സൂര്യൻ ഇത്തിരി കലിപ്പിലാണ്; വരാനിരിക്കുന്നത് വലിയ പ്രത്യാഘാതങ്ങളോ?
സൗരചക്രത്തിലെ അതിശക്തവും സജീവവുമായ സൗരപ്രവര്‍ത്തനങ്ങള്‍ 2025ല്‍ കൂടുതല്‍ സൗരക്കാറ്റിനും ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകള്‍ക്കും ധ്രുവദീപ്തിക്കും വഴിയൊരുക്കിയേക്കും എന്ന് അനുമാനം
കാലിഫോര്‍ണിയ: 2025-ൽ സൗരപ്രവർത്തനങ്ങള്‍ അതിന്‍റെ ഉയർന്ന നില നിലനിർത്തിയേക്കുമെന്ന് സൂചന. സൗരചക്രം 25ന്‍റെ സുപ്രധാനഘട്ടത്തെ അടയാളപ്പെടുത്തുന്നതായിരിക്കും വരും വര്‍ഷത്തെ സൗരപ്രവര്‍ത്തനങ്ങള്‍ എന്നാണ് അനുമാനം.
സൗരചക്രം പുരോഗമിക്കുമ്പോൾ സൗരജ്വാലകൾ, കൊറോണൽ മാസ് ഇജക്ഷനുകൾ (CME-കൾ), ജിയോമാഗ്നറ്റിക് കൊടുങ്കാറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഉയർന്ന സൗരപ്രതിഭാസങ്ങൾ ആഘാതം സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടലുകൾ. വരും വർഷത്തിൽ പൂർണ്ണ സൂര്യഗ്രഹണം ഉണ്ടാകില്ലെങ്കിലും, മാർച്ച്, സെപ്റ്റംബർ മാസങ്ങളിൽ ഭാഗിക ഗ്രഹണമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, ന്യൂസിലാൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ ഇത് ദൃശ്യമാകും. സൂര്യന്‍റെ വർധിച്ച പ്രവർത്തനം വരാനിരിക്കുന്ന വർഷങ്ങളിൽ കാര്യമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക.
നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍റെ (NOAA) ഡാറ്റ അനുസരിച്ച്, സൂര്യൻ ഇപ്പോൾ അതിന്‍റെ 11 വർഷത്തെ ചക്രത്തിന്‍റെ പാരമ്യതയിലാണ്. ഉയർന്ന സൺസ്‌പോട്ട് കൗണ്ടുകളുടെ സവിശേഷതയാണ് ഈ ഘട്ടം സൂചിപ്പിക്കുന്നത്. സോളാർ സൈക്കിൾ 25-ന്‍റെ കൃത്യമായ പ്രത്യാഘാതങ്ങള്‍ ഇതുവരെ നിർണയിച്ചിട്ടില്ലെങ്കിലും 2014-ൽ സംഭവിച്ച സോളാർ സൈക്കിൾ 24-നെ മറികടന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
2024-ൽ ഉണ്ടായതിന് സമാനമായ വലിയ തോതിലുള്ള ഭൂകാന്തിക കൊടുങ്കാറ്റുകൾ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങളെയും പവർ ഗ്രിഡുകളെയും തടസ്പ്പെടുത്താനുള്ള സാധ്യതയുമുണ്ട്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ സോളാർ ഓർബിറ്റർ പോലുള്ള ദൗത്യങ്ങളിൽ നിന്നുള്ള നിരീക്ഷണങ്ങൾ ഈ സൗര പ്രതിഭാസങ്ങളെക്കുറിച്ചുള്ള നിർണായക ഉൾക്കാഴ്ചകൾ നൽകുന്നതാണ്.
Read more: ശരവേഗം, കാറിന്‍റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് വളരെ അടുത്ത്! ഇടിച്ചിറങ്ങുമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം