വിക്ഷേപിച്ച് ഏഴ് വര്‍ഷത്തിന് ശേഷം പിഎസ്എൽവി-സി37 റോക്കറ്റ് ഭാഗം തിരിച്ചിറക്കി; ഐഎസ്ആര്‍ഒയ്ക്ക് അഭിമാനം
ലോക ചരിത്രത്തിലാദ്യമായി 104 സാറ്റ്‌ലൈറ്റുകളെ ഒരുമിച്ച് വിക്ഷേപിച്ച് ഐഎസ്ആര്‍ഒ റെക്കോര്‍ഡിട്ട ദൗത്യത്തിന് ഉപയോഗിച്ച റോക്കറ്റിന്‍റെ ഭാഗമാണിത്
ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ വിക്ഷേപിച്ച് ഏഴ് വര്‍ഷത്തിന് ശേഷം പിഎസ്എല്‍വി-സി37 റോക്കറിന്‍റെ മുകള്‍ ഭാഗം കടലില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തു. 2017 ഫെബ്രുവരി 15ന് 104 കൃത്രിമ ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന റോക്കറ്റിന്‍റെ അവശിഷ്ടം ഇത്രയും കാലം ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു. എന്നാല്‍ ഇത് സുരക്ഷിതമായി അറ്റ്‌ലാന്‍റിക് സമുദ്രത്തില്‍ ലാന്‍ഡ് ചെയ്യുന്നത് ഉറപ്പിക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായി.
ചരിത്രത്തിലാദ്യമായി 104 സാറ്റ്‌ലൈറ്റുകളെ ഒരൊറ്റ വിക്ഷേപണ വാഹനത്തില്‍ അയച്ച് ഐഎസ്ആര്‍ഒ ചരിത്രമെഴുതിയ ദൗത്യമായിരുന്നു 2017 ഫെബ്രുവരി 15ലേത്. ഭൗമനിരീക്ഷണത്തിനുള്ള കാര്‍ടൊസാറ്റ്-2ഡിയ്ക്കൊപ്പം മറ്റ് 103 ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടായിരുന്നു അന്ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് പിഎസ്എല്‍വി-സി37 വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. സാറ്റ്‌ലൈറ്റുകളെ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം റോക്കറ്റിന്‍റെ ഏറ്റവും മുകള്‍ ഭാഗം 470-494 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തില്‍ സഞ്ചരിക്കുകയായിരുന്നു. എന്നാല്‍ ഈ ബഹിരാകാശ അവശിഷ്ടം യുഎസ് സ്പേസ് കമാന്‍ഡ് കൃത്യമായി പിന്തുടര്‍ന്നിരുന്നു. 2024 സെപ്റ്റംബര്‍ ആറിന് രാത്രി 9.19 ഓടെ പിഎസ്എല്‍വി-സി37 റോക്കറ്റിന്‍റെ ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും നോര്‍ത്ത് അറ്റ്‌ലാന്‍ഡ് സമുദ്രത്തില്‍ സുരക്ഷിതമായി പതിക്കുകയും ചെയ്തു.
ബഹിരാകാശ അവശിഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള അന്താരാഷ്ട്ര മാർഗനിർദേശങ്ങള്‍ പാലിക്കാന്‍ ഇതോടെ ഐഎസ്ആര്‍ഒയ്ക്കായി. ദൗത്യത്തിന് ശേഷം ഭ്രമണപഥത്തിലെ വസ്തുക്കളുടെ പരിക്രമണ ആയുസ് 25 വർഷമായി പരിമിതപ്പെടുത്താൻ ഈ അന്താരാഷ്ട്ര നിയമം ശുപാർശ ചെയ്യുന്നുണ്ട്.
ഇന്ത്യയുടെ അഭിമാന വിക്ഷേപണം
രാജ്യത്തിന്‍റെ ബഹിരാകാശ പദ്ധതികളില്‍ നാഴികക്കല്ലായി മാറിയ ദൗത്യമായിരുന്നു പിഎസ്എല്‍വി-സി37 റോക്കറിന്‍റെത്. 2017 ഫെബ്രുവരി 15ന് ഐഎസ്ആര്‍ഒ 104 ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു. ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ കൃത്രിമ ഉപഗ്രഹങ്ങളെ അയച്ച രാജ്യം എന്ന അഭിമാനം നേട്ടം ഇതോടെ അന്ന് ഇന്ത്യ സ്വന്തമാക്കി. മൂന്ന് ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ക്ക് പുറമെ കസാക്കിസ്ഥാൻ, ഇസ്രയേൽ, നെതർലൻഡ്‌സ്, യുഎഇ എന്നിവയുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കൻ ഐക്യനാടുകളുടെ 96 ഉപഗ്രഹങ്ങളും ഈ ദൗത്യത്തില്‍ വിക്ഷേപിച്ചു. ഉപഗ്രഹങ്ങളുടെ ആകെ ഭാരം 1377 കിലോഗ്രാമായിരുന്നു.
Read more: യൂറോപ്പ! ഭൂമിക്ക് പുറത്തെ ജീവന്‍റെ ഒളിത്താവളം? അരച്ചുകലക്കി പഠിക്കാന്‍ നാസയുടെ ക്ലിപ്പര്‍ പേടകം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം