വന്ധ്യതക്കും ഗർഭച്ഛിദ്രത്തിനും ശാശ്വത പരിഹാരമാകുമോ; കണ്ടെത്തലുമായി ശാസ്ത്രജ്ഞർ, ബീജവും അണ്ഡവുമില്ലാതെ ഭ്രൂണം
ഗർഭം അലസൽ, ജനന വൈകല്യങ്ങൾ, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന തരത്തിലാണ് പുതിയ കണ്ടെത്തലെന്ന് ബ്രിട്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ജെയിംസ് ബ്രിസ്കോ അഭിപ്രായപ്പെട്ടു.
ജറുസലേം: ജീവശാസ്ത്ര രംഗത്ത് നിർണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞർ. ഗർഭച്ഛിദ്രം, ജനന വൈകല്യങ്ങൾ, വന്ധ്യത എന്നിവയെക്കുറിച്ചുള്ള ഗവേഷണത്തിൽ പ്രത്യാശ നൽകി ശുക്ലമോ അണ്ഡമോ ഗർഭപാത്രമോ ഉപയോഗിക്കാതെ മനുഷ്യ ഭ്രൂണത്തിന്റെ ഘടന ശാസ്ത്രജ്ഞർ വികസിപ്പിച്ചു. ഇസ്രായേലിലെ വെയ്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫ ജേക്കബ് ഹന്നയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് കണ്ടെത്തലിന് പിന്നിൽ. പരീക്ഷണ ശാലയിൽ മൂലകോശങ്ങളിൽ നിന്ന് മനുഷ്യ ഭ്രൂണത്തിന്റെ സാമ്യതയിൽ മാതൃക സൃഷ്ടിക്കുകയും 14 ദിവസം ഗർഭപാത്രത്തിന് പുറത്ത് വളരാനും കഴിഞ്ഞെന്ന് ശാസ്ത്രസംഘം അവകാശപ്പെട്ടു.
ഗർഭം അലസൽ, ജനന വൈകല്യങ്ങൾ, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന തരത്തിലാണ് പുതിയ കണ്ടെത്തലെന്ന് ബ്രിട്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ജെയിംസ് ബ്രിസ്കോ അഭിപ്രായപ്പെട്ടു. അതേസമയം, ലാബിൽ സൃഷ്ടിച്ച മോഡലുകളെ മനുഷ്യ ഭ്രൂണങ്ങളായി കണക്കാക്കേണ്ടതില്ലെന്നാണ് പഠനത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഗവേഷകരും ശാസ്ത്രജ്ഞരും പറയുന്നത്. വികസിപ്പിച്ച ഘടന വളരെ സാമ്യമുള്ളതാണ്. എന്നാൽ ഗർഭപാത്രത്തിലെ അവസ്ഥയുമായി സാമ്യമുള്ളതല്ലെന്നും ഗവേഷണം സമ്മതിക്കുന്നു. അതേസമയം, ഗവേഷണ ഫലം ഇതുവരെ വിദഗ്ധ സംഘം വിലയിരുത്തി അഭിപ്രായം പറഞ്ഞിട്ടില്ല.
ലാബിൽ വികസിപ്പിച്ച ഭ്രൂണ മാതൃകക്ക് സ്വാഭാവികമായ ഭ്രൂണവികാസത്തോട് വളരെ സാമ്യമുള്ളതായാണ് ഗവേഷണവും മറ്റ് സമീപകാല പ്രവർത്തനങ്ങളും കാണിക്കുന്നതെന്ന് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് റീഡിംഗിലെ സ്റ്റെം സെൽ ബയോളജിയിൽ വിദഗ്ധനായ ഡാരിയസ് വൈഡേര വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. ഇത്തരം ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശക്തമായ നിയന്ത്രണ ചട്ടക്കൂട് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വെയ്‌സ്‌മാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണത്തിൽ വികസിപ്പിച്ച ഘടനയെ മനുഷ്യന്റെയോ മൃഗത്തിന്റെയോ ഗർഭപാത്രത്തിൽ സ്ഥാപിക്കുകയോ 14 ദിവസത്തെ പരിധിക്കപ്പുറം അവയുടെ വികസനം അനുവദിക്കുകയോ ചെയ്തിരുന്നില്ല.