ഇന്ന് ചാന്ദ്രവിസ്‌മയം, അപൂര്‍വ സംഗമമായി 'സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍'; ഇന്ത്യയില്‍ എത്ര മണിക്ക് കാണാം?
രണ്ട് തരം ബ്ലൂ മൂണുകളുണ്ട്. ഇതിന് നീല നിറവുമായി യാതൊരു ബന്ധവുമില്ല എന്നറിയുമോ...
അത്യപൂര്‍വമായി ഒന്നിച്ചുവരുന്ന 'സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍' ഇന്ന്. ചന്ദ്രനെ ഭൂമിയില്‍ നിന്ന് ഏറ്റവും വലിപ്പത്തിലും തെളിമയിലും കാണാനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ശാസ്ത്രകുതുകികള്‍. അടുത്ത മൂന്ന് ദിവസം ഈ ആകാശക്കാഴ്‌ച തുടരും എന്നാണ് നാസയുടെ പ്രവചനം. ഈ വര്‍ഷത്തെ അടുത്ത മൂന്ന് സൂപ്പര്‍മൂണുകള്‍ സെപ്റ്റംബര്‍ 17നും (ഹാര്‍വെസ്റ്റ് മൂണ്‍), ഒക്ടോബര്‍ 17നും (ഹണ്ടേഴ്‌സ് മൂണ്‍), നവംബര്‍ 15നും (ബീവര്‍ മൂണ്‍) കാണാം.
ഈസ്റ്റേൺ ടൈം അനുസരിച്ച് ഇന്ന് 2:26 PMനാണ് സൂപ്പര്‍മൂണ്‍ ബ്ലൂമൂണ്‍ ദൃശ്യമാവുക. ഇന്ത്യന്‍സമയം രാത്രി 11.56 മുതല്‍ സൂപ്പര്‍മൂണ്‍ കണ്ടുതുടങ്ങും. ഓഗസ്റ്റ് 20 പുലര്‍ച്ചെ വരെ ബ്ലൂമൂണ്‍ ഇന്ത്യയില്‍ കാണാം.
ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് നോള്‍ 1979ലാണ് ചന്ദ്രന്‍ ഭൂമിയുടെ 90 ശതമാനം അടുത്തെത്തുന്നതിന് സൂപ്പര്‍മൂണ്‍ എന്ന പേര് നല്‍കിയത്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിലേക്ക് എത്തുന്നതിലാണ് ഇത്ര പൂര്‍ണതയില്‍ ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ കഴിയുന്നത്. സൂപ്പര്‍മൂണുകള്‍ ഭൂമിയില്‍ നിന്നുള്ള കാഴ്ചയില്‍ ചന്ദ്രന്‍റെ കൂടുതല്‍ വലിപ്പവും വെളിച്ചവും കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. 30 ശതമാനം അധികം ബ്രൈറ്റ്‌നസും 14 ശതമാനം അധികവലിപ്പവും സൂപ്പര്‍മൂണ്‍ ദിനത്തില്‍ ചന്ദ്രനുണ്ടാകും.
എന്താണ് ബ്ലൂ മൂണ്‍?
രണ്ട് തരം ബ്ലൂ മൂണുകളുണ്ട്. ഇതിന് നീല നിറവുമായി യാതൊരു ബന്ധവുമില്ല. നാല് ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെ സാധാരണയായി ബ്ലൂ മൂണ്‍ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിലുള്ള ഫുള്‍ മൂണാണ് ഇന്ന് കാണാന്‍ പോകുന്നത്. ഒരു കലണ്ടര്‍ മാസത്തിനിടെ ദൃശ്യമാകുന്ന രണ്ടാമത്തെ ഫുള്‍ മൂണും അറിയപ്പെടുന്നത് ബ്ലൂ മൂണ്‍ എന്നുതന്നെയാണ്. 1528ലാണ് ആദ്യ ബ്ലൂ മൂണ്‍ രേഖപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്. 1940കളിലാണ് മാസത്തിലെ രണ്ടാം ഫുള്‍ മൂണിനെ ബ്ലൂ മൂണ്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്.
Read more: ഓഗസ്റ്റ് 19ന് സൂപ്പര്‍മൂണ്‍, അതും ബ്ലൂമൂണ്‍! ചാന്ദ്രവിസ്‌മയം കാണുന്ന സമയം അറിയാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം