ഇന്ധനം നിറയ്ക്കുന്നതിനിടെ സാങ്കേതിക തകരാര്‍; ആർട്ടിമിസിന്‍റെ ആദ്യ വിക്ഷേപണം വീണ്ടും മാറ്റി
മനുഷ്യനെ അയക്കുന്നതിന് മുമ്പ് പരീക്ഷണാർഥമാണ് ആർട്ടിമിസ് 1 വിക്ഷേക്ഷിക്കുന്നത്. യാത്രികർക്ക് പകരം പാവകളാണ് ഇതിലുണ്ടാകുക. ഓറിയൺ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തിക്കാനാണ് ആദ്യ ദൗത്യം ലക്ഷ്യമിടുന്നത്.
ന്യൂയോർക്ക്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമേരിക്കയുടെ ചാന്ദ്രദൗത്യമായ ആർട്ടിമിസിന്‍റെ ആദ്യ വിക്ഷേപണം വീണ്ടും മാറ്റിവച്ചു. റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് സാങ്കേതി തകരാർ കണ്ടെത്തിയതെന്ന് നാസ അറിയിച്ചു. ഇത് രണ്ടാം തവണയാണ് വിക്ഷേപണം മാറ്റിവെക്കുന്നത്. അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്നതാണ് ആർട്ടിമിസ് ദൗത്യം. മൂന്ന് ഘട്ടങ്ങളിലായാണ് ദൗത്യം പൂര്‍ത്തിയാക്കുക. ആദ്യ ദൗത്യമായ ആർട്ടിമിസ് -1 ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഓഗസ്റ്റ് 29ന് വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചത്. എന്നാൽ റോക്കറ്റിന്റെ 4 കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിക്ഷേപണം മാറ്റിവെച്ചു. തകരാര്‍ പരിഹരിച്ച ശേഷം ശനിയാഴ്ച വിക്ഷേപിക്കാൻ നാസ തീരുമാനിച്ചു. എന്നാല്‍ ഇന്ധനം നിറക്കുന്നതിനിടെ സാങ്കേതിക പിഴവ് കണ്ടെത്തിയതിനാൽ വിക്ഷേപണം വീണ്ടും മാറ്റിവെക്കുകയായിരുന്നു.
മനുഷ്യനെ അയക്കുന്നതിന് മുമ്പ് പരീക്ഷണാർഥമാണ് ആർട്ടിമിസ് 1 വിക്ഷേക്ഷിക്കുന്നത്. യാത്രികർക്ക് പകരം പാവകളാണ് ഇതിലുണ്ടാകുക. ഓറിയൺ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ എത്തിക്കാനാണ് ആദ്യ ദൗത്യം ലക്ഷ്യമിടുന്നത്. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ അടങ്ങിയ പേടകം ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനുമാണ് നാസയുടെ പദ്ധതി.
322 അടി ഉയരമുള്ള റോക്കറ്റുമായ സ്‌പേസ് ലോഞ്ച് സിസ്റ്റമാണ് (എസ്എൽഎസ്) ഓറിയോൺ വഹിക്കുന്നത്. 11 അടി ഉയരവും നാല് പേരെ വഹിക്കാന്‍ ശേഷിയുമുള്ളതാണ് ഒറിയോൺ പേടകം. വിക്ഷേപണത്തിനു ശേഷം 6 ആഴ്ചയെടുത്താണ് ആർട്ടിമിസ് 1 യാത്ര പൂർത്തിയാക്കുക. ഒരാഴ്ചയെടുത്താണ് 3.86 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുക. പിന്നീട് അഞ്ചാഴ്ചയോളം ചെലവഴിച്ച ശേഷം മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗത്തിൽ പസിഫിക് സമുദ്രത്തില്‍ പേടകം പതിക്കും. 9300 കോടിയിലധികം യുഎസ് ഡോളർ ചെലവു വരുന്നതാണ് മൊത്തം ആർട്ടിമിസ് പദ്ധതി. ആദ്യദൗത്യത്തിന് മാത്രം 400 കോടി യുഎസ് ഡോളർ ചെലവ് വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ആർട്ടിമിസ് വിക്ഷേപണം മാറ്റിവച്ചു; ചന്ദ്രനിലേക്കുളള നാസയുടെ മനുഷ്യദൗത്യം നീളും