പ്രകൃതിയുടെ മഹാവിസ്മയത്തിന് നാശം വിതച്ച് കോറൽ ബ്ലീച്ചിംഗ്, ഇതുവരെയുണ്ടായതിൽ ഏറ്റവും രൂക്ഷമെന്ന് മുന്നറിയിപ്പ്
വെള്ള നിറമാകുന്ന പവിഴപ്പുറ്റുകൾ നശിച്ചുപോകാൻ സാധ്യത കൂടുതലായതിനാൽ പ്രദേശത്തെ ആവാസ വ്യവസ്ഥ തന്നെ ഭീഷണിയിലാകുന്നു
ബ്രസൽസ്: ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കോറൽ ബ്ലീച്ചിംഗ് ഭീതിയിലാണ് ലോകം. വെള്ളത്തിന്‍റെ ചൂട് കൂടുമ്പോൾ പവിഴപ്പുറ്റുകൾ വെള്ള നിറമായി പോകുന്ന പ്രതിഭാസമാണ് കോറൽ ബ്ലീച്ചിങ്. വെള്ള നിറമാകുന്ന പവിഴപ്പുറ്റുകൾ നശിച്ചുപോകാൻ സാധ്യത കൂടുതലായതിനാൽ പ്രദേശത്തെ ആവാസ വ്യവസ്ഥ തന്നെ ഭീഷണിയിലാകുന്നു
മൂന്ന് പതിറ്റാണ്ടിനിടെ നാലാം തവണയാണ് ഇത്രയും രൂക്ഷമായ കോറൽ ബ്ലീച്ചിംഗ് നടക്കുന്നത്. പവിഴപ്പുറ്റുകളുടെ കോശഘടനയിൽ വസിക്കുന്ന വർണ്ണാഭമായ ആൽഗകള്‍ വെള്ളത്തിലെ ഉയർന്ന താപനില കാരണം പുറന്തള്ളപ്പെടുന്നു. ആൽഗകൾ വഴി പോഷകങ്ങൾ എത്താതെ വരുന്നതോടെ പവിഴപ്പുറ്റുകളുടെ നിറം നഷ്ടമാകും. കാലാവസ്ഥാ വ്യതിയാനം എൽനിനോ പ്രതിഭാസത്തിന് ആക്കം കൂട്ടിയതോടെ സമുദ്ര ജല താപനില റെക്കോർഡിൽ എത്തിയതാണ് കാരണം.
നേരത്തെയുണ്ടായ കോറൽ ബ്ലീച്ചിംഗ് ബ്രസീലിലെ പവിഴപ്പുറ്റുകളെ കാര്യമായി ബാധിച്ചിരുന്നില്ല. അതേസമയം ഇത്തവണ കോറൽ കോസ്റ്റ് എന്ന 120 കിലോമീറ്റർ നീളമുള്ള മറൈൻ പാർക്ക് ഉൾപ്പെടെ, അലഗോസ് മുതൽ റിയോ ഗ്രാൻഡെ ഡോ നോർട്ടെ വരെയുള്ള വിശാലമായ അറ്റ്ലാന്‍റിക് തീരപ്രദേശത്ത് പവിഴപ്പുറ്റുകളിൽ കോറൽ ബ്ലീച്ചിംഗിന് സംഭവിച്ചു.
ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പ്രകാരം മറ്റൊരിടത്തും കാണാത്ത പവിഴപ്പുറ്റുകള്‍ ബ്രസീലിലുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ഏഴ് ജീവിവർഗങ്ങളെങ്കിലും അവയിൽ വസിക്കുന്നു. മറൈൻ പാർക്കിന്‍റെ ചില ഭാഗങ്ങളിൽ പവിഴപ്പുറ്റുകളിൽ പൂർണമായി കോറൽ ബ്ലീച്ചിങ് സംഭവിച്ചെന്ന് കോറൽ വിവോ ഇൻസ്റ്റിറ്റ്യൂട്ടിലെ റിസർച്ച് ഡയറക്ടർ മിഗ്വൽ മിസ് പറഞ്ഞു.
ഏകദേശം 33 ഡിഗ്രി സെൽഷ്യസാണ് കോറൽ കോസ്റ്റിലെ സമുദ്ര താപനിലയെന്ന് മുങ്ങൽ വിദഗ്ധർ പറയുന്നു. പവനിഴപ്പുറ്റുകളെ സംബന്ധിച്ച് 27 ഡിഗ്രി സെൽഷ്യസാണ് അനുയോജ്യമായ താപനില. താപനിലയിലെ നേരിയ വ്യത്യാസം മാത്രമേ ഇവയ്ക്ക് താങ്ങാനാകൂ. ബ്ലീച്ചിംഗ് രൂക്ഷമാണെന്ന് റീഫ് കൺസർവേഷൻ പ്രോജക്റ്റിന്‍റെ കോർഡിനേറ്റർ പെഡ്രോ പെരേര പറഞ്ഞു. ഇത്രയും മനോഹരമായ ഒരു ആവാസവ്യവസ്ഥയുടെ വംശനാശം നമ്മുടെ കൺമുന്നിൽ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം