Asianet News MalayalamAsianet News Malayalam

ആശ്വാസ വാര്‍ത്ത; സുനിത വില്യംസ് മടങ്ങാനുള്ള ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

സ്പേസ് എക്‌സിന്‍റെ ക്രൂ-9 ദൗത്യത്തിനായി പോയത് രണ്ട് പേര്‍, മടങ്ങിവരിക നാല് പേരും

SpaceX Crew 9 Dragon spacecraft will rescue Sunita Williams from space has safely reached ISS
Author
First Published Sep 30, 2024, 3:07 PM IST | Last Updated Sep 30, 2024, 3:12 PM IST

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജ സുനിത വില്യംസിന് ഭൂമിയിലേക്ക് മടങ്ങിവരാനുള്ള സ്പേസ് എക്‌സിന്‍റെ ക്രൂ-9 ഡ്രാഗണ്‍ പേടകം (ഫ്രീഡം) ഐഎസ്എസിലെത്തി. നിക്ക് ഹഗ്യൂ, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരെയും വഹിച്ചാണ് ഡ്രാഗണ്‍ ഫ്രീഡം പേടകം ബഹിരാകാശ നിലയത്തില്‍ വിജയകരമായി ഡോക് ചെയ്‌തത്. 2025 ഫെബ്രുവരിയിലെ മടക്കയാത്രയില്‍ ഈ ഡ്രാഗണ്‍ പേടകം ഇരുവര്‍ക്കും പുറമെ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഭൂമിയില്‍ തിരിച്ചെത്തിക്കും. 

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അഞ്ച് മാസം നീണ്ട പരീക്ഷണങ്ങള്‍ക്കായാണ് സ്പേസ് എക്‌സിന്‍റെ ക്രൂ-9 ദൗത്യത്തില്‍ 2024 സെപ്റ്റംബര്‍ 29ന് നിക്ക് ഹഗ്യൂവും അലക്സാണ്ടര്‍ ഗോര്‍ബുനോവും ഫ്ലോറിഡയിലെ എസ്എല്‍സി-40 ലോഞ്ച് പാഡില്‍ നിന്ന് കുതിച്ചുയര്‍ന്നത്. നിക്കായിരുന്നു ക്രൂ-9ന്‍റെ കമാന്‍ഡര്‍. മുന്‍നിശ്ചയിച്ച പ്രകാരം ഡ്രാഗണ്‍ ഫ്രീഡം ബഹിരാകാശ പേടകം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക് ചെയ്തു. സുനിത വില്യംസിന്‍റെ നേതൃത്വത്തില്‍ ഐഎസ്എസിലുള്ള നിലവിലെ സഞ്ചാരികള്‍ ഇരുവരെയും ബഹിരാകാശത്തേക്ക് സ്വാഗതം ചെയ്തു. ഡ്രാഗണ്‍ ഫ്രീഡം ഡോക് ചെയ്യുന്നതും നിക്കും ഗോര്‍ബുനോവും നിലയത്തിലെ മറ്റ് സഞ്ചാരികള്‍ക്കൊപ്പം ചേരുന്നതും നാസയും സ്പേസ് എക്‌സും വീഡ‍ിയോ സഹിതം ട്വീറ്റ് ചെയ്തു.

2025 ഫെബ്രുവരിയില്‍ നിക്ക് ഹഗ്യൂവിനെയും അലക്സാണ്ടര്‍ ഗോര്‍ബുനോവിനെയും വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്ക് മടങ്ങിവരുമ്പോള്‍ സുനിത വില്യംസും ബുച്ച് വില്‍മോറും കൂടെയുണ്ടാകും. ഇരുവര്‍ക്കുമുള്ള കസേരകള്‍ ഒഴിച്ചിട്ടാണ് ഡ്രാഗണ്‍ പേടകത്തെ നാസയും സ്പേസ് എക്സും ചേര്‍ന്ന് ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചത്. 

2024 ജൂൺ ആറിനാണ് ബോയിംഗിന്‍റെ സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ഐഎസ്എസില്‍ എത്തിയ ഇരുവര്‍ക്കും സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനായില്ല. ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകള്‍ക്ക് തകരാറുമുണ്ടായിരുന്ന സ്റ്റാർലൈനർ പേടകത്തില്‍ യാത്ര സുരക്ഷിതമല്ല എന്ന് മനസിലാക്കി 2025 ഫെബ്രുവരിയില്‍ ഡ്രാഗണ്‍ പേടകത്തില്‍ മതി സുനിതയുടെയും ബുച്ചിന്‍റെയും മടക്കം എന്ന് നാസ തീരുമാനിക്കുകയായിരുന്നു. അതിനാല്‍ ബോയിംഗ് സ്റ്റാർലൈനർ പേടകത്തെ യാത്രക്കാരില്ലാതെ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് നാസ ചെയ്തത്. സുനിതയും ബുച്ചും നൂറ് ദിവസം ഐഎസ്എസില്‍ പിന്നിട്ടുകഴിഞ്ഞു. 

Read more: രണ്ട് സീറ്റ് ഒഴിച്ചിട്ട് ഡ്രാഗണ്‍ ക്യാപ്‌സൂള്‍, സുനിത വില്യംസിന് ശുഭ വാര്‍ത്ത; ക്രൂ-9 ദൗത്യം വിക്ഷേപിച്ചു    

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios