സയന്‍സിനു ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നില്‍ക്കണം: കനിമൊഴി
ഈ സാഹചര്യത്തിലാണ് ശാസ്ത്രീയതയുടെയും ശാസ്ത്ര ബോധത്തിന്റെയും പ്രാധാന്യം വര്‍ധിക്കുന്നതെന്നും കനിമൊഴി പറഞ്ഞു
തിരുവനന്തപുരം: സയന്‍സിനു ബദലായി പുരാണങ്ങളെ അവതരിപ്പിക്കുന്നതിനെതിരെ ഒന്നിച്ചു നില്‍ക്കണമെന്ന് കവിയും രാജ്യസഭ അംഗവുമായി കനിമൊഴി. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി തിരുവനന്തപുരം തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സംഘടിപ്പിച്ച പബ്ലിക് ടോക്കില്‍ സംസാരിക്കുകയായിരുന്നു കനിമൊഴി.
2000 വര്‍ഷം മുന്‍പുള്ള കവികള്‍ ദൈവങ്ങളെപ്പോലും ചോദ്യം ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത്. മനുഷ്യന്‍റെ എല്ലിലും തോലിലും ജാതി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നു കവിതയിലൂടെ ചോദിച്ച കവികള്‍ നമുക്കുണ്ട്. എന്നാല്‍ ഇക്കാലത്ത് ജാതി, മതം തുടങ്ങിയ വാക്കുകള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണ്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതുകൊണ്ട്, വസ്ത്രം ധരിക്കുന്നതുകൊണ്ട് ചിലര്‍ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുകയാണ്.
ഈ സാഹചര്യത്തിലാണ് ശാസ്ത്രീയതയുടെയും ശാസ്ത്ര ബോധത്തിന്റെയും പ്രാധാന്യം വര്‍ധിക്കുന്നതെന്നും കനിമൊഴി പറഞ്ഞു. പ്രകൃതി നമ്മളോയുെ സംസാരിക്കുന്ന ഭാഷയാണ് സയന്‍സ്. ശാസ്ത്രബോധം പ്രചരിപ്പിക്കണം എന്നാവശ്യപ്പെടുന്ന ഭരണഘടനയാണ് നമ്മുടേത്. എന്നാല്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍തന്നെ ശാസ്ത്രത്തെ പുരാണമായും പുരാണത്തെ ശാസ്ത്രമായും വളച്ചൊടിക്കുന്നു. യുക്തിരഹിതമായ ഉത്തരം വാദങ്ങളോട് പ്രതികരിക്കേണ്ടത് ഭരണഘടനയില്‍ വിശ്വസിക്കുന്ന പൗരന്‍ എന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്വമാണ് എന്നും കനിമൊഴി പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രബോധത്തില്‍ നിന്ന് സമൂഹം വിട്ടുനില്‍ക്കുന്ന സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തില്‍ ശാസ്ത്രത്തെ ആഘോഷമാക്കുന്നത് സ്വാഗതാര്‍ഹമാണ്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ശാസ്ത്രത്തെ ഇത്രയധികം ആഘോഷമാക്കുന്നില്ല. ശാസ്ത്രത്തെയും കലയെയും സാഹിത്യത്തെയുമൊക്കെ ആഘോഷമാക്കുന്ന കേരള സര്‍ക്കാറിനെ അഭിനന്ദിക്കുന്നുവെന്നും കനിമൊഴി പറഞ്ഞു.
പോയട്രി ഓഫ് സയന്‍സ് എന്ന വിഷയത്തില്‍ പബ്ലിക ടോക്കിനു ശേഷം കനിമൊഴി വിദ്യാര്‍ഥികളുമായി സംവദിച്ചു. ജിഎസ്എഎഫ്‌കെ ക്യൂറേറ്റര്‍ ഡോ വൈശാഖന്‍ തമ്പി അധ്യക്ഷനായി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ അജിത്കുമാര്‍ കനിമൊഴിക്ക് ഉപഹാരം സമ്മാനിച്ചു.
അറബിക്കടലിന്‍റെ റാണി നാസയുടെ കണ്ണില്‍' :കൊച്ചിയുടെ ആകാശ ദൃശ്യം പങ്കുവച്ച് നാസ, ചിത്രം വൈറല്‍