പേര് ശിവ, ശക്തി; ഭാരം സൂര്യനേക്കാൾ 10 ദശലക്ഷം മടങ്ങ്, 1300 കോടി വർഷം പഴക്കമുള്ള നക്ഷത്രക്കൂട്ടങ്ങളെ കണ്ടെത്തി

1200 കോടി വർഷങ്ങള്‍ക്ക് മുന്‍പ് ക്ഷീരപഥത്തിന്‍റെ ആദിമ ഭാഗങ്ങളുമായി ലയിച്ച രണ്ട് വ്യത്യസ്ത ഗാലക്സികളുടെ അവശിഷ്ടങ്ങളാകാം ഈ നക്ഷത്ര സമൂഹം എന്നാണ് കണ്ടെത്തൽ

Shiva and Shakti the ancient star streams ie Milky Way's ancient building blocks identified SSM

1200 മുതൽ 1300 കോടി വരെ വർഷം പഴക്കമുള്ള നക്ഷത്ര സമൂഹത്തെ കണ്ടെത്തി. ശിവ, ശക്തി എന്നാണ് ഇവയ്ക്ക് നൽകിയിരിക്കുന്ന പേര്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ബഹിരാകാശ ടെലസ്കോപ്പിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടെത്തൽ. ജർമ്മനിയിലെ ഹൈഡൽബർഗിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അസ്ട്രോണമിയിലെ  ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. 

1200 കോടി വർഷങ്ങള്‍ക്ക് മുന്‍പ് ക്ഷീരപഥത്തിന്‍റെ ആദിമ ഭാഗങ്ങളുമായി ലയിച്ച രണ്ട് വ്യത്യസ്ത ഗാലക്സികളുടെ അവശിഷ്ടങ്ങളാകാം ഈ നക്ഷത്ര സമൂഹം എന്നാണ് കണ്ടെത്തൽ. ഈ നക്ഷത്ര സമൂഹത്തിനാണ് ശിവ - ശക്തി എന്ന് പേര് നൽകിയിരിക്കുന്നത്. സമാനമായ രാസഘടനകളുള്ള നക്ഷത്ര സമൂഹങ്ങളാണ് ശക്തിയും ശിവയും. ഓരോ ഘടനയ്ക്കും നമ്മുടെ സൂര്യനേക്കാൾ 10 ദശലക്ഷം മടങ്ങ് പിണ്ഡമുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം ശിവന്‍റെയും ശക്തിയുടെയും സംയോജനത്തിൽ നിന്നാണ് പ്രപഞ്ചമുണ്ടായത്. അതുകൊണ്ടാണ് നക്ഷത്ര സമൂഹങ്ങള്‍ക്ക് ഈ പേര് നൽകിയിരിക്കുന്നതെന്ന് ഗവേഷകർ അറിയിച്ചു. 

നമ്മുടെ പ്രപഞ്ചത്തിൽ ഗ്യാലക്സികൾ എങ്ങനെ രൂപപ്പെടുന്നു എന്നതിലാണ് തങ്ങളുടെ ഗവേഷണമെന്ന് ശാസ്ത്രജ്ഞനായ ഖ്യാതി മൽഹാൻ പറഞ്ഞു. വളരെ നേരത്തെ സംയോജിച്ച രണ്ട് നക്ഷത്ര ഘടനകളെ തിരിച്ചറിയുന്നതിലൂടെ (ശിവ, ശക്തി) ക്ഷീരപഥ രൂപീകരണത്തിൻ്റെ പ്രാരംഭ ഘട്ടങ്ങളെക്കുറിച്ച് ഒരു ധാരണ ലഭിച്ചെന്ന് ഗവേഷകർ പറഞ്ഞു. 

പകൽ കൂരാക്കൂരിരുട്ട്! 50 വർഷത്തിനിടെ ഇങ്ങനെയൊരു ആകാശക്കാഴ്ച ആദ്യം! സ്പെഷ്യലാണ് 2024ലെ സമ്പൂർണ സൂര്യഗ്രഹണം

ഗാലക്സികള്‍ക്ക് തുടക്കമിട്ട മഹാവിസ്ഫോടനം ഏകദേശം 1300 കോടി വർഷങ്ങൾക്ക് മുമ്പാണ് സംഭവിച്ചത്. നക്ഷത്രങ്ങളും വാതകങ്ങളും പൊടിയുമെല്ലാം ചേർന്നാണ് ക്ഷീരപഥം രൂപപ്പെട്ടത്. ശിവയും ശക്തിയും ഗാലക്സിയുടെ കേന്ദ്രത്തിൽ നിന്ന് ഏകദേശം 30,000 പ്രകാശവർഷങ്ങൾക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ശക്തിയുടെ നക്ഷത്രക്കൂട്ടങ്ങളേക്കാള്‍ ശിവയുടേത് ഈ കേന്ദ്രത്തോട് അൽപ്പം അടുത്താണ്. ശിവ ശക്തി നക്ഷത്ര സമൂഹങ്ങള്‍ ഗാലക്സിയിലെ മറ്റ് നക്ഷത്രങ്ങളിൽ നിന്ന് ഘടനയിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇരുമ്പ്, കാർബൺ, ഓക്സിജൻ തുടങ്ങിയ ഭാരമേറിയ മൂലകങ്ങൾ കുറഞ്ഞ അളവിലേ ഇവയിലുള്ളൂ. 

ക്ഷീരപഥത്തിൻ്റെ രൂപീകരണവും പരിണാമവും അതിൻ്റെ തുടക്കം മുതൽ ഇന്നുവരെ കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്ന് മാക്സ്പ്ലാങ്കിലെ ഗവേഷകർ പറഞ്ഞു. ഇത്രയും കാലം പുറകിലേക്ക് പോയി കണ്ടെത്തുക എന്നത് ദുഷ്കരമാണെന്നും ഗവേഷകർ പറയുന്നുണ്ട്.
 

Latest Videos
Follow Us:
Download App:
  • android
  • ios