ആകാശത്ത് നിന്ന് വീണ റോക്കറ്റിനെ പുഷ്‌പം പോലെ പിടിച്ച യന്ത്രക്കൈ; എന്താണ് 'മെക്കാസില്ല'? വിശദീകരിച്ച് മസ്‌ക്
'മെക്കാസില്ല' എന്ന യന്ത്രക്കൈയിലേക്ക് എങ്ങനെ കിറുകൃത്യമായി റോക്കറ്റിന്‍റെ 20 നില കെട്ടിടത്തിന്‍റെ ഉയരമുള്ള സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഭാഗം ലാന്‍ഡ് ചെയ്തു എന്ന് വിശദീകരിച്ച് മസ്‌ക്
ടെക്സസ്: ലോകത്തെ ഏറ്റവും വലുതും കരുത്തുറ്റതുമായ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ (ലോഞ്ച് വെഹിക്കിള്‍) അഞ്ചാം പരീക്ഷണം ഇന്നലെ സ്‌പേസ് എക്‌സ് പൂര്‍ണ വിജയമാക്കിയിരുന്നു. വിക്ഷേപണത്തിന് ശേഷം സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഭാഗം വിജയകരമായി വീണ്ടെടുത്ത് സ്പേസ് എക്‌സ് ചരിത്രമെഴുതുകയും ചെയ്തു. 20 നില കെട്ടിടത്തിന്‍റെ ഉയരമുള്ള റോക്കറ്റ് ഭാഗത്തെ സ്പേസ് എക്‌സ് പ്രത്യേകം തയ്യാറാക്കിയിരുന്ന ടവറിലെ യന്ത്രക്കൈ വായുവില്‍ വച്ച് കരവലയത്തിലാക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലോകത്തെ ഞെട്ടിച്ചു. മെക്കാസില്ല എന്ന് പേരിട്ടിരിക്കുന്ന ഈ അത്ഭുത യന്ത്രക്കൈയെ കുറിച്ച് സ്പേസ് എക്‌സ് ഉടമ ഇലോണ്‍ മസ്ക് വിശദീകരിച്ചു.
20 നില കെട്ടിടത്തിന്‍റെ വലിപ്പമുള്ള ഒരു ബഹിരാകാശ വിക്ഷേപണ വാഹനത്തെ വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ സുരക്ഷിതമായി തിരിച്ചിറക്കുക ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. എന്നാല്‍ ഈ കടമ്പ അനായാസം ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്‌സ് മറികടക്കുന്നതിന് ഇന്നലെ ലോകം സാക്ഷ്യം വഹിച്ചു. ടെക്സസിലെ സ്പേസ് എക്‌സിന്‍റെ വിക്ഷേപണ കേന്ദ്രത്തിലാണ് സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഭാഗം തിരികെ വിജയകരമായി ലാന്‍ഡ് ചെയ്തത്. വിക്ഷേപണത്തറയില്‍ തയ്യാറാക്കിയിരുന്ന വലിയ ടവറില്‍ ഘടിപ്പിച്ചിരുന്ന യന്ത്രക്കൈകളായ മെക്കാസില്ലയിലേക്ക് സ്റ്റാര്‍ഷിപ്പിന്‍റെ ബൂസ്റ്റര്‍ ഘട്ടം സുരക്ഷിതമായി ഇറങ്ങുകയായിരുന്നു. സൂചി കോര്‍ക്കും പോലെ സൂക്ഷ്‌മമായ ഈ ദൗത്യം എങ്ങനെ വിജയിപ്പിച്ചു എന്ന് ഇലോണ്‍ മസ്ക് പിന്നാലെ വിശദീകരിച്ചു.
'ഇതുവരെ നിര്‍മിക്കപ്പെട്ട ഏറ്റവും വലുതും ഭാരമേറിയതുമായ പറക്കും വസ്‌തുവിനെ വായുവില്‍ വച്ച് പിടിക്കാന്‍ യന്ത്രകൈകളോടെ പ്രത്യേക നിര്‍മിച്ച ടവറാണിത്. ഇതിന് 250 ടണ്‍ ഭാരമുണ്ട്. ഭാവിയില്‍ ഇതിന്‍റെ ഭാരം കുറയ്ക്കും. എഞ്ചിന്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ വെലോസിറ്റി പൂജ്യത്തിലേക്ക് താഴുകയും മെക്കാസില്ല സ്റ്റാര്‍ഷിപ്പിനെ പിടികൂടുകയും ചെയ്യും. ഈ കൈകള്‍ വിശാലമാണ്, വസ്തു കടന്നുവരുമ്പോള്‍ ഇത് അടുത്തുവരും. ഇങ്ങനെയാണ് സ്റ്റാര്‍ഷിപ്പ് ഈ യന്ത്രകൈയുടെ കരവലയത്തിലാകുന്നത്. ശബ്ദത്തിന്‍റെ പകുതിയിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ടണ്‍കണക്കിന് ഭാരമുള്ള ഒരു വസ്‌തുവിനെ വായുവില്‍ വച്ച് പിടികൂടുന്ന മെക്കാസില്ല അങ്ങനെ യാഥാര്‍ഥ്യമായിരിക്കുന്നതായും' മസ്‌ക് പറഞ്ഞു.
ഏകദേശം 400 അടി (121 മീറ്റര്‍) വലിപ്പമുള്ള എക്കാലത്തെയും വലുതും ഭാരമേറിയതും കരുത്തേറിയതുമായ വിക്ഷേപണ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. ഇതിലെ232 അടി അഥവാ 71 മീറ്റര്‍ വരുന്ന ഹെവി ബൂസ്റ്റര്‍ ഭാഗത്തെയാണ് തിരികെ ലാന്‍ഡ് ചെയ്യിച്ചത്. വിക്ഷേപിച്ച് മിനുറ്റുകള്‍ക്ക് ശേഷമായിരുന്നു റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഭാഗം യന്ത്രകൈകളിലേക്ക് തിരികെ പറന്നിറങ്ങിയത്. ഇതാദ്യമായാണ് സ്റ്റാര്‍ഷിപ്പ് പരീക്ഷങ്ങളില്‍ ബൂസ്റ്റര്‍ ഭാഗം വീണ്ടെടുക്കുന്നത്. മുന്‍ പരീക്ഷണങ്ങളിലെല്ലാം ബൂസ്റ്ററിനെ കടലിലാണ് ലാന്‍ഡ് ചെയ്യിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം