രണ്ട് സീറ്റ് ഒഴിച്ചിട്ട് ഡ്രാഗണ്‍ ക്യാപ്‌സൂള്‍, സുനിത വില്യംസിന് ശുഭ വാര്‍ത്ത; ക്രൂ-9 ദൗത്യം വിക്ഷേപിച്ചു
നിശ്ചയിച്ചിരുന്നതിലും ഏറെ വൈകിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് രാത്രികരുമായി ക്രൂ-9 ദൗത്യം പറന്നുയര്‍ന്നത്
ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ബോയിംഗ് സ്റ്റാര്‍ലൈനര്‍ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കുന്നത് അടക്കമുള്ള ലക്ഷ്യങ്ങള്‍ക്കായുള്ള സ്പേസ് എക്‌സിന്‍റെ ക്രൂ-9 ദൗത്യം വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കേപ് കനാവെറല്‍ സ്പേസ് ഫോഴ്‌സ് സ്റ്റേഷനിലെ പ്രത്യേക വിക്ഷേപണത്തറയില്‍ നിന്നാണ് രണ്ട് ബഹിരാകാശ യാത്രികരുമായി സ്പേസ് എക്‌സിന്‍റെ ഫാള്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഫ്രീഡം എന്ന് വിളിക്കുന്ന ഡ്രാഗണ്‍ ക്യാപ്‌സൂളിലാണ് ഇരുവരുടെയും സഞ്ചാരം.
ഹെലീന്‍ ചുഴലിക്കറ്റിനെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ചിരുന്നതിലും ഏറെ വൈകിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് രാത്രികരുമായി ക്രൂ-9 ദൗത്യം പുറപ്പെട്ടത്. നാസയുടെ നിക്ക് ഹഗ്യൂ ആണ് ക്രൂ-9ന്‍റെ കമാന്‍ഡര്‍. റഷ്യന്‍ സഞ്ചാരിയായ ഗോര്‍ബുനോവാണ് ദൗത്യസംഘത്തിലെ രണ്ടാമന്‍. ഇരുവരും ഇന്ന് ഞായറാഴ്‌ച ഐഎസ്എസില്‍ എത്തിച്ചേരും. ഫ്ലോറിഡയിലെ എസ്എല്‍സി-40 ലോഞ്ച് പാഡില്‍ നിന്നുള്ള ആദ്യ ബഹിരാകാശ ക്രൂ ലോഞ്ചാണിത്. മനുഷ്യരെ വഹിക്കാത്ത ബഹിരാകാശ വിക്ഷേപണങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ വിക്ഷേപണത്തറയില്‍ നിന്നുണ്ടായിരുന്നത്. രണ്ട് വര്‍ഷം സമയമെടുത്താണ് നാസയും സ്പേസ് എക്‌സും ചേര്‍ന്ന് ഈ വിക്ഷേപണത്തറ ആസ്‌ട്രോണറ്റ് ഫ്ലൈറ്റുകള്‍ക്കായി തയ്യാറാക്കിയത്.
സാധാരണയില്‍ നിന്നും വ്യത്യസ്തമായി രണ്ട് പേരെ മാത്രം വഹിച്ചുകൊണ്ട് ക്രൂ-9 ദൗത്യത്തിലെ ഡ്രാഗണ്‍ ക്യാപ്‌സൂള്‍ (ഫ്രീഡം) പറന്നുയരാന്‍ കാരണമുണ്ട്. 2025 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് ഈ പേടകം തിരിച്ചെത്തുമ്പോള്‍ രണ്ട് പേരെ കൂടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടക്കിക്കൊണ്ടുവരാനുള്ളതിനാലാണിത്. 2024 ജൂണില്‍ ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഐഎസ്എസില്‍ എത്തിച്ചേര്‍ന്ന നാസയുടെ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും പേടകത്തിലെ ഹീലിയം ചോര്‍ച്ചയെ തുടര്‍ന്ന് അതേ പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങിവരാനായിരുന്നില്ല. വെറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി പോയ ഇരുവരും മൂന്ന് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. ഇവരെ മടക്കിക്കൊണ്ടുവരാനാണ് സ്പേസ് എക്‌സും നാസയും ക്രൂ-9 ദൗത്യത്തിലെ ഡ്രാഗണ്‍ പേടത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നത്.
Read more: സുനിത വില്യംസ് നേത്ര പരിശോധനകള്‍ക്ക് വിധേയയായി; മുന്‍ ചരിത്രം ആശങ്കകളുടേത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം