2500 വർഷമായി ഭാഷാ ശാസ്ത്രജ്ഞരെ കുഴക്കിയ സംശയത്തിന് ഉത്തരവുമായി ഇന്ത്യൻ വിദ്യാർത്ഥി
മാനവിക ചരിത്രത്തിലെ തന്നെ വിലയേറിയ ബൗദ്ധിക സ്വത്തായാണ് പാണിനിയുടെ ഭാഷായന്ത്രത്തെ കണക്കാക്കുന്നത്.
കേംബ്രിഡ്ജ് : 2500 വർഷത്തിലെറെയായി ഭാഷാ ശാസ്ത്രജ്ഞരെ സമ്മർദ്ദത്തിലാക്കിയ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ വിദ്യാർത്ഥിയായ രാജ്പോപത്. ബിസി 6, ബിസി 4 നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന വ്യക്തിയാണ് സംസ്കൃത ഭാഷാ ശാസ്ത്രജ്ഞനായ പാണിനി. അദ്ദേഹത്തിന്‍റെ ഭാഷാ നിയമത്തിലെ അവ്യക്തതയാണ് ശാസ്ത്രഞ്ജരെ കുഴപ്പത്തിലാക്കിയിരുന്നത്.
ഇതിനുള്ള പരിഹാരമാണ് കാലങ്ങൾക്ക് ശേഷം 27 കാരനായ ഡോ.ഋഷി രാജ്‌പോപത് കണ്ടെത്തിയിരിക്കുന്നത്.
കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയാണ്. സംസ്‌കൃത വ്യാകരണഗ്രന്ഥമായ അഷ്ടാധ്യായിയിലെ പാണിനീ സൂക്തങ്ങളിലൂടെയാണ് പാണിനി സംസ്‌കൃത ഭാഷക്ക് പല നിർവചനങ്ങളും നല്കിയത്. കൂടാതെ വാക്കുകൾ തമ്മിൽ കൂട്ടിച്ചേർക്കുന്നതിനെ സംബന്ധിച്ച് നാലായിരത്തോളം സൂത്രവാകൃങ്ങളും പാണിനി രചിച്ചിട്ടുണ്ട്.
മാനവിക ചരിത്രത്തിലെ തന്നെ വിലയേറിയ ബൗദ്ധിക സ്വത്തായാണ് പാണിനിയുടെ ഭാഷായന്ത്രത്തെ കണക്കാക്കുന്നത്. സംസ്കൃതത്തിലെ ഓരോ വാക്കുകളുടെയും പ്രയോഗരീതിയെ കുറിച്ച് പാണിനിയുടെ നാലായിരത്തോളം വരുന്ന നിയമങ്ങൾ അനുശാസിക്കുന്നുണ്ട്. അതിൽ പലതും വാക്കുകൾ കൂടിചേരുമ്പോൾ എങ്ങനെയാകണം എന്നത് സംബന്ധിച്ചതാണ്. പാണിനിയുടെ നിയമങ്ങൾക്കെല്ലാം പ്രത്യേക നമ്പറുകളുണ്ട്. പല സാഹചര്യങ്ങളിലും ഒന്നിലെറെ നിയമങ്ങൾ ഉപയോഗിക്കേണ്ടി വരാറുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ ഏത് നിയമം ഉപയോഗിക്കണമെന്നതായിരുന്നു ഭാഷാ ശാസ്ത്രഞ്ജർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സാധാരണയായി 1.4.2 എന്ന അക്കം കുറിക്കുന്ന നിയമമായിരുന്നു ഇങ്ങനെയുള്ള സമയത്ത് ഉപയോഗിക്കുന്നത്. ഒന്നിലേറെ നിയമങ്ങൾ ഉപയോഗിക്കേണ്ടി വരുമ്പോൾ ഏറ്റവും ഉയർന്ന അക്കമുള്ള നിയമം പ്രയോഗിക്കണമെന്നാണ് പാണിനിയുടെ നിയമം ആദ്യം വ്യാഖ്യാനിച്ചയാൾ ചൂണ്ടിക്കാണിച്ചത്. ഈ നിയമ വ്യാഖ്യാനം തെറ്റായിരുന്നുവെന്നാണ് രാജ്‌പോപതിന്റെ പക്ഷം.
നിരവധി ഭാഷാപരമായ പ്രശ്‌നങ്ങൾക്ക് ഈ തെറ്റായ വ്യാഖ്യാനം കാരണമായെന്ന് അദ്ദേഹം പറയുന്നു. ഒരേ വിഷയത്തിൽ ഒന്നിലേറെ നിയമം വരുന്ന സാഹചര്യത്തിൽ ഉപയോഗിക്കേണ്ടതിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി. വലത്തേ അറ്റത്തുള്ള വാക്കിനെ ബാധിക്കുന്ന നിയമം ഏതാണോ അത് ഉപയോഗിക്കണമെന്നാണ് പാണിനി പറഞ്ഞതെന്നാണ് ഡോ. രാജ്‌പോപത് തന്റെ ഗവേഷണ പ്രബന്ധത്തിൽ ഇതെ കുറിച്ച് പറഞ്ഞിരിക്കുന്നത്.