500 കിലോ ഭാരം, കൂറ്റന്‍ ലോഹവളയം ആകാശത്ത് നിന്ന് പതിച്ചു; വിറച്ചോടി ഗ്രാമവാസികള്‍, രക്ഷപ്പെടല്‍ തലനാരിഴയ്ക്ക്
വിക്ഷേപണത്തിന് ശേഷം റോക്കറ്റില്‍ നിന്നുള്ള ഭാഗം ഭൂമിയില്‍ അപകടകരമായ രീതിയില്‍ പതിക്കുകയായിരുന്നു എന്ന് കരുതുന്നു
മുകുകു: ബഹിരാകാശ മാലിന്യങ്ങള്‍ മനുഷ്യരാശിക്ക് തന്നെ വലിയ ഭീഷണിയാകുമെന്ന ആശങ്കകള്‍ക്ക് ആക്കം കൂട്ടി കെനിയയില്‍ നിന്നൊരു വാര്‍ത്ത. ഏതോ ബഹിരാകാശ റോക്കറ്റിന്‍റെത് എന്ന് കരുതുന്ന കൂറ്റന്‍ ലോഹവളയം മണ്ണില്‍ പതിച്ചതിന്‍റെ ഞെട്ടലിലാണ് കെനിയയിലെ മുകുകു ഗ്രാമവാസികള്‍. ഈ ലോഹ കഷണത്തെ കുറിച്ച് കെനിയന്‍ സ്പേസ് ഏജന്‍സി അന്വേഷണം ആരംഭിച്ചു.
ഏകദേശം 2.5 മീറ്റര്‍ വ്യാസവും 500 കിലോഗ്രാം ഭാരവുമുള്ള കൂറ്റന്‍ ലോഹവളയം കെനിയയില്‍ ആകാശത്ത് നിന്ന് പതിച്ചതായി കെനിയ സ്പേസ് ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. 2024 ഡിസംബര്‍ 30നാണ് ഈ ലോഹവളയം കെനിയയിലെ മുകുകു ഗ്രാമത്തില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പതിച്ചത്. ഇതൊരു ബഹിരാകാശ വിക്ഷേപണ വാഹനത്തിന്‍റെ സെപ്പറേഷന്‍ റിങ് ആണെന്നാണ് കെനിയ ബഹിരാകാശ ഏജന്‍സിയുടെ പ്രാഥമിക നിഗമനം. വിക്ഷേപണത്തിന് ശേഷം ഭൂമിയില്‍ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ കത്തിത്തീരുന്ന രീതിയിലോ കടല്‍ പോലുള്ള ആള്‍ത്താമസമില്ലാത്ത ഇടങ്ങളില്‍ പതിക്കുന്ന രീതിയിലോ ആണ് ഇവ സാധാരണയായി രൂപകല്‍പന ചെയ്യാറ്. ഈ ലോഹവളയം ഭൂമിയില്‍ പതിച്ചത് അസാധാരണ സംഭവമാണ്. രാജ്യാന്തര ബഹിരാകാശ നിയമങ്ങളുടെ ചട്ടക്കൂട് അനുസരിച്ച് ഈ സംഭവം അന്വേഷിക്കും എന്നും ഏജന്‍സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വിശദ പരിശോധനകള്‍ക്കായി ലോഹവളയം വീണ പ്രദേശം കെനിയന്‍ സ്പേസ് ഏജന്‍സിയുടെ നിയന്ത്രണത്തിലാണ്.
ഇത് ബഹിരാകാശ മാലിന്യമല്ല എന്ന തര്‍ക്കവും സജീവമായിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോള്‍ ചൂടായതിന്‍റെ യാതൊരു അടയാളവും ഈ ലോഹവളയത്തിന് കാണുന്നില്ലെന്നാണ് വാന നിരീക്ഷകനായ ജൊനാഥന്‍ മക്‌ഡൊവെല്ലിന്‍റെ അഭിപ്രായം. അതേസമയം ബഹിരാകാശ അവശിഷ്ടങ്ങള്‍ യാതൊരു കേടുപാടുമില്ലാതെ ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും സജീവം.
Read more: കണ്ടോ പിന്നില്‍ മനോഹര ഭൂമി! ബഹിരാകാശത്ത് നിന്ന് ആദ്യ സെല്‍ഫി വീഡിയോയുമായി സ്പേഡെക്‌സ് ചേസര്‍ ഉപഗ്രഹം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം