'വിക്രം ലാൻഡർ ഇറങ്ങിയപ്പോൾ ടൺ കണക്കിന് പൊടിയും പാറയും പറന്നു, തിളക്കമുള്ള വലയമുണ്ടായി'
വിക്രം ലാൻഡർ ഇറങ്ങുന്നതിന് മുൻപും ശേഷവും ലഭിച്ച ചിത്രങ്ങൾ വിശകലനം ചെയ്താണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. ചന്ദ്രയാൻ
ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിലെ ഏറ്റവും പ്രധാന ഭാഗമായ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയപ്പോൾ ടൺ കണക്കിന് പൊടിപടലങ്ങളും പാറകളും പറന്നു പൊങ്ങിയെന്നും ഇവ ലാൻഡറിന് ചുറ്റും തിളക്കമുള്ള വലയം തീർത്തെന്നും ഐഎസ്ആർഒ. ഐഎസ്ആർഒയുടെ എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്രം ലാൻഡർ ഇറങ്ങിയ പ്രദേശത്തിന് 108.4 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 2.06 ടൺ പൊടിപടലം വീണതായാണ് നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ (എൻആർഎസ്‌സി) ശാസ്ത്രജ്ഞർ കണ്ടെത്തിയതെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
വിക്രം ലാൻഡർ ഇറങ്ങുന്നതിന് മുൻപും ശേഷവും ലഭിച്ച ചിത്രങ്ങൾ വിശകലനം ചെയ്താണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. ചന്ദ്രയാൻ-2 ഓർബിറ്ററിലെ ഓർബിറ്റർ ഹൈ-റെസല്യൂഷൻ ക്യാമറയിൽ (ഒഎച്ച്ആർസി) പതിഞ്ഞ പാൻക്രോമാറ്റിക് ചിത്രങ്ങളിലാണ് വ്യത്യാസം മനസിലായത്. പൊടിപടലങ്ങളും പാറയും ഉയർന്നുപൊങ്ങിയതിനാൽ ലാൻഡറിനെ വലയം ചെയ്യുന്ന ‘എജക്റ്റ ഹാലോ’ രൂപപ്പെട്ടെന്നും കണ്ടെത്തി. ഒരു വസ്തു പതിക്കുമ്പോൾ ചന്ദ്രോപരിതലത്തിലും ചാന്ദ്രനിലെ വസ്തുക്കളിലുമുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന് സഹായിക്കുന്നതാണ് പുതിയ കണ്ടെത്തലെന്നും ഇന്ത്യൻ സൊസൈറ്റി ഓഫ് റിമോട്ട് സെൻസിങ്ങിന്റെ ജേണലിൽ ഈ കണ്ടെത്തലുകളെക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഐഎസ്ആർഒ വ്യക്തമാക്കി.
ഓഗസ്റ്റ് 23നാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സോഫ്റ്റ് ലാൻഡിങ് നടത്തിയത്. 10 ദിവസത്തെ പ്രവർത്തനത്തിന് ശേഷം റോവർ സൂര്യാസ്തമയത്തോടെ സ്ലീപിങ് മോഡിലേക്ക് മാറി. പിന്നീട് അതേ അവസ്ഥയിൽ തുടരുകയാണ്. ചന്ദ്രനിൽ ഇറങ്ങിയ റോവർ 100 മീറ്റർ സഞ്ചരിക്കുകയും നിർണായക വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.