Asianet News MalayalamAsianet News Malayalam

മഹാത്ഭുതം! 20 നില കെട്ടിടത്തിന്‍റെ വലിപ്പമുള്ള റോക്കറ്റ് ഭാഗം തിരികെ ലാന്‍ഡ് ചെയ്യിച്ച് സ്പേസ് എക്സ്- വീഡിയോ

ഒരു സൈ-ഫൈ സിനിമയോ വീഡിയോ ഗെയിമോ പോലെ അവിശ്വസനീയമായിരുന്നു സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഭാഗം ഭൂമിയില്‍ തിരികെ വിജയകരമായി ലാന്‍ഡ് ചെയ്യിച്ച കാഴ്‌ച

Watch SpaceX Mechazilla has caught the Starship Super Heavy booster
Author
First Published Oct 13, 2024, 7:25 PM IST | Last Updated Oct 13, 2024, 7:59 PM IST

ടെക്‌സസ്: ഇതൊരു സൈ-ഫൈ സിനിമയോ വീഡിയോ ഗെയിമോ ആണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ എങ്ങനെ കുറ്റം പറയും. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിച്ച 20 നില കെട്ടടത്തിന്‍റെ വലിപ്പമുള്ള റോക്കറ്റ് ഭാഗത്തെ ഭൂമിയിലെ ഭീമകാരന്‍ യന്ത്രകൈ ഒരടിയനങ്ങാതെ നിന്നനില്‍പ്പില്‍ വായുവില്‍ വച്ച് പിടികൂടുന്നത് പോലെയുണ്ടായിരുന്നു സ്പേസ് എക്‌സിന്‍റെ ആ പരീക്ഷണം. ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഭാഗം വിക്ഷേപണത്തിന് മിനുറ്റുകള്‍ ശേഷം അതേ ലോഞ്ച് പാഡില്‍ വിജയകരമായി തിരിച്ചിറക്കിയിരിക്കുകയാണ് സ്പേസ് എക്‌സ് ചെയ്തത്. ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന്‍റെ തുടക്കമായി ഈ പരീക്ഷണ വിജയം. 

ബഹിരാകാശ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് എന്ന് സ്റ്റാര്‍ഷിപ്പിനെ പരീക്ഷണഘട്ടത്തില്‍ തന്നെ അടയാളപ്പെടുത്തുകയാണ് സ്പേസ് എക്‌സ്. സ്റ്റാ‌ർഷിപ്പ് റോക്കറ്റിന്‍റെ അഞ്ചാം പരീക്ഷണം വിജയിപ്പിച്ച് സ്പേസ് എക്‌സ് ചരിത്രമെഴുതി. റോക്കറ്റിന്‍റെ ഒന്നാം ഭാഗത്തെ വിജയകരമായി തിരികെ ലാന്‍ഡ് ചെയ്യിക്കുകയായിരുന്നു അഞ്ചാം പരീക്ഷണ വിക്ഷേപണത്തിലെ ലക്ഷ്യം. ബഹിരാകാശത്ത് വച്ച് രണ്ടാം ഘട്ടവുമായി വേര്‍പെട്ട ശേഷം, ഭീമാകാരമായ വലിപ്പവും ഭാരവുമുള്ള ഒന്നാം ഭാഗത്തെ ലോഞ്ച് പാഡില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിക്കുക എന്ന വെല്ലുവിളി അനായാസം സ്പേസ് എക്‌സ് മറികടന്നു. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ടെക്‌സസിലെ ബ്രൗണ്‍സ്‌വില്ലിലെ സ്പേസ് എക്‌സ് താവളം കത്തിച്ചാമ്പലാകുമായിരുന്നു. എന്നാല്‍ ലോഞ്ച് പാഡിലെ പ്രത്യേക യന്ത്രകൈയിലേക്ക് കണക്കുകൂട്ടലുകള്‍ മില്ലിസെക്കന്‍ഡുകള്‍ പോലും പിഴയ്ക്കാതെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഭാഗം സ്പേസ് എക്‌സ് ലാന്‍ഡ് ചെയ്യിച്ചു. ആ വിസ്‌മയ കാഴ്‌ചയുടെ വീഡിയോ ചുവടെ കാണാം.  

റോക്കറ്റ് ഭാ​ഗം, സ്റ്റാർഷിപ്പ് സ്പേസ്ക്രാഫ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിനുള്ളത്. ഈ വർഷം ജൂണ്‍ ആദ്യം നടത്തിയ നാലാം പരീക്ഷണ വിക്ഷേപണത്തിൽ ദൗത്യ ലക്ഷ്യങ്ങളെല്ലാം നിറവേറ്റി സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ഇരുഭാഗങ്ങളും കടലിൽ ഇറക്കാൻ സ്പേസ് എക്സിനായിരുന്നു. ഇതിന് ശേഷമാണ് ഭൂമിയിലെ ലാന്‍ഡിംഗിനായി ശ്രമിച്ചതും വിജയിപ്പിച്ചതും. 121 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പിന് 100 മുതൽ 150 ടൺ വരെ ഭാരമുള്ള വസ്‌തുക്കള്‍ ബഹിരാകാശത്തേക്ക് അയക്കാനുള്ള കെൽപ്പുണ്ട്. അമേരിക്കയുടെ ആർട്ടിമിസ് ദൗത്യങ്ങളിൽ മനുഷ്യനെ ചന്ദ്രനിലിറക്കാൻ ഉപയോഗിക്കുക സ്റ്റാർഷിപ്പാണ്. ഭാവി ചൊവ്വാ ദൗത്യങ്ങളിലും സ്റ്റാർഷിപ്പാണ് ഉപയോഗിക്കുക. ചൊവ്വയില്‍ മനുഷ്യ ഗ്രാമം സൃഷ്ടിക്കാനുള്ള സ്പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്‌കിന്‍റെ പദ്ധതികളിലെ സഞ്ചാര വാഹനമാണ് സ്റ്റാര്‍ഷിപ്പ് എന്ന ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിള്‍.  

Read more: അമ്പോ! സൂചി കോര്‍ക്കും പോലെ സൂക്ഷ്‌മം; സ്റ്റാർഷിപ്പ് ബൂസ്റ്ററിനെ വിജയകരമായി തിരിച്ചിറക്കി സ്പേസ് എക്സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios