'കൊച്ചി തീരത്തെ പുതിയ ദ്വീപ്'; വെറും കെട്ടുകഥയോ, ശാസ്ത്രീയ തെളിവുകള്‍ പറയുന്നത്
2018 മുതല്‍ രൂപപ്പെട്ടത് എന്ന അവകാശവാദവുമായി വരുന്ന ദ്വീപ് വാദങ്ങളില്‍ തെളിവായി പ്രധാനമായും ഉന്നയിക്കുന്ന ഗൂഗിള്‍ എര്‍ത്തിന്‍റെ ഹൈ റെസല്യൂഷന്‍ ഇമേജാണ്. അതില്‍ കാണിക്കുന്ന പയറുമണി പോലുള്ള രൂപത്തിന് ഇതിനകം തന്നെ ചിലര്‍ 'പയര്‍മണി ദ്വീപ്' എന്നൊക്കെ നാമം നല്‍കിയിട്ടുണ്ട്.
കൊച്ചി: കേരളതീരത്ത് കൊച്ചിക്ക് സമീപം കടലില്‍ പുതിയ ദ്വീപ് രൂപംകൊള്ളുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ശാസ്ത്രീയ അടിസ്ഥാനമില്ല എന്ന വാദമാണ് ഇപ്പോള്‍ ഗവേഷകര്‍ മുന്നോട്ട് വയ്ക്കുന്നത്. ചെല്ലാനം കാര്‍ഷിക ടൂറിസം ഡെവലപ്പ്മെന്‍റ് സൊസേറ്റി പ്രസിഡന്‍റ് കെഎക്സ് ജൂലപ്പന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത 'ഗൂഗിള്‍ എര്‍ത്ത്' സ്ക്രീന്‍ഷോട്ട് വാര്‍ത്തയായതോടെയാണ്, കൊച്ചി തീരത്ത് നിന്നും ഏഴുകിലോമീറ്റര്‍ പടിഞ്ഞാറ് മാറി ഒരു ദ്വീപ് ഉണ്ടാകുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ ആദ്യം വന്നത്. പിന്നീട് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല ഇത് സംബന്ധിച്ച് പഠനം നടത്തും എന്ന് അറിയിച്ചതോടെ ഇത് സജീവചര്‍ച്ചയായി. സോഷ്യല്‍ മീഡിയയില്‍ ഗൂഗിള്‍ മാപ്പില്‍ ഇതിന്‍റെ രൂപം അനുസരിച്ച് 'പയറുമണി ദ്വീപ്' എന്ന് പോലും വിളിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ ഇത്തരം ഒരു ഭൂപ്രദേശം അവിടെ ഉണ്ടായിട്ടില്ലെന്നാണ് ഭൂമിശാസ്ത്ര തെളിവുകള്‍ അടക്കം ഉള്‍പ്പെടുത്തി ഗവേഷകര്‍ പറയുന്നത്.
ദ്വീപ് 'ഗൂഗിള്‍ മാപ്പിലെ' അല്‍ഗോരിതം പിഴവ്
2018 മുതല്‍ രൂപപ്പെട്ടത് എന്ന അവകാശവാദവുമായി വരുന്ന ദ്വീപ് വാദങ്ങളില്‍ തെളിവായി പ്രധാനമായും ഉന്നയിക്കുന്ന ഗൂഗിള്‍ എര്‍ത്തിന്‍റെ ഹൈ റെസല്യൂഷന്‍ ഇമേജാണ്. അതില്‍ കാണിക്കുന്ന പയറുമണി പോലുള്ള രൂപത്തിന് ഇതിനകം തന്നെ ചിലര്‍ 'പയര്‍മണി ദ്വീപ്' എന്നൊക്കെ നാമം നല്‍കിയിട്ടുണ്ട്. അതേ സമയം ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ പരിശോധിച്ചാല്‍ 'പുതിയ ദ്വീപ്' നിലനില്‍ക്കുന്നു എന്ന് പറയുന്നയിടത്ത് കൂടി കടന്നുപോകുന്നത് കൊച്ചി-മിനിക്കോയി ഫെറി റൂട്ടാണ്. നിലവില്‍ വരുന്ന എല്ലാ വാദങ്ങളും കടലിന് അടയില്‍ 21 അടി താഴ്ചയില്‍ വരെ രൂപപ്പെട്ട മണല്‍തിട്ട എന്നാണ്. എന്നാല്‍ അതിനൊപ്പം തന്നെ ഗൂഗിള്‍ എര്‍ത്തിലെ വോയേജ് ഓപ്ഷന്‍ ഉപയോഗിച്ചാല്‍ ആ പ്രദേശത്തിന് കാലങ്ങളായി വരുന്ന മാറ്റം നമ്മുക്ക് കാണുവാന്‍ സാധിക്കും. ഇപ്പോള്‍ ലഭിക്കുന്ന ചിത്രത്തിലുള്ള രീതിയിലുള്ള ഒരു ഭൂപ്രദേശം പെട്ടെന്ന് ഒരു ദിനം ഉണ്ടാകില്ല. അതിനാല്‍ തന്നെ അത് രൂപപ്പെട്ട് വരുന്ന ഒരു സൂചനയും, വോയേജറിലെ ടൈം ലാപ്സ് ഓപ്ഷന്‍ ഉപയോഗിച്ചാല്‍ കാണാന്‍ സാധിക്കുന്നില്ല.
ഓപ്പണ്‍ സ്ട്രീറ്റ് വ്യൂ മാപ്പ്- കൊച്ചി മിനിക്കോയി ഫെറി
അതിനാല്‍ തന്നെ ഗൂഗിള്‍ എര്‍ത്ത് ഗൂഗിള്‍ എര്‍ത്ത് സാറ്റലൈറ്റ് വ്യൂവില്‍ ദൃശ്യമാകുന്ന ഈ ഭൂപ്രദേശം തീര്‍ത്തും ഒരു അല്‍ഗോരിതം പിഴവാണെന്നാണ് ഭൗമഗവേഷകര്‍ പറയുന്നത്. ഇത്തരത്തില്‍ ഗൂഗിള്‍ എര്‍ത്ത് പരിശോധിച്ചാല്‍ പലതരത്തില്‍ ഇത്തരത്തില്‍ ഇല്ലാത്ത രൂപങ്ങള്‍ മാപ്പില്‍ കാണപ്പെടുന്നുണ്ട്. മ്യാന്‍മാറിലെ ക്യായ്പ്യായുവിന് അടുത്ത് പടിഞ്ഞാറുമാറി കടലില്‍ ഇത്തരം ദ്വീപുകള്‍ എന്ന് തോന്നിക്കുന്ന ഭൂപ്രദേശങ്ങള്‍ കാണാം. എന്നാല്‍ അവിടെ ശരിക്കും അത്തരം ദ്വീപുകള്‍ ആ കടലില്‍ ഇല്ല. മുരുഡേശ്വറിലെ ഒരു ദ്വീപിന് ചുറ്റും ഇത്തരം കാഴ്ച ഗൂഗിള്‍ എര്‍ത്തില്‍ കാണുവാന്‍ സാധിക്കുന്നുണ്ട്.
ഡബ്യൂആര്‍ഐ ഇന്ത്യ ജിയോ അനലിസ്റ്റായ രാജ് ഭഗത് പളനിച്ചാമി ഇത് സംബന്ധിച്ച് വിശദമായ ട്വിറ്റര്‍ പോസ്റ്റ് നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ വാദങ്ങള്‍ പ്രകാരം, ഗൂഗിള്‍ എര്‍ത്ത് ചില സ്ഥലങ്ങളില്‍ ഗൂഗിള്‍ എര്‍ത്ത് ഹൈ റെസല്യൂഷന്‍ ഇമേജ് നല്‍കണം എന്നില്ല. ഇത്തരം സ്ഥലങ്ങളില്‍ അവര്‍ സമുദ്രത്തിന്‍റെ ഭാഗം തന്നെ നല്‍കും. ഈ ഭാഗത്ത് നല്‍കിയ സാറ്റലൈറ്റ് ഇമേജ് ചിലപ്പോള്‍ സമുദ്രഉപരിതലത്തിന് പകരം ഏതെങ്കിലും കരഭാഗമായതാകാം, അത് സാങ്കേതികമായ പിഴവാണ് അല്ലാതെ പുതിയ ദ്വീപ് ഉണ്ടാകുന്നതല്ല.
വെസല്‍ ഫൈന്‍ഡര്‍ പോലുള്ള ആപ്പുകള്‍ ഉപയോഗിച്ചാല്‍ 'ദ്വീപ്' ഉണ്ടെന്ന് പറയുന്ന പ്രദേശത്തുകൂടി ഇപ്പോഴും കപ്പലുകളും മറ്റും സഞ്ചരിക്കുന്നുണ്ട് എന്ന് കാണാം. ഇത്തരം ഒരു ദ്വീപോ, വെള്ളത്തിനടിയിലെ ദ്വീപോ ഉണ്ടെങ്കില്‍ ഇത് സാധ്യമാകില്ല. ഇപ്പോള്‍ ലഭിച്ച ഗൂഗിള്‍ എര്‍ത്ത് ചിത്രം തന്നെ സൂം ചെയ്താല്‍ അതിലൂടെ ഒരു കപ്പല്‍ കടന്നുപോകുന്നതായി കാണാം. അതിനാല്‍ തന്നെ കൊച്ചി തീരത്ത് 'പുതിയ ദ്വീപ്' എന്നത് തന്നെ തെറ്റാണെന്നാണ് വാദം.
ശാസ്ത്രീയ തെളിവുകള്‍ തുണയ്ക്കാത്ത 'പയറുമണി ദ്വീപ് വാദം'
ഭൂമി ശാസ്ത്ര സംബന്ധിച്ച വിവരങ്ങളും ഗൂഗിള്‍ എര്‍ത്ത് മാപ്പ് വച്ചുള്ള 'പയറുമണി ദ്വീപ്' വാദത്തെ അംഗീകരിക്കുന്നില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്. ജലം പ്രകാശം ആഗീരണം ചെയ്യുന്നത് സംബന്ധിച്ച് ഒരു ഡിഫ്യൂസ് അറ്റീന്യൂഷ്യന്‍ കോയിഫിഷ്യന്‍റ് ഉണ്ട്, ഇതിന്‍റെ വേവ് ലൈംഗ്ത് 490 നാനോ മീറ്ററാണ് (kd490). നാസയുടെ സീഡാസ് (SeaDAS) എന്ന സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പ്രകാരം ലാന്‍റ്സാറ്റ് 8 ഉപഗ്രഹത്തില്‍ നിന്നും ലഭിച്ച ഡാറ്റ വിശകലനം ചെയ്തപ്പോള്‍, ദ്വീപ് ഉണ്ടെന്ന് പറയപ്പെടുന്ന പ്രദേശത്തിന്‍റെ ടര്‍ബിഡിറ്റിയും, അതിന് സമീപത്തെ കടലിന്‍റെ ടര്‍ബിഡിറ്റിയും ഒന്നാണ്. അതിനാല്‍ തന്നെ ഒരു ദ്വീപ് അല്ലെങ്കില്‍, വെള്ളത്തിന് അടിയിലുള്ള മണല്‍തിട്ട അവിടെയുണ്ടെന്ന ഒരു സൂചന ലഭിക്കുന്നില്ല എന്നാണ് ഗവേഷകനായ അര്‍ജുന്‍ ഗംഗാധരന്‍ പറയുന്നത്.
ടര്‍ബിഡിറ്റി സംബന്ധിച്ച് 'ദ്വീപ്' നില്‍ക്കുന്ന പ്രദേശത്തെ കണക്കുകള്‍
ആര്‍ക്കവീസ് എന്ന തന്‍റെ ബ്ലോഗില്‍ സമുദ്രത്തിന്‍റെ അടിത്തട്ടിന്‍റെ ഡാറ്റകള്‍ വച്ചും അര്‍ജ്ജുന്‍ ഗംഗാധരന്‍ പുതിയ ദ്വീപ് എന്ന വാദത്തിന്‍റെ സാധുത തള്ളിക്കളയുന്നുണ്ട്. സമുദ്രത്തിന്‍റെ അടിത്തട്ടിനെക്കുറിച്ചുള്ള പഠനമാണ് ബാത്തിമെട്രി (Bathymetry) ഇതില്‍ തന്നെ മുന്‍നിര പഠനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന അന്തരാഷ്ട്ര സമുദ്രപഠന ഓര്‍ഗനൈസേഷന്‍റെ കീഴിലുള്ള ജനറല്‍ ബാത്തിമെട്രിക്ക് ചാര്‍ട്ട് ഓഫ് ഓഷ്യന്‍. ഇവരുടെ ഏറ്റവും പുതിയ 2020 ഡാറ്റകള്‍ ത്രിമാന ചിത്രങ്ങളാക്കി മാറ്റി നടത്തിയ അന്വേഷണത്തില്‍ 'പയറുമണി ദ്വീപ്' നില്‍ക്കുന്നു എന്ന് പറയുന്ന സ്ഥലത്ത് യാതൊരു മാറ്റവും സമീപകാലത്ത് സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇത് സംബന്ധിച്ചുള്ള ത്രിമാന ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കപ്പല്‍ ചാല്‍ പോലെ കൊച്ചി തീരത്ത് നിന്നും താഴ്ന്ന് കിടക്കുന്ന രീതിയിലാണ് ഈ പ്രദേശം കാണുവാന്‍ സാധിക്കുന്നത്.
GEBCO 2O2O ഡാറ്റയുടെ ത്രിമാന ചിത്രീകരണം, ലക്ഷദ്വീപില്‍ നിന്നും ഇന്ത്യന്‍ തീരത്തേക്ക്, ചുവപ്പ് കളറില്‍ അടയാളപ്പെടുത്തിയതാണ് 'ദ്വീപ്' ഉണ്ടെന്ന് പറയുന്ന സ്ഥലം.
ഇതിനൊപ്പം തന്നെ ഗൂഗിള്‍ എര്‍ത്തില്‍ അല്ലാതെ സ്വതന്ത്ര്യമായ ലഭിക്കുന്ന വിവിധ സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചാലും കൊച്ചിതീരത്ത് ഒരു ദ്വീപ് രൂപീകരിക്കപ്പെടുന്നതിന്‍റെ ഒരു തെളിവും കാണുവാന്‍ സാധിക്കുന്നില്ല എന്നാണ് ഗവേഷകന്‍ അര്‍ജുന്‍ ഗംഗാധരന്‍ പറയുന്നത്.
മറ്റ് ഹൈറെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങള്‍
ESRI World Imagery
Maxxar Premium Imagery
ഇതിനൊപ്പം കൊച്ചിതീരമായ ചെല്ലാനത്തെ തീരശോഷണവും 'പുതിയ ദ്വീപ്' കണ്ടെത്തലുമായി ബന്ധപ്പെടുത്തുന്ന വാദങ്ങളും ഗവേഷകര്‍ തള്ളുന്നുണ്ട്. 'പുതിയ ദ്വീപ്' എന്നത് തന്നെ അപ്രസക്തമായ വാദമായതിനാല്‍, ചെല്ലാനം തീരശോഷണം കൂടുതല്‍ ശാസ്ത്രീയ പഠനം ആവശ്യമായ കാര്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.