Asianet News MalayalamAsianet News Malayalam

അമ്പോ! സൂചി കോര്‍ക്കും പോലെ സൂക്ഷ്‌മം; സ്റ്റാർഷിപ്പ് ബൂസ്റ്ററിനെ വിജയകരമായി തിരിച്ചിറക്കി സ്പേസ് എക്സ്

ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണം വിജയം, സ്റ്റാര്‍ഷിപ്പിന്‍റെ ബൂസ്റ്റര്‍ ഭാഗം നേരത്തെ നിശ്ചയിച്ചിരുന്ന യന്ത്രക്കൈയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യിച്ചു

world biggest and most powerful rocket SpaceX Starship fifth flight test success
Author
First Published Oct 13, 2024, 6:19 PM IST | Last Updated Oct 13, 2024, 7:58 PM IST

ടെക്‌സസ്: വീണ്ടും വീണ്ടും ചരിത്രമെഴുതി ഇലോണ്‍ മസ്‌ക്! ലോകത്തിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റായ സ്റ്റാര്‍ഷിപ്പിന്‍റെ അഞ്ചാം പരീക്ഷണം സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്‌സ് വിജയകരമായി പൂര്‍ത്തിയാക്കി. വിക്ഷേപണത്തിന് ശേഷം സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ഭീമാകാരന്‍ ബൂസ്റ്റര്‍ ഭാഗം ലോഞ്ച് പാഡില്‍ തയ്യാറാക്കിയിരുന്ന തുമ്പിക്കൈയിലേക്ക് വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിച്ചാണ് സ്പേസ് എക്‌സും ഉടമ മസ്‌കും ഇത്തവണ ചരിത്രമെഴുതിയത്. ഇത്രയും വലിയ റോക്കറ്റ് ഭാഗം വിജയകരമായി തിരിച്ചിറക്കുന്നതുതന്നെ ലോക ചരിത്രത്തിലാദ്യം.

വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുന്ന തരത്തില്‍ ഡിസൈന്‍ ചെയ്‌തിട്ടുള്ള സൂപ്പര്‍ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളാണ് സ്റ്റാര്‍ഷിപ്പ്. ടെക്‌സസിലെ ബ്രൗണ്‍സ്‌വില്ലിലെ ലോഞ്ച് പാഡില്‍ നിന്നാണ് അ‌‌ഞ്ചാം പരീക്ഷണ സ്റ്റാര്‍ഷിപ്പ് കുതിച്ചുയര്‍ന്നത്. വിജയകരമായി വേര്‍പെട്ട ശേഷം രണ്ടാംഘട്ടത്തെ അനായാസം ബഹിരാകാശത്തേക്ക് അയച്ച് റോക്കറ്റിന്‍റെ ഒന്നാം ഭാഗം അഥവാ ബൂസ്റ്റര്‍ തിരികെ ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. രണ്ടാം ഭാഗം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിയന്ത്രിത ലാന്‍ഡിംഗ് നടത്തി. 

എന്താണ് സ്റ്റാര്‍ഷിപ്പ്?

മനുഷ്യഭാവനകളുടെ വലിപ്പം വ്യക്തമാക്കുന്ന അതികായന്‍ റോക്കറ്റ്, അതാണ് സ്പേസ് എക്‌സ് വികസിപ്പിച്ച സ്റ്റാര്‍ഷിപ്പ്. മനുഷ്യ ചരിത്രത്തില്‍ ഇതുവരെ നിര്‍മിക്കപ്പെട്ട ഏറ്റവും വലതും കരുത്തേറിയതുമായ റോക്കറ്റായി സ്റ്റാർഷിപ്പിനെ വിശേഷിപ്പിക്കാം. 400 അടി അഥവാ 122 മീറ്ററാണ് ഇതിന് ഉയരം. 9 മീറ്റര്‍ അഥവാ 30 അടിയാണ് ചുറ്റളവ്. സ്റ്റാര്‍ഷിപ്പിന് അനായാസം 100-150 ടണ്‍ ഭാരം ബഹിരാകാശത്തേക്ക് അയക്കാന്‍ കരുത്തുണ്ട്. 

സ്റ്റാർഷിപ്പിന് രണ്ട് ഭാ​ഗങ്ങളാണുള്ളത്. സൂപ്പർ ഹെവി ബൂസ്റ്റ‍ർ ഉൾപ്പെടുന്ന റോക്കറ്റ് ഭാ​ഗവും, സ്റ്റാർഷിപ്പ് സ്പേസ്ക്രാഫ്റ്റും. ഈ രണ്ട് ഭാ​ഗങ്ങളിലും കരുത്തുറ്റ എഞ്ചിനുകളുണ്ടാകും. പ്രത്യേകമായ സ്റ്റൈൻലെസ് സ്റ്റീൽ ഉപയോ​ഗിച്ചാണ് പ്രധാന ഭാ​ഗങ്ങളുടെ നിർമാണം. സൂപ്പര്‍ ഹെവി എന്ന് വിശേഷിപ്പിക്കുന്ന റോക്കറ്റിന്‍റെ ആദ്യ ഭാഗത്തിന് മാത്രം 71 മീറ്റര്‍ നീളമുണ്ട്. 33 റാപ്റ്റര്‍ എഞ്ചിനുകളുടെ കരുത്ത് സ്റ്റാര്‍ഷിപ്പിന്‍റെ ഈ ഭാഗത്തിനുണ്ട്. അതേസമയം സ്പേസ്‌ക്രാഫ്റ്റ് ഭാഗത്തിന്‍റെ ഉയരം 50.3 മീറ്ററാണ്. 6 റാപ്റ്റര്‍ എഞ്ചിനുകള്‍ ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്റ്റാര്‍ഷിപ്പ് ലിഫ്റ്റോഫിന്‍റെ സമയം 16.7 മില്യൺ പൗണ്ട് ത്രസ്റ്റ് ഉൽപാദിപ്പിക്കും. നാസയുടെ ആർട്ടെമിസ് മൂൺ മിഷനുള്ള സ്പേസ് ലോഞ്ച് സിസ്റ്റത്തിന്‍റെ (എസ്എൽഎസ്) ഇരട്ടി വരും ഈ ത്രസ്റ്റ് കണക്ക്. 

എസ്എൽഎസ് ഒരിക്കൽ വിക്ഷേപിച്ചാൽ അത് അവശിഷ്ടമായി മാറുമെങ്കിൽ പുനരുപയോ​ഗിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റാ‍ർഷിപ്പ് റോക്കറ്റിന്‍റെ നിർമാണം. ഓരോ വിക്ഷേപണത്തിനും ശേഷം റോക്കറ്റ് ഭൂമിയിൽ തിരികെ ലാൻഡ് ചെയ്യുന്ന രീതിയിലാണ് സ്റ്റാര്‍ഷിപ്പിനെ വിഭാ​വനം ചെയ്തിരിക്കുന്നത്. ഇതിന് ശേഷമുള്ള പരിശോധനകൾ പൂ‍ർത്തിയാക്കി വീണ്ടും ഇതേ റോക്കറ്റിനെ വിക്ഷേപിക്കും. സ്പേസ് എക്സിന്റെ തന്നെ ഫാൾക്കൺ 9, ഫാൾക്കൺ ഹെവി റോക്കറ്റുകളുടെ പിൻ​ഗാമിയാണ് സ്റ്റാർഷിപ്പ്. മനുഷ്യരെ വഹിക്കാതെയുള്ള പേടകത്തിന്‍റെ പരീക്ഷണ വിജയമാണ് സ്പേസ് എക്‌സ് ഇപ്പോള്‍ സാധ്യമാക്കിയിരിക്കുന്നത്. 

Read more: പുതിയ ഉപഭോക്താക്കളെ രാജകീയമായി വരവേല്‍ക്കാന്‍ ബിഎസ്എന്‍എല്‍; തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാന്‍

Latest Videos
Follow Us:
Download App:
  • android
  • ios