ഭാവിയുടെ ഇന്ധനം തയ്യാറാകുന്നു; ന്യൂക്ലിയർ ഫ്യൂഷന്‍ ഊർജോൽപാദനത്തിൽ വൻനേട്ടവുമായി ശാസ്ത്രലോകം 

ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, മറ്റ് ഹൈഡ്രോകാർബണുകൾ എന്നിവയെ ആശ്രയിക്കുന്നത് പൂർണമായി ഒഴിവാക്കാനും ശുദ്ധവും സമൃദ്ധവും സുരക്ഷിതവുമായ ഊർജ്ജ സ്രോതസ്സായിട്ടാണ് ന്യൂക്ലിയർ ഫ്യൂഷൻ എനർജിയെ വിശേഷിരപ്പിക്കുന്നത്.

US researchers announce milestone historic nuclear fusion breakthrough

വാഷിംഗ്ടൺ: ന്യൂക്ലിയർ ഫ്യൂഷൻ (ആണവ സംയോജനം) വഴിയുള്ള ഊർജോൽപാദന രം​ഗത്ത് നിർണായകമായ നേട്ടവുമായി ശാസ്ത്രലോകം. ന്യൂക്ലിയര്‍ ഫ്യൂഷൻ വഴി  ചെലവ് കുറഞ്ഞതും കൂടുതൽ സമയം നീണ്ടുനിൽക്കുന്നതുമായ ഊർജോൽപാദനത്തിലാണ് അമേരിക്കയിലെ ഗവേഷകർ നിർണായക നേട്ടം കൈവരിച്ചത്. ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയിലെ  (എൽഎൽഎൻഎൽ) ശാസ്ത്ര​ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. ഫോസിൽ ഇന്ധനത്തിന് പകരമായി മാലിന്യമുക്തവും ശുദ്ധവുമായ രീതിയിൽ ഊർജ ഉൽപാദനമാണ് ന്യൂക്ലിയർ ഫ്യൂഷൻ ഊർജത്തിന്റെ പ്രത്യേകത. ഇത്തരത്തിൽ വ്യാവസായികമായി ഊർജോൽപാദത്തിന് സാധിച്ചാൽ വലിയ കുതിച്ചുച്ചാട്ടമാകും.

നിലവിലെ ന്യൂക്ലിയർ ഫിഷൻ ആണവോർജ നിലയങ്ങളേക്കാൾ സുരക്ഷയും ഉറപ്പ് നൽകുന്നു. ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, മറ്റ് ഹൈഡ്രോകാർബണുകൾ എന്നിവയെ ആശ്രയിക്കുന്നത് പൂർണമായി ഒഴിവാക്കാനും ശുദ്ധവും സമൃദ്ധവും സുരക്ഷിതവുമായ ഊർജ്ജ സ്രോതസ്സായിട്ടാണ് ന്യൂക്ലിയർ ഫ്യൂഷൻ എനർജിയെ വിശേഷിപ്പിക്കുന്നത്. ഊർജോൽപാദന ചെലവിനേക്കാൾ കൂടുതൽ ഊർജം ഉൽപാദിപ്പിക്കാനയത് ഈ രം​ഗത്തെ വലിയ നേട്ടമാണെന്ന്  യു.എസ് ഊർജ വകുപ്പ് വിശേഷിപ്പിച്ചു. എന്നാൽ, വ്യാവസായിക തലത്തിൽ ഫ്യൂഷൻ സാധ്യമാകുന്നതിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് എൽഎൽഎൻഎൽ ഡയറക്ടർ കിം ബുഡിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാലിഫോർണിയ ആസ്ഥാനമായുള്ള എൽഎൽഎൻഎല്ലിന്റെ നാഷണൽ ഇഗ്നിഷൻ ഫെസിലിറ്റിയിലെ ശാസ്ത്ര സംഘം നടത്തിയ പരീക്ഷണത്തിൽ 'നെറ്റ് എനർജി ഗെയിൻ' നേട്ടം കൈവരിച്ചതായി വൈറ്റ് ഹൗസ് ശാസ്ത്ര ഉപദേഷ്ടാവ് ആരതി പ്രഭാകർ വ്യക്തമാക്കി. ചെലവാക്കിയ ഊർജത്തേക്കാൾ കൂടുതൽ ഊർജം ഉൽപാദിക്കുന്നതിനെയാണ് നെറ്റ് എനർജി ​ഗെയിൻ എന്നു പറയുന്നത്. നിലവിൽ ആണവ കേന്ദ്രങ്ങളിൽ അണുവിഘടന (ന്യൂക്ലിയർ ഫിഷൻ) രീതി ഉപയോ​ഗിച്ചാണ് ഊർജോൽപാ​ദനം. ആറ്റത്തിന്റെ ന്യൂക്ലിയസ് വിഭജിക്കുന്നതിലൂടെ വൻതോതിൽ ഊർജം പുറത്തുവിടുന്ന രീതിയാണ് ന്യൂക്ലിയർ ഫിഷൻ. സുരക്ഷാ പ്രശ്നവും കാർബൺ എമിഷനുമാണ് ഫിഷൻ രീതിയിലുള്ള ഊർജ ഉൽപാദനത്തിന്റെ പ്രധാന പ്രശ്നം. 

രണ്ട് ഹൈഡ്രജൻ ആറ്റങ്ങളെ സംയോജിപ്പിച്ച് ഭാരമേറിയ ഹീലിയം ആറ്റം ഉണ്ടാക്കുന്ന പ്രക്രിയയാണ് ന്യൂക്ലിയർ ഫ്യൂഷൻ. ഈ പ്രക്രിയയിലും വലിയ അളവിൽ ഊർജ്ജം പുറത്തുവിടുന്നു. സൂര്യനിലും നക്ഷത്രങ്ങളിലും ഊർജനിർമാണ പ്രക്രിയ നടക്കുന്നത് ഫ്യൂഷൻ രീതിയിലാണ്. ഫ്യൂഷൻ കാർബൺ രഹിതമായതിനാൽ ആ​ഗോളതാപനമടക്കമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പരിഹാരമാകും. റേഡിയോ ആക്ടീവ് മാലിന്യങ്ങളും വളരെ കുറഞ്ഞ തോതിൽ മാത്രമേ ഉണ്ടാകൂ. 

Latest Videos
Follow Us:
Download App:
  • android
  • ios