സ്പേഡെക്സ് ഡോക്കിംഗ് എന്തുകൊണ്ട് മാറ്റി? സാങ്കേതിക പ്രശ്‌നം എന്ന് ഐഎസ്ആര്‍ഒ; പുതിയ വീഡിയോ പുറത്തുവിട്ടു

നാളെ നടക്കേണ്ടിയിരുന്ന സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം മാറ്റിവെക്കാന്‍ കാരണം സാങ്കേതിക പ്രശ്‌നം എന്ന് ഐഎസ്ആര്‍ഒ, ഇസ്രൊ സ്പേഡെക്‌സ് 2 ഉപഗ്രഹത്തിന്‍റെ പുതിയ വീഡിയോ പുറത്തുവിട്ടു

Watch Video ISRO released SPADEX onboard visuals showcasing SDX02 docking ring extension

ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇസ്രൊ സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം തൊട്ടുതലേന്ന് മാറ്റിയിരിക്കുകയാണ്. ചില സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷണം മാറ്റിയത് എന്നാണ് ഇസ്രൊ നല്‍കുന്ന വിശദീകരണം. എന്നാല്‍ എന്താണ് യഥാർഥ സാങ്കേതിക പ്രശ്നമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിട്ടില്ല. കൂടുതൽ പരിശോധനകളും സിമുലേഷനുകളും നടത്തിയ ശേഷമേ ഡോക്കിംഗിലേക്ക് കടക്കൂ, അതിനാലാണ് ഡോക്കിംഗ് പരീക്ഷണം ജനുവരി 9-ാം തിയതിയിലേക്ക് മാറ്റിയതെന്നും എക്സിൽ വാർത്താക്കുറിപ്പിലൂടെ ഐഎസ്ആര്‍ഒ അറിയിച്ചു. 

ദൗത്യം മാറ്റിവച്ചതിന് പിന്നാലെ സ്പേഡെക്സ് ഉപഗ്രഹത്തിൽ നിന്നുള്ള പുതിയ വീഡിയോ ഇസ്രൊ പുറത്തുവിട്ടു. ഡോക്കിംഗ് സംവിധാനം (Docking Ring) സ്പേഡെക്സ് രണ്ടാം ഉപഗ്രഹത്തിൽ (SDX02) നിന്ന് പുറത്തേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങളാണിത്. 

2025 ജനുവരി ഏഴാം തിയതി സ്പേഡെക്‌സ് ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഐഎസ്ആര്‍ഒ മുമ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒന്‍പതാം തിയതിലേക്ക് ബഹിരാകാശ ഡോക്കിംഗ് പരീക്ഷണം ഇസ്രൊ നീട്ടിവെക്കുകയായിരുന്നു. 2024 ഡിസംബര്‍ 30ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി-സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ച രണ്ട് സ്പേഡെക്‌സ് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് ഈവരുന്ന 9-ാം തിയതി ഐഎസ്ആര്‍ഒ നടത്തുക. സ്പെഡെക്‌സ് ദൗത്യത്തിലെ രണ്ട് ഉപഗ്രഹങ്ങള്‍ക്കും ഏകദേശം 220 കിലോഗ്രാം വീതമാണ് ഭാരം. എസ്‌ഡിഎക്‌സ്01 ചേസര്‍ ഉപഗ്രഹം എന്നും എസ്‌ഡിഎക്‌സ്02 ടാര്‍ഗറ്റ് ഉപഗ്രഹം എന്നും അറിയപ്പെടുന്നു. 

Read more: ഇസ്രൊയുടെ ക്യൂട്ട് കുട്ടികള്‍; ഇന്ത്യ ബഹിരാകാശത്തേക്ക് അയച്ച പയര്‍വിത്തുകള്‍ക്ക് ഇലകള്‍ വിരിഞ്ഞു

പിഎസ്എല്‍വി-സി60 ബഹിരാകാശത്ത് 20 കിലോമീറ്റര്‍ വ്യത്യാസത്തില്‍ വിക്ഷേപിച്ച ഈ ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം സാവധാനം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ കുറച്ചുകൊണ്ടുവന്നാണ് ബഹിരാകാശത്ത് വച്ച് ഐഎസ്ആര്‍ഒ കൂട്ടിയോജിപ്പിക്കുക. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമായുള്ള നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് സ്പേസ് ഡോക്കിംഗ് ടെക്നോളജി സ്വന്തമായുള്ളവര്‍. 

Read more: കാത്തിരിപ്പ് നീളും; ഐഎസ്ആര്‍ഒ സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം അവസാന നിമിഷം മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios