ഇത് 'ഉറുമ്പിന്‍റെ പ്രതികാരം'; ശ്രദ്ധ നേടി മിനി സിരീസ്
രചന, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്‍ണുദാസ് കെ എസ് ആണ്.
ലോക്ക് ഡൗണ്‍ കാലത്തെ പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ചു ചിത്രീകരിച്ച നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒരു മിനി വെബ് സിരീസ് പുറത്തിറക്കിയിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍. അഭിനേതാക്കള്‍ മനുഷ്യരല്ല എന്നതാണ് ഇതിലെ കൗതുകം, മറിച്ച് ഉറുമ്പുകളാണ്!
'ചെറിയ ഉറുമ്പിന്‍റെ വലിയ പ്രതികാര'മെന്ന് പേരിട്ടിരിക്കുന്ന മിനി സിരീസിന്‍റെ ആദ്യ എപ്പിസോഡ് ഇന്നലെ പുറത്തെത്തി. ഉറുമ്പുകളുടെ സമീപദൃശ്യങ്ങളില്‍ വോയ്‍സ് ഓവര്‍ ചേര്‍ത്താണ് കഥ പറച്ചില്‍. എന്നാല്‍ പറയുന്ന കഥ മനുഷ്യരുടെ സാമൂഹിക അവസ്ഥയിലേതുമാണ്. അതിക്രമത്തിന് ഇരയാവുന്ന ഒരു പെണ്ണുറുമ്പും പ്രതികാരം ചെയ്യാന്‍ പുറപ്പെടുന്ന കൂട്ടുകാരനുമാണ് പ്രധാന 'കഥാപാത്രങ്ങള്‍'.
രചന, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്‍ണുദാസ് കെ എസ് ആണ്. സംവിധായകനൊപ്പം സില്‍ജി മാത്യുവും ചേര്‍ന്നാണ് ശബ്ദം നല്‍കിയിരിക്കുന്നത്. വണ്‍ റ്റു ഇസെഡ് എന്ന യുട്യൂബ് ചാനലിലാണ് സിരീസ് റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്.