Doorway on Mars : 'ചൊവ്വയിലെ വാതില്‍ എങ്ങോട്ട്' : 'ക്യൂരിയോസിറ്റി' അയച്ച ചിത്രം ദുരൂഹതയാകുന്നു
ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ഇപ്പോള്‍ ചര്‍ച്ചയായ ചിത്രം എടുത്തത്. ചൊവ്വയിലെ ഗ്രീൻഹ്യൂ പെഡിമെന്റെ എന്ന മേഖലയിൽ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.
നാസയുടെ ക്യൂരിയോസിറ്റി പരിവേഷണ വാഹനം ( NASA's Curiosity rover) ചൊവ്വയില്‍ (Mars) നിന്നും അയച്ച ചിത്രമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ ചര്‍ച്ച. ചിത്രത്തില്‍ ചൊവ്വയില്‍ ഒരു കവാടത്തിന് സമാനമായ ഒരു ഭാഗം (Doorway on Mars) ഉണ്ട് എന്നതാണ് ഈ ചര്‍ച്ചയ്ക്ക് വഴിവച്ചത്. അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്കു തുറക്കുന്ന കവാടമാണെന്ന നിലയിൽ അഭ്യൂഹം പ്രചരിച്ചുതുടങ്ങിയിട്ടുണ്ട് 'ഏലിയന്‍ കോണ്‍സ്പിരന്‍സി' വിഭാഗക്കാര്‍ക്കിടയില്‍.
ക്യൂരിയോസിറ്റിയുടെ മാസ്റ്റ്ക്യാം എന്ന ക്യാമറയാണ് ഇപ്പോള്‍ ചര്‍ച്ചയായ ചിത്രം എടുത്തത്. ചൊവ്വയിലെ ഗ്രീൻഹ്യൂ പെഡിമെന്റെ എന്ന മേഖലയിൽ നിന്നാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. 2012 ഓഗസ്റ്റിലാണ് ക്യൂരിയോസിറ്റി റോവർ മാസങ്ങൾ നീണ്ട യാത്രകൾക്കു ശേഷം ചൊവ്വയിലെ ഈ പ്രദേശത്ത് എത്തിയത്. 2014 മുതൽ ഗാലി ക്രേറ്ററിലെ കേന്ദ്ര കൊടുമുടിയായ ഷാർപ് പർവതം അഥവാ ഏയോലിസ് മോൻസ് മേഖലയിലാണ് ക്യൂരിയോസിറ്റിയുള്ളത്. അഞ്ചരക്കിലോമീറ്റർ പൊക്കമുള്ളതാണ് ഈ കൊടുമുടി.
ദ്രവീകൃത ജലം ഉണ്ടായിരുന്ന ചൊവ്വ കാലഘട്ടത്തിൽ 200 കോടി വർഷങ്ങളോളം ഇവിടെയുള്ള ഏതോ പുഴ നിക്ഷേപിച്ച പാറകളിലും ധാതുനിക്ഷേപത്തിലുമാണ് ഏയോലിസ് മോൻസ് മേഖല ഉണ്ടായത് എന്നാണ് ശാസ്ത്രകാരന്മാരുടെ അനുമാനം. ഷാർപ് കൊടുമുടിയു ഭാഗമാണ് ഗ്രീൻഹ്യൂ പെഡിമെന്റെ. കഴിഞ്ഞ മാസം മുതൽ പെഡിമെന്റിന്റെ തെക്കേവശത്തുകൂടിയാണ് ക്യൂരിയോസിറ്റി നീങ്ങുന്നത്.
നേരത്തെ ചൈനയിൽ ഇറങ്ങിയ ചൈനയുടെ യുടു 2 റോവർ ക്യൂബ് ആകൃതിയുള്ള ഏതോ വസ്തുവിന്റെ ചിത്രം പകർത്തിയിരുന്നു. ചന്ദ്രനിലെ വീട് എന്ന നിലയിൽ ഈ ചിത്രം അന്യഗ്രഹജീവി സിദ്ധാന്തക്കാർക്കിടയിൽ പ്രശസ്തമായി. ഇതൊരു പാറക്കെട്ടാണെന്നു പിന്നീട് തെളിഞ്ഞു.
എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ രൂപം, അന്യഗ്രഹജീവികളുടെ സങ്കേതത്തിലേക്കു തുറക്കുന്ന കവാടമാണെന്ന വാദത്തിനൊന്നും സ്ഥിരീകരണം നല്‍കാന്‍ നാസ തയ്യാറായിട്ടില്ല. അതേ സമയം ഇത് സംബന്ധിച്ച ചില ഓണ്‍ലൈന്‍ ചര്‍ച്ച ഫോറങ്ങളില്‍ ചില ഗവേഷകര്‍ ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം ശ്രദ്ധേയമാണ്.
ചിലപ്പോൾ ഇതു പാറയിടുക്കിലുണ്ടായ ഏതെങ്കിലും തരം ഘടനാവ്യത്യാസമാകാമെന്നാണ് പ്രധാന അഭിപ്രായം. ചൊവ്വയിലും ഭൂമിയിലെ പോലെ പ്രകമ്പനങ്ങള്‍ സാധാരണമാണ്. വലിയൊരു പ്രകമ്പനം കഴിഞ്ഞ മേയ് നാലിനു സംഭവിച്ചിരുന്നു. ഇത്തരം കമ്പനങ്ങളുടെ ഭാഗമായി പാറക്കെട്ടുകളിലും മറ്റും പിളർപ്പുകളും വിടവുകളും സാധാരണമാണ്. ഇത്തരത്തില്‍ സംഭവിച്ചതാകാം എന്നാണ് പ്രധാനമായും ഉയരുന്ന വ്യാഖ്യാനം. എന്നാല്‍ ഇത് വിശ്വസിക്കാന്‍ 'ഏലിയന്‍ കോണ്‍സ്പിരന്‍സി' വിഭാഗക്കാര്‍ തയ്യാറായിട്ടില്ല. അതിനാല്‍ ദുരൂഹ കവാടം വാദം കുറച്ചുകാലം നീണ്ടു നിന്നേക്കും.