാഹം നടത്തുന്ന രണ്ട് പേരുടെ കഥയാണ് ദീർഘ സുമംഗലി ഭവ എന്ന ഹ്രസ്വചിത്രം പറയുന്നത്.
വീഡിയോ കോളിലൂടെ വിവാഹം നടത്തുമ്പോഴുണ്ടാവുന്ന മാനസിക പ്രശ്നങ്ങളും സങ്കടവും സന്തോഷവും എല്ലാം കാണിക്കുന്ന ഹ്രസ്വചിത്രം വീഡിയോ കോൾ വിവാഹത്തിന് ശേഷം ജീവിതത്തിൽ തനിച്ചായി പോകുന്ന അവസ്ഥയും ചൂണ്ടിക്കാട്ടുന്നു. കവിത കെ മേനോനും അരുൺ കാർത്തികേയനുമാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. പാർത്ഥൻ മോഹനും കവിത കെ മേനോനും ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് ജ്യോതിഷാണ്. ഹ്രസ്വചിത്രങ്ങൾക്കിടയിൽ വ്യത്യസ്തമായ അനുഭവമാകുന്ന ഈ ഹ്രസ്വചിത്രം വേറിട്ട അവതരണരീതിയും പ്രമേയത്താലും കൂടുതൽ പ്രിയങ്കരമാവുകയാണ്.