Asianet News MalayalamAsianet News Malayalam

കൃത്രിമ ചൊവ്വയില്‍ കഴിഞ്ഞത് 374 ദിവസം; കാത്തിരുന്ന വിവരങ്ങളുമായി അവര്‍ 'ഭൂമിയിലേക്ക്' മടങ്ങിയെത്തി

പച്ചക്കറികള്‍ വളര്‍ത്തി ഭക്ഷിച്ചും ഭൂമിയിലേക്ക് സന്ദേശങ്ങള്‍ അയച്ചും ഒരു വര്‍ഷത്തിലധികം ഇവര്‍ പ്രത്യേക പാര്‍പ്പിടത്തില്‍ ജീവിച്ചു 

The first CHAPEA mission crew living inside simulated mars habitat for a year came out
Author
First Published Jul 8, 2024, 8:53 AM IST | Last Updated Jul 8, 2024, 8:56 AM IST

ഹൂസ്റ്റണ്‍: ചൊവ്വാ ദൗത്യങ്ങൾക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഒരു വർഷത്തിലധികം നാസയുടെ പ്രത്യേക പാർപ്പിടത്തിൽ കഴിഞ്ഞ നാല് ഗവേഷകർ പുറത്തെത്തി. ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങൾ കൃത്രിമമായുണ്ടാക്കി 374 ദിവസമാണ് നാല് പേരെ പാർപ്പിച്ചത്. നാസയുടെ പ്രത്യേക പരീക്ഷണം 'ചാപിയ' എന്ന പേരിലാണ് അറിയപ്പെടുന്നത്. മാർസ് ഡൂൺ ആൽഫ എന്ന പേരും ഈ പരീക്ഷണത്തിനുണ്ട്. 

ഹൂസ്റ്റണിലെ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ജോണ്‍സണ്‍ സ്പേസ് സെന്‍ററിലാണ് ചാപിയ പരീക്ഷണം നടന്നുവന്നിരുന്നത്. 1700 ചതുരശ്ര അടി വലിപ്പമുള്ള കൃത്രിമ ചൊവ്വാ ഗ്രഹമാണ് ഇതിനായി നാസയിലെ ശാസ്ത്രജ്ഞരും എഞ്ചനീയര്‍മാരും തയ്യാറാക്കിയത്. കെല്ലി ഹാസ്റ്റണ്‍, അന്‍കാ സെലാരിയൂ, റോസ് ബ്രോക്ക്‌വെല്‍, നേഥന്‍ ജോണ്‍സ് എന്നിവരായിരുന്നു ഈ പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍. 2023 ജൂണിലാണ് നാല്‍വര്‍ സംഘം ചൊവ്വയിലേതിന് സാദൃശ്യമായ പ്രത്യേക പാര്‍പ്പിടത്തിലേക്ക് പ്രവേശിച്ചത്. പ്രത്യേകം തയ്യാറാക്കിയ പാര്‍പ്പിടത്തില്‍ നിന്ന് ഒരു വര്‍ഷത്തെ താമസത്തിന് ശേഷം നാല് ഗവേഷകരും പുറത്തുവരുന്നത് നാസ തല്‍സമയം സംപ്രേഷണം ചെയ്തു. 

ചൊവ്വാ ഗ്രഹത്തിൽ ഒരു വർഷം താമസിക്കുന്നത് മനുഷ്യ ശരീരത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളേക്കുറിച്ച് പഠിക്കുകയായിരുന്നു ഈ പരീക്ഷണത്തിന്‍റെ പ്രധാന ഉദേശ്യം. കൃത്രിമ ചൊവ്വാ ഗ്രഹത്തിലെ താമസക്കാര്‍ ചൊവ്വയിലെ പോലെ നടക്കുകയും പച്ചക്കറികള്‍ വളര്‍ത്തുകയും ചെയ്തിരുന്നു. ചൊവ്വയില്‍ എത്തിയാല്‍ ഭൂമിയുമായി ബന്ധപ്പെടുന്നതില്‍ വരുന്ന കാലതാമസം ഇവര്‍ അനുഭവിച്ചറിഞ്ഞു. ഉപകരണങ്ങൾ പരാജയപ്പെടുന്നതും ഭൂമിയുമായി ബന്ധങ്ങളിൽ തടസങ്ങൾ നേരിടുന്നതടക്കമുള്ള വെല്ലുവിളികളെ കുറിച്ച് സംഘം പഠിച്ചു. പരീക്ഷണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ചൊവ്വയിലേക്ക് ആദ്യ പര്യവേഷകരെ അയക്കുന്നതിന് മുമ്പ് ഏറ്റവും നിര്‍ണായകമായ വിവരങ്ങള്‍ 'ചാപിയ' പരീക്ഷണം നല്‍കും എന്നാണ് നാസയുടെ പ്രതീക്ഷ. 

Read more: ട്വിറ്ററിന് ചെക്കുവച്ച് ത്രഡ്‌സ്; ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യ മുന്‍നിരയില്‍, ഹോട്ട് ടോപിക് ക്രിക്കറ്റും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios