വാനോളം അഭിമാനം! ഇന്ത്യ ചന്ദ്രനെ തൊട്ടപ്പോൾ ചുക്കാൻ പിടിച്ചവർക്ക് അനന്തപുരിയിൽ ആദരം

ചന്ദ്രയാൻ മൂന്ന് വിജയശിൽപ്പികളെ ആദരിച്ച് തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ്.

So proud  Ananthapuri honors those who took the helm when India touched the moon ppp

തിരുവനന്തപുരം: ചന്ദ്രയാൻ മൂന്ന് വിജയശിൽപ്പികളെ ആദരിച്ച് തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്
ഓഫ് സ്പേസ് സയൻസ്. ചന്ദ്രയാൻ മൂന്ന് പ്രൊജക്ട് ഡയറക്ചർ വീരമുത്തുവേലിനെയും, അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടർ കൽപ്പനയേയും കാമ്പസിൽ നടന്ന ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ദൗത്യത്തിന്‍റെ ഭാഗമായ ഐഐഎസ്‍ടി പൂ‌ർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. 

ഐഐഎസ്‍ടിയുടെ സ്ഥാപക ദിനത്തിന്റെ ഭാഗമായാണ് ചന്ദ്രയാൻ മൂന്ന് ദൗത്യത്തിലെ ശാസ്ത്രജ്ഞരെ ആദരിച്ചത്. വിഎസ്എസ്‍സി മേധാവി ഡോ. എസ് ഉണ്ണിക്കൃഷ്ണൻ നായർ ഓൺലൈനായി ചടങ്ങിൽ സംബന്ധിച്ചു. ഇതാദ്യമായാണ് ചന്ദ്രയാൻ മൂന്ന് പദ്ധതിക്ക് ചുക്കാൻ പിടിച്ച ഈ രണ്ട് ശാസ്ത്രജ്ഞർ ഒരു പൊതു പരിപാടിക്കെത്തുന്നത്. ആദരിക്കൽ ചടങ്ങിന് ശേഷം വീരമുത്തുവേലും, കൽപ്പനയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. ചന്ദ്രയാൻ മൂന്ന് പദ്ധതിയെക്കുറിച്ച് പ്രൊജക്ട് ഡയറക്ടർ തന്നെ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് എടുത്തു.

പരിപാടിയുടെ ഭാഗമായി നടന്ന ചന്ദ്രയാൻ ക്വിസ്സിൽ SNHSS ഉഴമലയ്ക്കലിലെ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി.  സച്ചിൻ, അഭിനവ്, ആദിദേവ് എന്നിവരായിരുന്നു സംഘാഗങ്ങൾ. ദർശന ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനം നേടി. 2007ൽ സ്ഥാപിതമായ ഐഐഎസ്‍ടി ഐഎസ്ആ‌ർഒയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എഞ്ചിനിയറിംഗ് കോളേജാണ്. ബഹിരാകാശ ശാസ്ത്ര പഠനത്തിനുള്ള രാജ്യത്തെ മുൻനിര വിദ്യാഭ്യാസ കേന്ദ്രമായ ഐഐഎസ്ടിയുടെ ആദ്യ വൈസ് ചാൻസലർ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമായിരുന്നു.

Read more:  രാജമൗലി ചിത്രത്തിന്റെ പകുതി ചെലവ് മാത്രം, യാത്ര 125 ദിവസം; അഭിമാനമായി ആദിത്യ-എൽ1, വിജയച്ചിരിയോടെ ഇസ്രോ

അതേസമയം, ചന്ദ്രയാൻ-മൂന്ന് ദൗത്യത്തിലെ ചന്ദ്രോപരിതലത്തിൽനിന്ന് പ്ര​ഗ്യാൻ റോവർ പകർത്തിയ വിക്രം ലാൻഡറിന്റെ ത്രീഡി ചിത്രം ഐഎസ്ആർഒ അടുത്തിടെ പുറത്തുവിട്ടിരുന്നു. പ്ര​ഗ്യാൻ റോവറിലെ നാ​വി​ഗേഷനൽ ക്യാമറയിൽ പകർത്തിയ രണ്ടു ചിത്രങ്ങൾ ചേർത്തുകൊണ്ടാണ് ചന്ദ്രോപരിതലത്തിന്റെയും വിക്രം ലാൻഡറിന്റെയും മനോഹരമായ ത്രീഡി ചിത്രം തയ്യാറാക്കിയത്. ഇടത് ഭാ​ഗത്തുനിന്നും വലതുഭാ​ഗത്തുനിന്നുമുള്ള ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം ഒരുക്കിയതെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു. 

ഐഎസ്ആർഒ തന്നെ വികസിപ്പിച്ചതാണ് പ്രഗ്യാൻ റോവറിലെ നാവിഗേഷനൽ ക്യാമറ. ഐഎസ്ആർഒയുടെ ഇലക്ട്രോ–ഒപ്റ്റിക്സ് സിസ്റ്റം ലബോറട്ടറിയാണ് നാവിഗേഷനൽ ക്യാമറ നിര്‍മിച്ചത്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ചിത്രങ്ങളെ ത്രീ ഡി രൂപത്തിലേക്ക് മാറ്റിയെടുത്തത്. ത്രീ ഡി കണ്ണടകൾ ഉപയോ​ഗിച്ചുകൊണ്ട് ചിത്രം നോക്കണമെന്നും ഐഎസ്ആർഐ എക്സ് പ്ലാറ്റ്ഫോമിലിട്ട കുറിപ്പിൽ അഭിപ്രായപ്പെട്ടിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios