തീതുപ്പുന്ന ഡ്രാഗണ്‍ കുഞ്ഞോ! ഒരു നിമിഷം കൊണ്ട് പൊട്ടിത്തെറിച്ച് സൂര്യന്‍, വിസ്‌മയ ചിത്രം പകര്‍ത്തി നാസ
കണ്ണടച്ച് തുറക്കും വേഗവും കണ്ണടപ്പിക്കുന്ന തീജ്വാലയും, സൂര്യന്‍റെ ആകാശ വിസ്‌മയം പകര്‍ത്തി സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി
കാലിഫോര്‍ണിയ: ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 14ന് സൂര്യനില്‍ നിന്ന് അതിശക്തമായ സൗരജ്വാലയുണ്ടായതായി സ്ഥിരീകരിച്ച് നാസ. സൂര്യന്‍ തീതുപ്പുന്ന ചിത്രം സഹിതമാണ് നാസ ഞെട്ടിക്കുന്ന കാഴ്ച ശാസ്ത്ര ലോകത്തെ അറിയിച്ചത്. പതിനാലാം തിയതി ഈസ്റ്റേണ്‍ ടൈം രാവിലെ 11.29നായിരുന്നു സൗജജ്വാല പാരമ്യതയിലെത്തിയത്. നാസയുടെ ബഹിരാകാശ പേടകമായ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് അതിശക്തമായ സൗരജ്വാലയുടെ ചിത്രം പകര്‍ത്തിയത്.
X-ക്ലാസിലുള്ള x4.5 വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും ശക്തമായ സൗരജ്വാലയാണിത്. സൗജജ്വാലകള്‍ അതിശക്തമായ റേഡിയേഷന്‍ പുറപ്പെടുവിക്കാറുണ്ട്. ഇവ സാധാരണയായി ഭൂമിയുടെ അന്തരീക്ഷം കടന്ന് മനുഷ്യന് നേരിട്ട് ആഘാതമേല്‍പിക്കാറില്ലെങ്കിലും ജിപിഎസ് പോലുള്ള നാവിഗേഷന്‍ സിഗ്നലുകള്‍, റേഡിയോ സംപ്രേഷണം, പവര്‍ഗ്രിഡുകള്‍ എന്നിവ തകരാറിലാക്കാറുണ്ട്. അതിനാലാണ് നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി സൂര്യനെയും സൗരജ്വാലകളെയും കണ്ണിമ ചിമ്മാതെ നിരീക്ഷിക്കുന്നത്. സൂര്യന്‍റെ അന്തര്‍ഭാഗത്തെയും അന്തരീക്ഷത്തെയും മാഗ്‌നറ്റിക് ഫീല്‍ഡിനെയും ഊര്‍ജപ്രവാഹത്തെയും കുറിച്ച് സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി പഠിക്കുന്നു. 2010 ഫെബ്രുവരി 11നാണ് ഇത് വിക്ഷേപിച്ചത്. സൂര്യന്‍ ഏതെങ്കിലും തരത്തില്‍ ഭൂമിക്ക് അപകടമായി മാറുന്നുണ്ടോയെന്ന് മുന്നറിയിപ്പ് നല്‍കാന്‍ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിക്കാകും.
മുമ്പ് ജൂലൈ 13ന് സൂര്യനില്‍ നിന്ന് ശക്തമായ സൗരജ്വാല ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചിരുന്നു. ഭൗമാന്തരീക്ഷത്തിന് മുകളില്‍ വലിയൊരു ഫ്ലാഷ്‌ലൈറ്റ് പോലെ സൗരജ്വാല പ്രത്യക്ഷപ്പെടുന്നത് അന്ന് സോളാര്‍ ഡൈനാമിക്‌സ് ഒബസെര്‍വേറ്ററി പകര്‍ത്തിയ ചിത്രത്തിലുണ്ടായിരുന്നു. സൗരജ്വാലയെ തുടര്‍ന്ന് ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ അരമണിക്കൂറോളം റേഡിയോ സിഗ്നലിന് തടസം നേരിട്ടിരുന്നു.
സൂര്യനെ പോലെയുള്ള നക്ഷത്രങ്ങളുടെ അന്തരീക്ഷങ്ങളിലുണ്ടാകുന്ന ശക്തമായ പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടാകുന്ന ഊര്‍ജപ്രവാഹത്തെയാണ് സൗരജ്വാല എന്ന് പറയുന്നത്. ഇത്തരം ഊര്‍ജപ്രവാഹത്തെ തുടര്‍ന്നുണ്ടാകുന്ന എക്‌സ്-റേ, അൾട്രാവയലറ്റ് വികിരണങ്ങൾ ഭൂമിയുടെ അയണോസ്‌ഫയറിനെ ബാധിക്കും. ഭൂമിയുടെ പ്രതലത്തിലേക്ക് ഇവ കടന്നുവരാറില്ലെങ്കിലും നേരത്തെ സൂചിപ്പിച്ചതുപോലെ സൗരജ്വാല വഴിയുണ്ടാകുന്ന ശക്തമായ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ റേഡിയോ സംപ്രേഷണം, ഉപഗ്രഹങ്ങള്‍, ജിപിഎസ് പോലുള്ള നാവിഗേഷന്‍ സിഗ്‌നലുകള്‍, പവര്‍ഗ്രിഡുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താറുമാറാക്കാറുണ്ട്. സമാനമായി ബഹിരാകാശവാഹനങ്ങള്‍ക്കും ബഹിരാകാശസഞ്ചാരികള്‍ക്കും സൗരജ്വാല ഭീഷണിയാണ്. ചില സൗരജ്വാലകളുടെ ഭാഗമായി കൊറോണൽ മാസ് ഇജക്ഷന്‍ (സിഎംഇ) സംഭവിക്കാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം