അവസാന നിമിഷ ട്വിസ്റ്റ്; യന്ത്രകൈക്ക് പകരം സ്റ്റാര്‍ഷിപ്പ് ബൂസ്റ്റര്‍ ഇറക്കിയത് കടലില്‍; മസ്‌കിന് പിഴച്ചതെവിടെ?

സ്പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്‍റെ ആറാം പരീക്ഷണത്തില്‍ ബൂസ്റ്ററിനെ കടലില്‍ ഇറക്കിയത് എന്തുകൊണ്ട്?

Why Starship rocket booster not landed to mechanical arms in sixth flight test

ടെക്‌സസ്: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്‌സ് നടത്തിയ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ആറാം പരീക്ഷണവും വിജയമായി. എന്നാല്‍ ഇതുവരെ നിര്‍മിക്കപ്പെട്ട ഏറ്റവും വലുതും ഭാരമേറിയതും കരുത്തുറ്റതുമായ വിക്ഷേപണ വാഹനത്തിന്‍റെ പടുകൂറ്റന്‍ ബൂസ്റ്റര്‍ ഭാഗത്തെ ഭൂമിയിലെ യന്ത്രകൈ കൊണ്ട് വായുവില്‍ വച്ച് പിടികൂടാന്‍ സ്പേസ് എക്‌സ് ഇത്തവണ ശ്രമിച്ചില്ല. 

ടെക്‌സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തിൽ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെ സാക്ഷിയാക്കിയായിരുന്നു സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആറാം പരീക്ഷണം. കഴിഞ്ഞ മാസം നടന്ന അഞ്ചാം പരീക്ഷണത്തില്‍ സ്പേസ് എക്‌സ് വിജയിപ്പിച്ച, കൂറ്റന്‍ യന്ത്രകൈയിലേക്ക് ('മെക്കാസില്ല') ബൂസ്റ്റര്‍ ഘട്ടത്തെ തിരിച്ചിറക്കുന്ന വിസ്‌മയം ഇത്തവണയുമുണ്ടാകും എന്നായിരുന്നു ലോഞ്ചിന് മുന്നോടിയായി സ്പേസ് എക്‌സിന്‍റെ അറിയിപ്പ്. ഇതോടെ ലോകമെങ്ങുമുള്ള ശാസ്ത്രകുതകികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ ആ അസുലഭ കാഴ്‌ച ഇത്തവണ ഉണ്ടായില്ല. പകരം ബൂസ്റ്ററിനെ ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലേക്ക് നിയന്ത്രിത ലാന്‍ഡിംഗ് നടത്തുകയാണ് സ്പേസ് എക്‌സ് ചെയ്‌ത്. 

എന്തായിരുന്നു അവസാന നിമിഷം പ്ലാനില്‍ സ്പേസ് എക്‌സും സ്റ്റാര്‍ഷിപ്പ് എഞ്ചിനീയര്‍മാരും മാറ്റം വരുത്താനുണ്ടായ കാരണം. ലോഞ്ചിന് നാല് മിനുറ്റുകള്‍ക്ക് ശേഷമാണ് 'റോക്കറ്റ് ക്യാച്ച്' സ്പേസ് എക്‌സ് ഒഴിവാക്കിയത്. മെക്കാസില്ലയിലേക്ക് ബൂസ്റ്റര്‍ ലാന്‍ഡ് ചെയ്യാനുള്ള സാഹചര്യം അനുകൂലമായിരുന്നില്ല എന്നാണ് അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്താണ് സംഭവിച്ച സാങ്കേതിക പിഴവെന്ന് വ്യക്തമല്ല. അതേസമയം വിക്ഷേപണത്തിന് ശേഷം സ്റ്റാര്‍ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യൻ സമുദ്രത്തിൽ സോഫ്റ്റ് ലാന്‍ഡ് നടത്തി. ബഹിരാകാശത്ത് വച്ച് സ്റ്റാർഷിപ്പ് എഞ്ചിനുകൾ റീ സ്റ്റാർട്ട് ചെയ്യുന്ന പരീക്ഷണവും വിജയകരമാക്കാന്‍ സ്പേസ് എക്‌സിനായത് നാഴികക്കല്ലാണ്. 

ഏകദേശം 400 അടി (121 മീറ്റര്‍) വലിപ്പമുള്ള എക്കാലത്തെയും വലുതും ഭാരമേറിയതും കരുത്തേറിയതുമായ ബഹിരാകാശ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. ഇതിലെ 232 അടി അഥവാ 71 മീറ്റര്‍ ഉയരം വരുന്ന ഹെവി ബൂസ്റ്റര്‍ ഭാഗത്തെയാണ് മടക്കയാത്രയില്‍ ലോഞ്ച് പാഡില്‍ സജ്ജീകരിച്ചിരുന്ന പടുകൂറ്റന്‍ യന്ത്രകൈകള്‍ ഒരിക്കല്‍ക്കൂടി സുരക്ഷിതമായി പിടികൂടേണ്ടിയിരുന്നത്. 

Read more: വീണ്ടും ചരിത്രം കുറിച്ച് സ്പേസ് എക്സ്; സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം, സാക്ഷിയായി ഡോണള്‍ഡ് ട്രംപ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios