ജയമോ പരാജയമോ?; എസ്എസ്എൽവിക്ക് ശരിക്കും എന്താണ് പറ്റിയത്

എസ്എസ്എൽവിയുടെ ആദ്യ ദൗത്യം പാളി.  ഉപഗ്രഹങ്ങൾ ഉപയോഗശൂന്യമെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. അപ്പോഴും റോക്കറ്റിന്‍റെ സുപ്രധാന ഘട്ടങ്ങളെല്ലാം കൃത്യമായി പ്രവർത്തിച്ചുവെന്നാണ് ഐഎസ്ആർഒ ചെയർമാൻ പറയുന്നത്. ശരിക്കും എന്തായിരുന്നു എസ്എസ്എൽവി വിക്ഷേപണത്തിൽ സംഭവിച്ചത്. എവിടെയാണ് പിഴച്ചത്. എന്ത് കൊണ്ടാണ് ലൈവ് റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകർ ആദ്യം ദൗത്യം വിജയമെന്ന് റിപ്പോർട്ട് ചെയ്തത്.

what really happened in SSLV First launch  fails to put satellites in right orbit in debut launch

ശ്രീഹരിക്കോട്ട: തുടക്കം കൃത്യമായിരുന്നു. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കൃത്യം 9.18ന് തന്നെ എസ്എസ്എൽവി റോക്കറ്റ് കുതിച്ചുയർന്നു. വിക്ഷേപണം കഴിഞ്ഞ് ഒമ്പതാം മിനുട്ട് അടുക്കുമ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. റോക്കറ്റിൽ നിന്നുള്ള തത്സമയ വിവരങ്ങൾ കാണിക്കുന്ന ഗ്രാഫിൽ നേരിയ വ്യതിയാനം കാണുന്നു. വെലോസിറ്റി ട്രിമിംഗ് മൊഡ്യൂൾ എന്ന വിക്ഷേപണ വാഹനത്തിൻ്റെ 'അനൗദ്യോഗിക' നാലാംഘട്ടം പ്രവർത്തിക്കേണ്ട സമയമാണ്. 

അതിനെക്കുറിച്ച് പ്രത്യേകിച്ച് അറിയിപ്പൊന്നും ഐഎസ്ആർഒയുടെ ലൈവ് കമന്ററിയിൽ കിട്ടുന്നില്ല. എന്താണ് പറ്റിയതെന്ന് ആകാംഷയോടെ ഉറ്റ് നോക്കുമ്പോഴാണ് റോക്കറ്റിന്റെ മൂന്നാം ഘട്ടം വേർപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഉപഗ്രങ്ങൾ ദൂരേക്ക് അകന്ന് പോകുന്നതും സക്രീനിൽ തെളിയുന്നത്. ഇഒഎസ് 02 എന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിൽ എന്ന അറിയിപ്പ് ലൈവ് കമന്ററിയിൽ വരുന്നു, കൺട്രോൾ റൂമിൽ നിന്ന് കൈയ്യടി ശബ്ദത്തിന്റെ അകമ്പടിയും.  സ്വാഭാവികമായും പിന്നെ സംശയിക്കേണ്ടതില്ല. 

എല്ലാം കൃത്യമാണെന്ന് ലൈവ് റിപ്പോ‍ർട്ട് ചെയ്യുന്ന മാധ്യമങ്ങളും ഏറ്റ് പിടിക്കുന്നു. തൊട്ടുപിന്നാലെ ആസാദി സാറ്റും വേ‍ർപെടേണ്ടതാണ്. അതിന് വേണ്ടിയായി കാത്തിരിപ്പ്. വിചാരിച്ചതിലും അൽപ്പം വൈകി അതും വേ‍ർപ്പെട്ടുവെന്ന് കമന്ററി കേൾക്കുന്നു. കൺട്രോൾ സെന്ററിന്റെ ഒരു ഭാഗത്ത് നിന്ന് കൈയ്യടി കേൾക്കാം.  ദൗത്യം വിജയമെന്ന ബ്രേക്കിംഗ് ന്യൂസ് ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നു. എന്നാൽ തൊട്ടുപിന്നാലെ വീണ്ടും ആശങ്ക, ആശയക്കുഴപ്പം. ശാസ്ത്രജ്ഞ‌‍ർ അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നത് കാണാം, മുഖത്ത് പിരിമുറുക്കം. തൊട്ടുപിന്നാലെ ഇസ്രൊ ചെയ‍ർമാൻ എസ് സോമനാഥിന്റെ അറിയിപ്പ്. ഡാറ്റ കിട്ടുന്നില്ല, ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിയെന്ന് സ്ഥിരീകരിക്കാൻ ഇപ്പോഴാവില്ല, ക്ഷമയോടെ കാത്തിരിക്കൂ വ്യക്തമായി അറിയിക്കാം എന്ന് പറഞ്ഞ് സോമനാഥ് വേദി വിടുന്നു.

ഉപഗ്രഹത്തെ കൃത്യമായി ഭ്രമണപഥത്തിലെത്തിക്കേണ്ട ചുമതല വെലോസിറ്റി ട്രിമിംഗ് മൊഡ്യൂൾ എന്ന അവസാന ഭാഗത്തിനാണ്. ഇത് പ്രവർത്തിച്ചോ ഇല്ലയോ എന്നതിൽ വ്യക്തതയില്ല. ലൈവ് ദൃശ്യങ്ങൾ വീണ്ടുമെടുത്ത് പരിശോധിക്കുമ്പോഴാണ് ഈ ഘട്ടം കേവലം 0.1 സെക്കൻഡ് മാത്രമേ പ്രവർത്തിച്ചുള്ളൂവെന്ന് സ്ക്രീനിൽ ഇടയ്ക്ക് തെളിഞ്ഞത് ശ്രദ്ധയിൽപ്പെടുന്നത്.  അപ്പോൾ കണ്ട ദൃശ്യങ്ങൾ? വന്ന അനൗൺസ്മെന്റ്? ആശയക്കുഴപ്പത്തിനിടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ളപ്പെടെയുള്ള  വിദഗ്ധ‌ർ ദൗത്യം പരാജയപ്പെട്ടിരിക്കാൻ തന്നെയാണ് സാധ്യതയെന്ന് അഭിപ്രായപ്പെടുന്നു. കൃത്യമായി പറയേണ്ടത് ഇസ്രോ ആയതിനാൽ തന്നെ എല്ലാവരും ഇസ്രൊയുടെ വിശദീകരണത്തിനായി കാത്തിരിക്കുന്നു.

what really happened in SSLV First launch  fails to put satellites in right orbit in debut launch

 അവസാനം മൂന്ന് മണിക്കൂർ കഴിഞ്ഞ് ഇസ്രൊയുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് വന്നു. ഉദ്ദേശിച്ചതിലും താഴ്ന്ന ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ സ്ഥാപിച്ചത്. നിലവിൽ അവ അവിടെ സുരക്ഷിതമല്ല എന്നായിരുന്നു അറിയിപ്പ്. ഉപഗ്രഹങ്ങൾ രണ്ടും നഷ്ടമായെന്ന് ഇതോടെ ഉറപ്പായി. അൽപ്പനേരം കഴിഞ്ഞപ്പോൾ കൂടുതൽ വ്യക്തമായ വിശദീകരണമെത്തി. അതിങ്ങനെയായിരുന്നു.

356 കിലോമീറ്റ‍ർ ഉയരത്തിൽ വൃത്താകൃതിയുള്ള ഭ്രമണപഥത്തിലായിരുന്നു ഉപഗ്രഹം സ്ഥാപിക്കേണ്ടിയിരുന്നത്. പക്ഷേ ഭൂമിയിൽ നിന്നുള്ള എറ്റവും കുറഞ്ഞ അകലം 76 കിലോമീറ്റ‍ർ ആയ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങൾ പെട്ടത്. രണ്ട് ഉപഗ്രഹങ്ങളും ഉപയോഗ ശൂന്യം.  

ഇസ്രൊ ചെയ‍‌ർമാന്റെ വിശദമായ വിശദീകരണം അൽപ്പസമയത്തിനകം ഉണ്ടാകുമെന്ന അറിയിപ്പ് പിന്നാലെയെത്തി. ഉദ്ദേശിച്ച ഭ്രമണപഥത്തിൽ ഉപഗ്രഹം സ്ഥാപിക്കാനായില്ലെങ്കിലും എസ്എസ്എൽവിയുടെ നിർണായക ഭാഗങ്ങളെല്ലാം നന്നായി പ്രവർത്തിച്ചുവെന്നും സംഭവിച്ചത് സെൻസ‍ർ തകരാർ തിരിച്ചറിയാൻ പറ്റാത്തതാണെന്നും എസ് സോമനാഥ് വിശദീകരിച്ചു. വിദഗ്ധ സമിതി പ്രശ്നം പഠിക്കുമെന്നും അതിന് ശേഷം വൈകാതെ തന്നെ എസ്എസ്എൽവി രണ്ടാം ദൗത്യവുമായി തിരിച്ചെത്തുമെന്നും ചെയ‍ർമാൻ ഉറപ്പ് നൽകി.

എസ്എസ്എൽവി എന്ന റോക്കറ്റിനെ സംബന്ധിച്ചടുത്തോളം മൂന്ന് ഖര ഇന്ധന ഘട്ടങ്ങൾ കൃത്യമായി പ്രവർത്തിച്ചുവെന്നത് നേട്ടം തന്നെയാണ്. വളരെ ചെറിയ ഒരു സംഘത്തിന്‍റെ കഠിന പ്രയത്നത്തിന്‍റെ ഫലമായിരുന്നു ഇന്നത്തെ വിക്ഷേപണം. ഇത്തരം സംഭവവികാസങ്ങൾ ഈ മേഖലയിൽ സ്വാഭാവികമാണ്. അടുത്ത വരവിൽ എസ്എസ്എൽവി പൂ‍ർണ വിജയം നേടുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ അപ്പോഴും ഒരു വിക്ഷേപണ വാഹനത്തിന്റെ പ്രാഥമിക ദൗത്യം ഉപഗ്രഹങ്ങളെ കൃത്യ ഭ്രമണപഥത്തിൽ എത്തിക്കുകയെന്നതാണ്. അതിൽ ഇത്തവണ പരാജയപ്പെട്ടുവെന്നതാണ് യാഥാ‍ർത്ഥ്യം.

പരാജയങ്ങൾ വിജയത്തിനുള്ള ചവിട്ടുപടിയാണ്, ആദ്യ ദൗത്യത്തിൽ കാലിടറിയ പിഎസ്എൽവിയാണ് ഇന്നത്തെ എറ്റവും വിശ്വസ വിക്ഷേപണ വാഹനം. ഇസ്രൊ ഇന്നേ വരെ വികസിപ്പിച്ച വിക്ഷേപണ വാഹനങ്ങളിൽ ജിഎസ്എൽവി മാ‍ർക്ക് ത്രീ ഒഴിച്ചുള്ളവയെല്ലാം ആദ്യ വട്ടം പരാജയമായിരുന്നു. എസ്എൽവിയും, എഎസ്എൽവിയും, പിഎസ്എൽവിയും, ജിഎസ്എൽവി മാ‌ർക്ക് ടുവും എല്ലാം ആദ്യം പരാജയമായിരുന്നു.

ആദ്യ പരാജയത്തിന് ശേഷം പിഎസ്എൽവി നടത്തിയ ജൈത്രയാത്ര നമ്മുക്ക് പരിചിതമാണ്. പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. പക്ഷേ പരാജയങ്ങൾ അംഗീകരിക്കാനായെങ്കിൽ മാത്രമേ വിജയത്തിലേക്ക് നീങ്ങാനാവുകയുമുള്ളൂ.

എസ്എസ്എൽവി വിക്ഷേപണം പ്രതീക്ഷിച്ച വിജയമായില്ല; ഉപഗ്രഹങ്ങളുമായി ബന്ധം സ്ഥാപിക്കാനായില്ല

കെഎസ്ഇബി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പുകാർ; നിരവധി പേർക്ക് പണം നഷ്ടമായി, തട്ടിപ്പ് ഡേറ്റാ ബേസ് ചോർത്തി?

Latest Videos
Follow Us:
Download App:
  • android
  • ios