പേടകത്തിന് ലീക്ക്, 6 മാസത്തെ ദൗത്യം നീണ്ടു, ഭൂമിയെ വലംവച്ചത് 5963 തവണ, ആശങ്ക, ഒടുവിൽ അപൂർവ്വ നേട്ടം !
ആറ് മാസം സമയപരിധി നിശ്ചയിച്ച ദൗത്യത്തില്‍ റഷ്യന്‍ ബഹിരാകാശ പേടകത്തില്‍ അപ്രതീക്ഷിത ലീക്കാണ് ഗവേഷകരെ തിരികെയെത്തിക്കാന്‍ കാലതാമസമുണ്ടാക്കിയത്.
കസാഖിസ്ഥാന്‍: ആറ് മാസത്തേക്ക് പദ്ധതിയിട്ട ബഹിരാകാശ ദൗത്യം നീണ്ടത് ഒരുവര്‍ഷത്തിലധികം. നീണ്ട ആശങ്കകള്‍ക്ക് ഒടുവില്‍ പുതിയ റെക്കോര്‍ഡുമായാണ് ഈ ബഹിരാകാശ സഞ്ചാരികള്‍ ബുധനാഴ്ച ഭൂമിയില്‍ തിരികെ എത്തിയത്. ഇതിനോടകം 5963 തവണയാണ് ഇവര്‍ ഭൂമിയെ വലം വച്ചത്. 15 കോടിയിലേറെ മൈലുകളാണ് ചെറുതായി പാളിയ ദൗത്യത്തിനായി ഇവര്‍ സഞ്ചരിച്ചത്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ ഫ്രാങ്ക് റൂബിയോ, റഷ്യന്‍ സഞ്ചാരികളായ സെര്‍ജി, പ്രോകോപീവ്, ദിമിത്രി പെറ്റ്ലിന്‍ എന്നിവരാണ് ബുധനാഴ്ച ഭൂമിയിലേക്ക് തിരികെ എത്തിയത്.
371 ദിവസമാണ് ഇവര്‍ ബഹിരാകാശത്ത് കഴിഞ്ഞത്. ആറ് മാസം സമയപരിധി നിശ്ചയിച്ച ദൗത്യത്തില്‍ റഷ്യന്‍ ബഹിരാകാശ പേടകത്തില്‍ അപ്രതീക്ഷിത ലീക്കാണ് ഗവേഷകരെ തിരികെയെത്തിക്കാന്‍ കാലതാമസമുണ്ടാക്കിയത്. കസാഖിസ്ഥാനിലാണ് മൂവര്‍ സംഘം ബുധനാഴ്ച സുരക്ഷിതമായി ഇറങ്ങിയത്. സോയൂസ് എംഎസ് 23 ബഹിരാകാശ പേടകത്തിലാണ് ഇവര്‍ ഭൂമിയിലേക്ക് എത്തിയത്. 2022 ഡിസംബറിലായിരുന്നു ഫ്രാങ്ക് റൂബിയോ തിരികെ ഭൂമിയിലെത്തേണ്ടിയിരുന്നത്. 2022 സെപ്തംബര്‍ 21നാണ് റൂബിയോ ബഹിരാകാശത്തേക്ക് പുറപ്പെട്ടത്.
നാസയുടെ തന്നെ ഗവേഷകനായ മാര്‍ക് വണ്ടേ ഹേയിയുടെ 355 ദിവസം ബഹിരാകാശത്ത് ചെലവിട്ട റെക്കോര്‍ഡ് തകർത്താണ് റൂബിയോ ഭൂമിയിലെത്തിയത്. ഏറ്റവും കൂടിയ കാലം ഒറ്റ ബഹിരാകാശ പേടകത്തില്‍ കഴിഞ്ഞ അമേരിക്കക്കാരനെന്ന റെക്കോര്‍ഡ് റൂബിയോ സ്വന്തമാക്കി. തിരികെ എത്താനുള്ള പേടകത്തിലെ ലീക്ക് മൂലം ഭൂമിയിലേക്കുള്ള മടക്കയാത്ര മുടങ്ങി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരേണ്ടി വന്നെങ്കിലും ആ സമയം നിരവധി ഗവേഷണങ്ങളിലാണ് റൂബിയോ ഏര്‍പ്പെട്ടത്. ബഹിരാകാശ പേടകങ്ങളിലെ സാഹചര്യങ്ങളോട് ബാക്ടീരിയകള്‍ പൊരുത്തപ്പെടുന്നത് എങ്ങനെയാണെന്നത് അടക്കമുള്ള ഗവേഷണങ്ങളാണ് നീട്ടിയ ദൗത്യ സമയത്ത് റൂബിയോ ചെയ്തത്.
Read More : ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈലിൽ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം