കാനഡയിലെ ഒരു വീട്ടുമുറ്റത്ത് പ്രധാനവാതിലിലേക്കുള്ള നടവഴിയില്‍ ഉല്‍ക്കശില പതിക്കുകയായിരുന്നു, വീട്ടുടമ ഡോര്‍ ക്യാമറ പരിശോധിച്ചപ്പോഴാണ് ഉല്‍ക്കാ പതനം വ്യക്തമായത്

ഓട്ടവ: ഭൂമിയില്‍ വലുതും ചെറുതുമായ ഉല്‍ക്കാശിലകള്‍ പതിച്ച അനേകം സംഭവങ്ങളുണ്ട്. ഉല്‍ക്കകള്‍ ഭൗമാന്തരീക്ഷത്തില്‍ കത്തിയമരുന്ന കാഴ്‌ച നാമേറെ കണ്ടിട്ടിട്ടുണ്ടെങ്കിലും ഉല്‍ക്കാശിലകള്‍ ഉഗ്ര ശബ്ദത്തോടെ ഭൂമിയില്‍ പതിക്കുന്നത് വീഡിയോയില്‍ കണ്ടിട്ടുണ്ടോ? കാനഡയില്‍ ഒരാളുടെ വീടിന്‍റെ മുറ്റത്ത് ഉല്‍ക്കാശിലകള്‍ പതിച്ചതായി ദി ഗാര്‍ഡിയന്‍ അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഒരു സായാഹ്ന നടത്തം കഴിഞ്ഞ് ലോറ കെല്ലിയും പങ്കാളിയും വീട്ടില്‍ മടങ്ങിയെത്തുമ്പോഴാണ് അസ്വാഭാവികതയുള്ള പൊടിപടലം മുറ്റത്ത് കണ്ടത്. ഇതെന്താണ് എന്ന് പരിശോധിക്കാനായി വീടിന്‍റെ മുന്‍ഭാഗത്തുള്ള വാതിലിലെ സുരക്ഷാ ക്യാമറ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം മനസിലാക്കിയത്. വീട്ടിലേക്കുള്ള പ്രവേശനകവാടത്തിനരികെ എന്തോ പൊട്ടിവീണ് ചിതറുകയും പൊടിയും പുകപടലങ്ങളും ഉണ്ടാവുകയും ചെയ്തതാണ് ക്യാമറയില്‍ പതിഞ്ഞത്. ഇതിന്‍റെ ശബ്ദവും ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടു. ഇതെന്താണ് എന്ന് മനസിലാക്കാന്‍ ഇരുവരും ഉടന്‍ അല്‍ബെര്‍ട്ട സര്‍വകലാശാലയിലെ ഉല്‍ക്കാശില റിപ്പോര്‍ട്ടിംഗ് കേന്ദ്രത്തെ സമീപിച്ചു. ഇവിടുത്തെ ക്യൂറേറ്ററായ ക്രിസ് ഹെര്‍ഡാണ് ഈ അവശിഷ്‌ടങ്ങള്‍ പരിശോധിച്ച് ഉല്‍ക്കകളാണ് എന്ന് ഉറപ്പിച്ചത്. 

Scroll to load tweet…

ചുട്ടുപഴുത്ത ഭൗമാന്തരീക്ഷത്തെ അതിജീവിച്ച് ഭൂമിയിൽ ബഹിരാകാശ പാറക്കഷണങ്ങള്‍ പതിക്കുന്നത് പതിവാണ്. നാസയുടെ അനുമാനം പ്രകാരം പ്രതിദിനം ഏകദേശം 43,000 കിലോഗ്രാം സമാന ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ എത്താറുള്ളതായി ദി ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. എന്നാല്‍ ഇവ കൂടുതലും സമുദ്രങ്ങളില്‍ വീഴാനാണ് സാധ്യത. ബഹിരാകാശ ശിലകള്‍ ഭൗമാന്തരീക്ഷത്തില്‍ വച്ച് കത്തിയമരുന്നതാണ് ഭൂമിയില്‍ നിന്ന് നാം കാണുന്ന ഉല്‍ക്കാ വര്‍ഷം. ഇതിന്‍റെ ചെറു വലിപ്പമുള്ള അവശിഷ്ടങ്ങളേ സാധാരണയായി കത്തിത്തീരാതെ മണ്ണില്‍ പതിക്കാറുള്ളൂ. ഇവയിലൊന്നാണ് കാനഡയിലെ വീടിന് തൊട്ടുമുന്നില്‍ പതിച്ചത്. 

Read more: നീലയും പച്ചയും ചാലിച്ച വര്‍ണങ്ങളില്‍ ആകാശത്ത് നിന്നൊരു അതിഥി; തുർ‌ക്കിയെ ത്രില്ലടിപ്പിച്ച് ഉൽക്ക കാഴ്‌ച

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം