കണ്ടോ പിന്നില്‍ മനോഹര ഭൂമി! ബഹിരാകാശത്ത് നിന്ന് ആദ്യ സെല്‍ഫി വീഡിയോയുമായി സ്പേഡെക്‌സ് ചേസര്‍ ഉപഗ്രഹം
സ്പേഡെക്സ് ബഹിരാകാശ ഡോക്കിംഗിന് മുന്നോടിയായി ടാര്‍ഗറ്റ് ഉപഗ്രഹത്തെ പിന്തുടരുന്ന ചേസര്‍ സാറ്റ്‌ലൈറ്റിന്‍റെ ബഹിരാകാശ സെല്‍ഫി വീഡിയോ പുറത്തുവിട്ട് ഇസ്രൊ
ബെംഗളൂരു: സ്പേഡെക്‌സ് ബഹിരാകാശ ഡോക്കിംഗിന് മുന്നോടിയായി ഭൂമിയുടെ സെല്‍ഫി വീഡിയോയുമായി ഐഎസ്ആര്‍ഒ. സ്പേഡെക്‌സ് ദൗത്യത്തിലെ രണ്ട് സാറ്റ്‌ലൈറ്റുകളില്‍ ഒന്നായ ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ സെല്‍ഫി ഇസ്രൊ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ബഹിരാകാശത്ത് വച്ച് ചേസര്‍ ഉപഗ്രഹം പകര്‍ത്തിയ ആദ്യ വീഡിയോയില്‍ നീലഗോളമായ ഭൂമിയെ വ്യക്തമായി കാണാം. ഭൂമിയിലെ മഹാസമുദ്രങ്ങളും മീതെയുള്ള മേഘങ്ങളും കാണുന്ന തരത്തിലാണ് ചേസറിന്‍റെ സെല്‍ഫി വീഡിയോ.
ബഹിരാകാശ ഡോക്കിംഗിനുള്ള ടാര്‍ഗറ്റ് ഉപഗ്രഹത്തെ പിന്തുടരുന്നതിനിടെ ചേസര്‍ കൃത്രിമ ഉപഗ്രഹത്തിലെ വീഡിയോ മോണിറ്റര്‍ ക്യാമറ 4.8കിലോമീറ്റര്‍ അകലെ വച്ചാണ് 2025 ജനുവരി 2ന് രാവിലെ 10.27നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഐഎസ്ആര്‍ഒ 2024 ഡിസംബര്‍ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് ഏജന്‍സിയുടെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്പേഡെക്‌സ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ടാര്‍ഗറ്റ്, ചേസര്‍ എന്നിങ്ങനെയാണ് ഈ ഉപഗ്രഹങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഇസ്രൊയുടെ സ്പേസ് ഡോക്കിംഗ് പരീക്ഷണം 2025 ജനുവരി ഏഴിന് നടക്കും. രാവിലെ ഒമ്പതിനും പത്തിനുമിടയിലാകും ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് ഒന്നാകുക. ബെംഗളൂരുവിലെ ഇസ്ട്രാക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍റെ നിര്‍മാണത്തിന് ഐഎസ്ആര്‍ഒയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്പേസ് ഡോക്കിംഗ്. വളരെ സങ്കീര്‍ണമായ ഈ ടെക്നോളജി നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ വിജയിപ്പിക്കാനായിട്ടുള്ളൂ. ജനുവരി ഏഴിന് ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം വിജയിപ്പിച്ചാല്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം