അന്ന മേനോന്‍ കാത്തിരിക്കണം, ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം വൈകും; പൊളാരിസ് ഡോണ്‍ വിക്ഷേപണം മാറ്റി
ഹീലിയം ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിക്ഷേപണം നാളേക്ക് മാറ്റുകയായിരുന്നു
ഫ്ലോറിഡ: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യമായ പൊളാരിസ് ഡോണിന്‍റെ വിക്ഷേപണം നാളത്തേക്ക് മാറ്റി. ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:08ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് പൊളാരിസ് ഡോണ്‍ വിക്ഷേപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഹീലിയം ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റുകയായിരുന്നു. കുറഞ്ഞത് 24 മണിക്കൂറെങ്കിലും ശേഷമായിരിക്കും ഇനി വിക്ഷേപണം നടക്കുക എന്നാണ് റിപ്പോര്‍ട്ട്.
ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പൊളാരിസ് ഡോണിന്‍റെ വിക്ഷേപണം നാളെ നടക്കും. സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകത്തിലാണ് നാല് സഞ്ചാരികളുടെ ബഹിരാകാശ യാത്ര. സ്പേസ് എക്സിന്‍റെ തന്നെ ഫാൽക്കൺ 9 ആണ് വിക്ഷേപണ വാഹനം. അമേരിക്കൻ ശതകോടീശ്വരൻ ജാറെഡ് ഐസക്മാനാണ് ദൗത്യ സംഘത്തലവൻ. മുൻ യുഎസ് വ്യോമസേന പൈലറ്റ് സ്കോട്ട് പൊട്ടീറ്റ്, സ്പേസ് എക്സിലെ എഞ്ചിനീയർമാരായ സാറാ ഗില്ലിസ്, അന്ന മേനോൻ എന്നിവരാണ് ബഹിരാകാശ യാത്രയിലെ മറ്റ് അംഗങ്ങൾ. ജാറെഡും സാറാ ഗിലിസുമാണ് പ്രത്യേക ബഹിരാകാശ വസ്ത്രം ധരിച്ച് പേടകത്തിന് പുറത്തിറങ്ങുക. ഭൂമിയിൽ നിന്ന് 700 കിലോമീറ്റർ ദൂരത്തിൽ വച്ചായിരിക്കും ബഹിരാകാശ നടത്തം. അഞ്ച് ദിവസം ഇവർ ബഹിരാകാശത്ത് ചെലവഴിക്കും. വളരെ അപകടം പിടിച്ച ബഹിരാകാശ ദൗത്യമാണിത്.
പൊളാരിസ് ഡോണിന്‍റെ വിക്ഷേപണം സ്പേസ് എക്‌സ് തത്സമയം സംപ്രേഷണം ചെയ്യും. സ്പേസ് എക്‌സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ വിക്ഷേപണത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് മുതല്‍ ഇത് കാണാം. റോക്കറ്റിലേക്ക് ഹീലിയം എത്തിക്കുന്ന ഒരു പൈപ്പിലെ ചോര്‍ച്ച സ്പേസ് എക്‌സിലെ എഞ്ചിനീയര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. അതേസമയം ഫാല്‍ക്കണ്‍ റോക്കറ്റും ഡ്രാഗണ്‍ പേടകവും സുരക്ഷിതമാണെന്നും ക്രൂ യാത്രയ്ക്ക് തയ്യാറെടുക്കുമെന്നും സ്പേസ് എക്‌സ് അറിയിച്ചു. നാളെക്ക് നാല് വിക്ഷേപണ സമയം സ്പേസ് എക്‌സ് നിശ്ചയിച്ചിട്ടുണ്ട്. അതിനാല്‍തന്നെ നാളെ പൊളാരിസ് ഡോണ്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം.
Read more: പസഫിക് സമുദ്രത്തിന് മുകളില്‍ കൂണ്‍മൊട്ട് പോലെ ചന്ദ്രന്‍; ബഹിരാകാശ ചിത്രം വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം