യുഎഇ ചാന്ദ്രദൗത്യം; അവസാന നിമിഷം പരാജയം, ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായി 

ചന്ദ്രനിലെ മണ്ണ്, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവയെല്ലാം പഠനവിധേയമാക്കുന്ന ദൗത്യമാണ് റാഷിദ് റോവറിനുണ്ടായിരുന്നത്. അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പര്യവേഷണ പേടകമാണ് റാഷിദ് റോവർ.

UAE Moon mission loses contact with spacecraft carrying Rashid Rover

അബുദാബി: യുഎഇ ചാന്ദ്രദൗത്യം പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. യുഎഇയുടെ റാഷിദ് റോവറിനെയും വഹിച്ചുള്ള ചാന്ദ്രദൗത്യമാണ് പരാജയപ്പെട്ടത്. ജപ്പാനിലെ സ്വകാര്യ ബഹിരാകാശ ഏജൻസിയായ ഐ സ്പേസുമായി സഹകരിച്ച് നടന്ന ദൗത്യമാണ് അവസാന നിമിഷം പരാജയമായി മാറിയത്. ഐ സ്പേസിന്റെ ഹകുട്ടോ ആർ എം വൺ ലാൻഡറിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കുന്നില്ല.

ലാൻഡിങ് വിജയകരമായില്ലെന്നാണ് പ്രാഥമിക നി​ഗമനമെന്നാണ് ഐ സ്പേസ് വിശദമാക്കുന്നത്. ലാൻഡിങ്ങിന്റെ തൊട്ടുമുമ്പ് വരെ ലാൻഡറുമായി ആശയവിനിമയം സാധ്യമായിരുന്നു.  ആശയവിനിമയം പുനസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുന്നതായും ഐ സ്പേസ് വിശദമാക്കി. യുഎഇ സമയം രാത്രി 8.40ന് ചന്ദ്രനിലെ അറ്റ്ലസ് ​ഗർത്തത്തിൽ ഇറങ്ങാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ അവസാന നിമിഷം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെന്നാണ് ഐ സ്പേസ് വിശദമാക്കുന്നത്.

ഐ സ്പേസിലെ എന്‍ജിനിയര്‍മാരും മിഷന്‍ ഓപറേഷന്‍സ് സ്പെഷ്യലിസ്റ്റുമാരും നിലവിലെ ലാന്‍ഡറുടെ സ്ഥിതിയെന്താണെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണുള്ളത്. ലാന്‍ഡറില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് വ്യക്തമാക്കുമെന്നാണ് ഐ സ്പേസ് വിശദമാക്കുന്നത്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയെന്നത് സുഗമമായ കാര്യമല്ല. അനേകം വെല്ലുവിളികളെ അതിജീവിച്ചാല്‍ മാത്രമാണ് അത് സാധ്യമാവുക. ഗുരുത്വാകര്‍ഷണവും അന്തരീക്ഷത്തിന്‍റെ അസാന്നിധ്യവും ലാന്‍ഡിംഗില്‍ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്താറുള്ളത്. ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ശ്രമങ്ങളില്‍ വെറും 50 ശതമാനം ശ്രമങ്ങളാണ് വിജയിച്ചിട്ടുള്ളത്. 

ചന്ദ്രനിലെ മണ്ണ്, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം എന്നിവയെല്ലാം പഠനവിധേയമാക്കുന്ന ദൗത്യമാണ് റാഷിദ് റോവറിനുണ്ടായിരുന്നത്. അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പര്യവേഷണ പേടകമാണ് റാഷിദ് റോവർ. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് റാഷിദ് റോവർ നിർമിച്ചത്. ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗത്ത് പര്യവേക്ഷണം നടത്താനായിരുന്നു റോവർ ലക്ഷ്യമിട്ടിരുന്നത്. ഇതുവരെ പര്യവേഷണം നടത്താത്ത സ്ഥലമായതിനാൽ തന്നെ ശാസ്ത്രലോകവും വലിയ ആകാംഷയോടെയായിരുന്നു ദൗത്യത്തെ കണ്ടിരുന്നത്. യു.എസിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്‍ററിൽനിന്ന് കഴിഞ്ഞ ഡിസംബറിലാണ് പേടകം വിക്ഷേപിച്ചത്. 

Latest Videos
Follow Us:
Download App:
  • android
  • ios