ചിന്നാറിലെ മനം മയക്കും ദൃശ്യങ്ങളുമായി 'കളേഴ്സ് ഇന്‍ റെയിന്‍ ഷാഡോ'

" ആനകള്‍ക്ക് പെട്ടെന്ന് കാണാന്‍ പറ്റാത്തരീതിയില്‍ മറഞ്ഞിരിക്കുകയായിരുന്നു. പെട്ടെന്നാണ് കൂട്ടത്തില്‍ രണ്ട് ആനകള്‍ തിരിഞ്ഞത്. ഡ്രോണിലും വിഷ്വലിലും ശ്രദ്ധിച്ചിരുന്ന ഞങ്ങള്‍, ആനകള്‍ തൊട്ടടുത്തെത്തിയപ്പോഴാണ് കാര്യമറിഞ്ഞത്. ഒന്നും ചെയ്യാനുള്ള നേരമുണ്ടായിരുന്നില്ല. എന്ത് സംഭവിക്കുമെന്ന് ഒരു രൂപവുമില്ല. പത്ത് പേരുണ്ട്. കാടിന്‍റെ ഏതാണ്ട് ഒത്ത നടുക്കാണ്." 

Colours in rain shadow story about chinnar wildlife sanctuary by forest department


ഇടുക്കി: ചിന്നറിന്‍റെ സൗന്ദര്യം ഇനി നിങ്ങളുടെ വിരല്‍ തുമ്പിലേക്കെത്തുകയാണ്. കാടറിഞ്ഞ്, കാടിന്‍റെ മനമറിഞ്ഞാണ് ചിന്നാറിന്‍റെ മായിക കാഴ്ചകളൊപ്പി വനംവകുപ്പിന്‍റെ ഡോക്യുമെന്‍റെറി ഒരുങ്ങുന്നത്. ഡോക്യുമെന്‍ററിയുടെ പ്രമോയില്‍ തന്നെ ചിന്നാറിന്‍റെ മായികത കാണാം. " കളേഴ്‌സ് ഇന്‍ റെയ്ന്‍ ഷാഡോ - റിവീലിങ്ങ് ദി സാഗാ ഓഫ് ചിന്നാര്‍  " എന്ന ഡോക്യുമെന്‍ററി വനം വകുപ്പിന് വേണ്ടി സംവിധാനം ചെയ്തത് പി എം പ്രഭുവാണ്. 

പ്രഭു കാടിന്‍റെ ചിത്രമെടുക്കുന്ന ഒരു ഫോട്ടോഗ്രാഫര്‍ മാത്രമല്ല. ചിന്നാര്‍ വന്യജീവി സങ്കേതം അസി വാര്‍ഡന്‍ കൂടിയാണ്. കാടിന്‍റെ സംരക്ഷണം, ശാസ്ത്രീയമായി പഠിച്ചത്, തന്‍റെ ചിത്രങ്ങളെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. കോയമ്പത്തൂരില്‍ 1914 ല്‍ സ്ഥാപിച്ച സതേൺ ഫോറസ്റ് റെയിഞ്ചേഴ്സ് കോളേജിന്‍റെ ചരിത്രം പറയുന്ന  " Mens Sana" എന്ന ചിത്രവും പ്രഭു സംവിധാനം ചെയ്തിട്ടുണ്ട്.  

ഏതാണ്ട് ഒരു വര്‍ഷത്തോളം പല ഷെഡ്യൂളിലാണ് കളേഴ്‌സ് ഇന്‍ റെയ്ന്‍ ഷാഡോയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് ചിത്രത്തിന്‍റെ പ്രമോയാണ്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍റി മൂന്നു മാസത്തിനുള്ളില്‍ പുറത്തിറക്കാനാണ് ഉദ്ദേശം. അതിന്‍റെ പണിപ്പുരയിലാണ്. ചിന്നാറിന്‍റെ ജീവവായു പ്രമോയ്ക്കായി മൂന്നുമിനിറ്റില്‍ ഒതുക്കുകയെന്നത് ഏറെ ശ്രമകരമായിരുന്നെന്നും ഷോല നാഷണൽ പാർക്കിനെക്കുറിച്ചുള്ള ഫിലിമിന്‍റെ ചിത്രീകരണവും പുരോഗമിക്കുകയാണെന്നും പ്രഭു പറഞ്ഞു.

 " ഡ്രോണ്‍ ഉപയോഗിച്ച് ചിന്നാറിന്‍റെ ഉള്‍ക്കാട്ടില്‍ ഷൂട്ടിങ്ങ് നടക്കുകയായിരുന്നു. ഞങ്ങളൊരു പത്ത് പേര് വരും. പതിനഞ്ചോളം ആനക്കൂട്ടം പുഴയുടെ തീരത്തേക്ക് വെള്ളം കുടിക്കാനായി വരുന്നതാണ് ഷൂട്ട് ചെയ്യുന്നത്. ആനകള്‍ക്ക് പെട്ടെന്ന് കാണാന്‍ പറ്റാത്തരീതിയില്‍ മറഞ്ഞിരിക്കുകയായിരുന്നു. പെട്ടെന്നാണ് കൂട്ടത്തില്‍ രണ്ട് ആനകള്‍ തിരിഞ്ഞത്. ഡ്രോണിലും വിഷ്വലിലും ശ്രദ്ധിച്ചിരുന്ന ഞങ്ങള്‍, ആനകള്‍ തൊട്ടടുത്തെത്തിയപ്പോഴാണ് കാര്യമറിഞ്ഞത്. ഒന്നും ചെയ്യാനുള്ള നേരമുണ്ടായിരുന്നില്ല. എന്ത് സംഭവിക്കുമെന്ന് ഒരു രൂപവുമില്ല. പത്ത് പേരുണ്ട്. കാടിന്‍റെ ഏതാണ്ട് ഒത്ത നടുക്കാണ്. പക്ഷേ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ആനകള്‍ വളരെ ശാന്തരായി ഞങ്ങള്‍ക്ക് തൊട്ടടുത്ത് വന്ന് വെള്ളം കുടിച്ച് മടങ്ങിപ്പോയി. ഞങ്ങള്‍ ആവശ്യത്തിന് വിഷ്വല്‍സും കിട്ടി. "  ചിത്രീകരണത്തിനിടെയുണ്ടായ ഒരനുഭവം പ്രഭു ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ചു. 

ചിന്നാറിന്‍റെ രഹസ്യങ്ങള്‍, വംശനാശം നേരിടുന്ന ചാമ്പല്‍ മലയണ്ണാന്‍, ചിന്നാറില്‍ മാത്രം കണ്ടുവരുന്ന ചിത്രശലഭങ്ങള്‍, ഓന്തുകള്‍, പാമ്പുകള്‍, ചിലന്തികള്‍, നക്ഷത്ര ആമകള്‍, നീലക്കുറുഞ്ഞി പൂത്തുനില്‍ക്കുന്ന മലയടിവാരം എന്നിവയെല്ലാം മൂന്നു മിനിറ്റിന്‍റെ പ്രമോയില്‍ മിന്നിമായുന്നു. ഒപ്പം ഹില്‍പുലയ, മുതുവാന്‍ പോലുള്ള കാടിന്‍റെ അവകാശികളും. 

എ.എഫ്.ഡി മൂന്നാറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പി.എം പ്രഭുവിനോടൊപ്പം സുധീപ് ഇളമണ്‍ ഛായാഗ്രഹണവും, സിയാന്‍ ശ്രീകാന്ത് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിട്ടുണ്ട്. റോബിന്‍ തോംസാണ് പശ്ചത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. 7.1 ഓഡിയോ മിക്‌സ് ആനന്ദ് ബാബുവും. ചിന്നാറിന്‍റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഡോക്യുമെന്‍ററിയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ പ്രഭു. മൂന്ന് മാസത്തിനകം ഡോക്യുമെന്‍ററി ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും പി.എം പ്രഭു പറ‍ഞ്ഞു. 

 

Latest Videos
Follow Us:
Download App:
  • android
  • ios