നല്ല ആശയങ്ങളുണ്ടോ? ഷോര്‍ട്ട് ഫിലിമുകള്‍ക്ക് ധനസഹായവുമായി ഒരു നിര്‍മ്മാണക്കമ്പനി
ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ ഫെസ്റ്റിവലിന്റെ മൂന്നാം സീസണില്‍ ആയിരത്തിലധികം പേരാണ് കഥകളുമായി എത്തിയത്. ഇതില്‍നിന്ന് തെരഞ്ഞെടുത്ത മൂന്ന് കഥകളുടെ അണിയറക്കാര്‍ക്ക് നിര്‍മ്മാണച്ചെലവായ ഒരു ലക്ഷം രൂപ വീതം നല്‍കി.
ആവശ്യമായ ബജറ്റ് കണ്ടെത്താനാവാത്തതിനാല്‍ മാത്രം ഷോര്‍ട്ട് ഫിലിം എന്ന ആഗ്രഹം സാധ്യമാക്കാന്‍ കഴിയാത്തവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബഡ്ജറ്റ് ലാബ് പ്രൊഡക്ഷന്‍സ് ആണ് ഷോര്‍ട്ട് ഫിലിമുകള്‍ക്കുള്ള മികച്ച ആശയങ്ങള്‍ക്ക് നിര്‍മ്മാണ സഹായം നല്‍കുന്നത്. ഇവര്‍ സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ ഫെസ്റ്റിവലിന്റെ മൂന്നാം സീസണില്‍ ആയിരത്തിലധികം പേരാണ് കഥകളുമായി എത്തിയത്. ഇതില്‍നിന്ന് തെരഞ്ഞെടുത്ത മൂന്ന് കഥകളുടെ അണിയറക്കാര്‍ക്ക് നിര്‍മ്മാണച്ചെലവായ ഒരു ലക്ഷം രൂപ വീതം നല്‍കി.
ദര്‍ശന്‍, വിനോദ് ലീല, ടോണി ജെയിംസ് എന്നിവരുടെ കഥകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തിയവര്‍ക്ക് നേരത്തേ അനൗണ്‍സ് ചെയ്തിരുന്നത് പ്രകാരം ഫ്രൈഡേ ഫിലിംസ് സ്ഥാപകന്‍ വിജയ് ബാബുവുമായി കഥ പറയാനുള്ള അവസരവും ഒരുക്കി.
കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഷോര്‍ട്ട് ഫിലിം പ്രൊഡക്ഷന്‍ ഫെസ്റ്റിവല്‍ സീസണ്‍ നാലിന്റെ ലോഗോ പ്രകാശനം വിജയ് ബാബു നിര്‍വ്വഹിച്ചു. രണ്ട് പതിറ്റാണ്ടിനിടെ മലയാള സിനിമാ ലോകത്തുണ്ടായ മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. വിജയ് ബാബു, തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്, സംവിധായകരായ പ്രശോഭ് വിജയന്‍, അഹമ്മദ് കബീര്‍, സുനില്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.