സ്പൈഡര്‍-മാന്‍ പ്രചോദനം; ഞൊടിയിടയില്‍ 'വലയാകുന്ന' പശ വികസിപ്പിച്ചു, വസ്‌തുക്കളെ വലിച്ചുയര്‍ത്തും

വില്ലന്‍മാരെ വലയിട്ട് പിടിക്കുന്ന സ്പൈഡ‍ര്‍മാന്‍ കഥാപാത്രം വെറും കെട്ടുകഥയല്ല, ഇഞ്ചെക്ട് ചെയ്‌താല്‍ കരുത്തുറ്റ നാരുകളായി മാറുന്ന പശ യാഥാര്‍ഥ്യമായി 

Scientists developed Spider Man inspired sticky fibre that can lift object

മസാച്യുസെറ്റ്‌സ്: മാർവൽ കോമിക്‌സിന്‍റെ അമാനുഷിക കഥാപാത്രമായ സ്പൈഡർ-മാന്‍റെ സവിശേഷമായ ചിലന്തിവല യാഥാര്‍ഥ്യമാകുന്നു. വസ്‌തുക്കളില്‍ ഒട്ടിപ്പിടിച്ച് അതിനെ വലിച്ചെടുക്കാന്‍ കഴിയുന്ന കരുത്തുറ്റ നൂലായി മാറുന്ന പശ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. സ്‌പൈഡര്‍-മാന്‍ കഥാപാത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ഈ കൃത്രിമ ചിലന്തിവല നിര്‍മിച്ചത് എന്ന് യാഹൂ ന്യൂസിലെ വാര്‍ത്തയില്‍ പറയുന്നു. 

കൈയില്‍ നിന്ന് എതിരാളികള്‍ക്കെതിരെ വല എയ്യുന്ന സ്പൈഡര്‍മാന്‍ കഥാപാത്രത്തെ ആരാധകര്‍ക്ക് മറക്കാനാവില്ല. അമേരിക്കന്‍ പ്രസാധകനും കഥാകാരനുമായ സ്റ്റാന്‍ ലീഡിയും ചിത്രകാരനായ സ്റ്റീവ് ഡിറ്റ്‌കോയും ചേര്‍ന്ന് രൂപംനല്‍കിയ സ്പൈഡര്‍-മാന്‍ അത്രത്തോളം സിനിമാ പ്രേമികളെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ഇത്രകാലം ഇതെല്ലാമൊരു ഫാന്‍റസി മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്തരമൊരു ചിലന്തിവല യാഥാര്‍ഥ്യമായിരിക്കുകയാണ്. ഭാരമുള്ള വസ്തുക്കള്‍ എടുത്തുയര്‍ത്താന്‍ കരുത്തുള്ള കൃത്രിമ നാരുകള്‍ സൃഷ്ടിക്കുന്നതിന്‍റെ ആദ്യഘട്ടം വിജയമായിരിക്കുന്നു. സിനിമാക്കഥയെ വെല്ലുന്ന സ്പൈഡർ-മാൻ സ്റ്റിക്കി-വെബ് ഗാഡ്‌ജറ്റാണ് ശാസ്ത്രജ്ഞർ കണ്ടുപിടിച്ചത്. 

ശലഭങ്ങളും ചിലന്തികളും നിര്‍മിക്കുന്ന പട്ടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കരുത്തുറ്റ നാരുകള്‍ സൃഷ്ടിക്കാന്‍ മാസങ്ങളായുള്ള കഠിന പരിശ്രമത്തിലായിരുന്നു ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍. എന്നാല്‍ ഇത്രയും ഇലാസ്റ്റികതയും കാഠിന്യവും പശപശപ്പുമുള്ള കൃത്രിമ നാരുകള്‍ സൃഷ്ടിക്കുക അവര്‍ക്ക് അത്ര എളുപ്പമായിരുന്നില്ല. സിറിഞ്ച് പോലുള്ള ഒരു ഉപകരണത്തില്‍ നിന്ന് ഇഞ്ചക്ട് ചെയ്താല്‍ കരുത്തുറ്റ സ്റ്റിക്കി ഫൈബറായി ഈ പശ മാറും. ഈ നാരിന് അതിന്‍റെ 80 ഇരട്ടി ഭാരമുള്ള വസ്‌തുക്കളെ ഉയര്‍ത്താനാകുമെന്ന് തെളിയിച്ചതായാണ് ഗവേഷകരുടെ അവകാശവാദം. ഈ നാരുകള്‍ സ്റ്റീല്‍ ബോള്‍ട്ടുകള്‍, മരത്തിന്‍റെ ചെറിയ കഷണം തുടങ്ങി നിരവധി വസ്തുക്കള്‍ ഉയര്‍ത്തി. എന്നിരുന്നാലും ഈ നാരിനേക്കാള്‍ 1000 മടങ്ങ് കരുത്ത് യഥാര്‍ഥ ചിലന്തിവലയ്ക്കുണ്ട്.  

Read more: പറക്കുന്ന 10 സ്റ്റാര്‍ കൊട്ടാരം; ലോകത്തെ ആദ്യ കൊമേഴ്‌സ്യല്‍ സ്പേസ് സ്റ്റേഷന്‍റെ ഡിസൈന്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios