ഉല്‍ക്കാമഴ കണ്ട് ക്രിസ്‌തുമസ് ആഘോഷിക്കാം, ഉർസിഡ് ഉല്‍ക്കാവര്‍ഷം ഡിസംബര്‍ 21-22 തിയതികളില്‍, എവിടെ കാണാം?
മണിക്കൂറില്‍ നൂറിലേറെ ഉല്‍ക്കകള്‍ വരെ ജ്വലിക്കുന്നത് കാണാനാവുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷം നഷ്‌ടമായോ? 2024ലെ അവസാനത്തെ ഉർസിഡ് ഉല്‍ക്കാമഴ കാണാനുള്ള അവസരം തേടിയെത്തിയിരിക്കുകയാണ്
കാലിഫോര്‍ണിയ: ജെമിനിഡ് ഉല്‍ക്കാവര്‍ഷം കാണാന്‍ അവസരം ലഭിച്ചില്ലേ? എങ്കില്‍ ഇതാ മറ്റൊരു ഉല്‍ക്കാമഴ കാണാനുള്ള സുവര്‍ണാവസരം ലോകമാകെ പടര്‍ന്നുകിടക്കുന്ന മലയാളികളെ തേടിയെത്തിയിരിക്കുകയാണ്. ഉർസിഡ് ഉല്‍ക്കാമഴയാണ് ഇന്നും നാളെയും ബഹിരാകാശ കുതകികളെ കാത്തിരിക്കുന്നത്.
ഉർസിഡ് ഉല്‍ക്കാമഴ
2024ലെ അവസാന ഉല്‍ക്കാമഴയാണ് കാത്തിരിക്കുന്നത്. ഡിസംബര്‍ 17 മുതല്‍ 26 വരെയാണ് ഉർസിഡ് ഉല്‍ക്കാവര്‍ഷത്തിന്‍റെ കാലയളവ്. ഡിസംബര്‍ 21-22 തിയതികളില്‍ ഉർസിഡ് ഉല്‍ക്കാമഴ സജീവമാവും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ മണിക്കൂറില്‍ 10 വരെ ഉല്‍ക്കകളെ ആകാശത്ത് ഈ ദിവസങ്ങളില്‍ കാണാനാവേണ്ടതാണ്. എന്നാല്‍ ഇത്തവണ ചാന്ദ്ര പ്രഭ കാരണം ഉല്‍ക്കാ ജ്വലന കാഴ്ചയുടെ എണ്ണം മണിക്കൂറില്‍ അഞ്ച് വരെയായി ചുരുങ്ങാം. ഉത്തരാർദ്ധഗോളത്തിലാണ് പ്രധാനമായും ഉർസിഡ് ഉല്‍ക്കാവര്‍ഷം ദൃശ്യമാവുക. അവിടെ 22-ാം തിയതി പുലര്‍ച്ചെ ഉല്‍ക്കകളെ വ്യക്തമായി കാണാനാവും എന്നാണ് പ്രതീക്ഷ. അടുത്ത ഉല്‍ക്കാമഴ വരിക 2025ലായിരിക്കും. 2025 ജനുവരി 2-3ന് തിയതികളില്‍ സജീവമാകുന്ന ക്വാഡ്രാന്‍ടിഡ്‌സ് ആണിത്.
Read more: ചന്ദ്രനില്‍ ഇടിച്ചിറങ്ങി ഭീമന്‍ ഉല്‍ക്ക; ഫ്ലാഷ്‌ലൈറ്റ് പോലെ പൊട്ടിത്തെറി ക്യാമറയില്‍ പതിഞ്ഞു!
ധൂമകേതു 8P/ടട്ടിൽ അവശേഷിപ്പിച്ച ബഹിരാകാശ അവശിഷ്ടങ്ങളുടെ പാതയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഉർസിഡ് ഉൽക്കാവർഷം എല്ലാ വർഷവും ഭൂമിയില്‍ നിന്ന് ദൃശ്യമാവുന്നത്. 1790ലാണ് ഈ ധൂമകേതുവിനെ കണ്ടെത്തിയത്. 1858ല്‍ ധൂമകേതു 8P/ടട്ടിലിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു. ഈ ധൂമകേതു സൂര്യനെ ചുറ്റുമ്പോഴുണ്ടാകുന്ന കണങ്ങളും അവശിഷ്ടങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലെത്തി എരിഞ്ഞമരുന്നതാണ് ഉർസിഡ് ഉല്‍ക്കാമഴയില്‍ സംഭവിക്കുന്നത്.
ജെമിനിഡ് ഉല്‍ക്കാവര്‍ഷം
ഇക്കഴിഞ്ഞ ഡിസംബര്‍ 12നും 13നും ജെമിനിഡ് ഉല്‍ക്കാവര്‍ഷം സജീവമായിരുന്നു. മണിക്കൂറില്‍ 120 ഉല്‍ക്കകള്‍ വരെ കാണാനാവുന്ന അപൂര്‍വ ദൃശ്യവിരുന്നാണിത്. ഏറ്റവും തെളിച്ചവും വേഗമുള്ളതുമായ ഉല്‍ക്കാവര്‍ഷം എന്നാണ് ജെമിനിഡിന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നല്‍കുന്ന വിശേഷണം. മണിക്കൂറില്‍ 241,000 കിലോമീറ്റര്‍ വേഗത്തിലാണ് ജെമിനിഡ് ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. ജെമിനിഡ് ഉല്‍ക്കകളുടെ ജ്വലനം വെള്ള, മഞ്ഞ, പച്ച, നീല, ചുവപ്പ് നിറങ്ങള്‍ ആകാശത്ത് സൃഷ്ടിച്ചതിന്‍റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം