ലോകം ഉറ്റുനോക്കുന്ന ഐഎസ്ആര്‍ഒ മാജിക്; ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങള്‍ എങ്ങനെ ഒന്നാകും? സാംപിള്‍ വീഡിയോ
സ്പേഡെക്സ് ദൗത്യം അതിസങ്കീര്‍ണം, പക്ഷേ ഐഎസ്ആര്‍ഒ അനായാസം രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശ ഡോക്കിംഗിലൂടെ ഒന്നാക്കി മാറ്റും, ത്രില്ലടിപ്പിച്ച് ആനിമേഷന്‍ വീഡിയോ
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ പരീക്ഷണത്തിനായി ഇന്ന് വിക്ഷേപിക്കുകയാണ്. സ്പേഡെക്സ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍, പിഎസ്എല്‍വി-സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ അതിസങ്കീര്‍ണമായ ഘട്ടങ്ങള്‍ താണ്ടി ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുകയാണ് ഇസ്രൊയുടെ ലക്ഷ്യം. വേഗതയില്‍, രണ്ട് ദിശകളിലേക്ക് സഞ്ചരിക്കുന്ന പേടകങ്ങളെ എങ്ങനെയാവും ബഹിരാകാശത്ത് വച്ച് ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ക്കുക?
ഇന്ത്യയുടെ അഭിമാനമായ പിഎസ്എല്‍വി-സി60 റോക്കറ്റില്‍ സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ഇന്ന് രാത്രി ബഹിരാകാശത്തേക്ക് കുതിച്ചുയരും. ലോകം ഉറ്റുനോക്കുന്ന വിക്ഷേപണത്തിന് മുന്നോടിയായി സ്പേഡെക്സ് ദൗത്യത്തിന്‍റെ രണ്ട് സാംപിള്‍ വീഡിയോകള്‍ ഐഎസ്ആര്‍ഒ ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചു. പിഎസ്എല്‍വി-സി60 റോക്കറ്റില്‍ നിന്ന് രണ്ട് ഉപഗ്രഹങ്ങള്‍ വേര്‍പെടുന്നതും അവ ആലിംഗനം ചെയ്യും പോലെ ഒന്നായിത്തീരുന്നതും ഇസ്രൊയുടെ ആനിമേഷന്‍ വീഡിയോയില്‍ (ഡോക്കിംഗ്) വീഡിയോയില്‍ കാണാം. ബഹിരാകാശ കുതകികളെ ത്രില്ലടിപ്പിക്കുന്ന ആനിമേഷന്‍ വീഡിയോ അനുഭവമാണിത്.
ഐഎസ്ആര്‍ഒയുടെ അഭിമാനം വാനോളമുയരുന്ന ദൗത്യമാണ് സ്പേഡെക്സ് എന്ന് ഉറപ്പിക്കുന്നതാണ് ദൗത്യത്തെ കുറിച്ചുള്ള വിവരങ്ങള്‍. ഇരു കൃത്രിമ ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 5 കിലോമീറ്റര്‍, 1.5 കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, 3 മീറ്റര്‍ എന്നിങ്ങനെ സാവധാനം കുറച്ചുകൊണ്ടുവന്നാണ് ബഹിരാകാശത്ത് വച്ച് ഡോക്കിംഗ് ചെയ്യിക്കുക. അതിസങ്കീര്‍ണമാണ് ഈ ജോലി എന്നതിനാല്‍ സ്പേഡെക്സ് ദൗത്യം പൂര്‍ത്തിയാവാന്‍ 66 ദിവസമെടുക്കും.
ഐഎസ്ആര്‍ഒ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 10.15നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ പിഎസ്എല്‍വി-സി60 വിക്ഷേപണ വാഹനം ഉപയോഗിച്ച് ബഹിരാകാശത്തേക്ക് അയക്കുന്നത്. പിഎസ്എല്‍വി റോക്കറ്റില്‍ ലോഡ് ചെയ്‌തിരിക്കുന്ന ഏതാണ്ട് 220 കിലോഗ്രാം വീതം ഭാരമുള്ള എസ്‌ഡിഎക്‌സ്01 (SDX01-ചേസര്‍), എസ്‌ഡിഎക്‌സ്02 (SDX02- ടാര്‍ഗറ്റ്) എന്നീ സാറ്റ്‌ലൈറ്റുകള്‍ രണ്ടായി പിരിയുകയും പിന്നീട് ഒന്നാക്കി ഡോക്ക് ചെയ്യിക്കുകയുമാണ് ഇസ്രൊയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമേ വിജയിപ്പിച്ചിട്ടുള്ളൂ എന്നതിലുണ്ട് ഇസ്രൊയ്ക്ക് എത്രത്തോളം നിര്‍ണായകമാണ് സ്പേഡെക്സ് ദൗത്യമെന്ന്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം