life on Earth : ഭൂമിയില്‍ ജീവന്‍ വന്നത് എവിടെ നിന്ന്; നിര്‍ണ്ണായകമായ കണ്ടുപിടുത്തം നടത്തി ശാസ്ത്രജ്ഞര്‍

"ന്യൂക്ലിയോബേസുകൾ" അന്യഗ്രഹജീവികള്‍ അല്ല, പകരം ബഹിരാകാശത്ത് ആയിരിക്കുമ്പോൾ ഛിന്നഗ്രഹങ്ങളിൽ നടക്കുന്ന രാസപ്രക്രിയയുടെ ഭാഗമായി രൂപപ്പെടുന്ന പ്രീബയോട്ടിക് പദാർത്ഥങ്ങളാണ്

Scientist discover all ingredients necessary for DNA in meteorite for first time

ഭൂമിയില്‍ എങ്ങനെ ജീവന്‍ എത്തി (Life on Earth) എന്നത് എന്നും ഗൌരവമായ ഒരു പഠന വിഷയമാണ്. ഇപ്പോള്‍ ഇതിലേക്ക് ശക്തമായ തെളിവുമായി പുതിയൊരു പഠനം വന്നിരിക്കുന്നു. നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ (Nature Communications) പ്രസിദ്ധീകരിച്ച ഒരു പുതിയ പ്രബന്ധം ബഹിരാകാശത്ത് നിന്നാണ് ജീവന്‍റെ ഘടകങ്ങള്‍ ഭൂമിയില്‍ എത്തിയത് സിദ്ധാന്തങ്ങളെ ശക്തിപ്പെടുത്തുന്നതാണ്.

കെമിക്കല്‍ അനാലിസിസിന്‍റെ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, ജാപ്പനീസ് ഗവേഷകർ ഡിഎൻഎയും ആർഎൻഎയും രൂപീകരിക്കാൻ ആവശ്യമായ എല്ലാ അമിനോ ആസിഡുകളും ഭൂമിയിൽ വീഴുന്ന ചെറിയ ഉൽക്കാശിലകളിൽ (meteorite)  കണ്ടെത്തനായി എന്നാണ് പറയുന്നത്. ജപ്പാനിലെ ഹൊക്കെയ്ദോ സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെതാണ് പഠനം.

ഈ "ന്യൂക്ലിയോബേസുകൾ" അന്യഗ്രഹജീവികള്‍ അല്ല, പകരം ബഹിരാകാശത്ത് ആയിരിക്കുമ്പോൾ ഛിന്നഗ്രഹങ്ങളിൽ നടക്കുന്ന രാസപ്രക്രിയയുടെ ഭാഗമായി രൂപപ്പെടുന്ന പ്രീബയോട്ടിക് പദാർത്ഥങ്ങളാണ്. ഇവ ഭൂമിയില്‍ പതിച്ചതിന് ശേഷം, ജീവ ഘടകങ്ങളായി വികസിച്ചതാകാം എന്നാണ് പഠനം പറയുന്നത്. 

'ഇത്തരത്തിലെ ബഹിരാകാശ വസ്തുക്കള്‍ ഭൂമിയിലെ ആദ്യകാല ജീവന്റെ ജനിതക ഘടനയുണ്ടാകാന്‍ സംഭാവന നൽകിയിട്ടുണ്ടാകാം" എന്ന് പഠന രചയിതാക്കൾ എഴുതുന്നു.

കാർബൺ സമ്പുഷ്ടമായ ഛിന്നഗ്രഹങ്ങളിൽ ജനിതക പദാർത്ഥങ്ങൾ രൂപപ്പെടുകയും പിന്നീട് ഇവ  ബാഷ്പീകരിക്കപ്പെടാതെ ചെറിയ ഉൽക്കാശിലകളിൽ പെട്ട് ഭൂമിയിലേക്ക് പതിക്കുന്നു എന്ന ആശയം പുതിയതല്ല, കുറഞ്ഞത് 50 വർഷം പഴക്കമുള്ളതാണ്.

1969-ൽ, ഓസ്‌ട്രേലിയയിലെ മർച്ചിസണിൽ ഒരു ഉൽക്കാ പതിച്ചു, അതിൽ ധാരാളം അമിനോ ആസിഡുകൾ അടങ്ങിയതായി ശാസ്ത്രകാരന്മാര്‍ കണ്ടെത്തി, ഇന്റർസ്റ്റെല്ലാർ കെമിസ്ട്രി ജീവന്‍ ഉണ്ടാകാന്‍ വേണ്ട ഘടകങ്ങള്‍ സൃഷ്ടിക്കുന്നു എന്ന ആശയം അന്നെ രൂപപ്പെട്ടതാണ്. 1990-കളോടെ, ശാസ്ത്രജ്ഞനായ കാൾ സാഗൻ ഇതേ അഭിപ്രായം മുന്നോട്ട് വച്ചിട്ടുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന ചെറിയ ഉൽക്കാശിലയിലും അത്തരം ജൈവ വസ്തുക്കളുടെ കുറവാണ്. എന്നാല്‍ ഭൂമി തുടക്കകാലത്ത്, അതിന്‍റെ പ്രതലം ഉയർന്ന ഉൽക്ക പതനത്തിനാണ് സാക്ഷിയായത്. ഇത് ഭൂമിയിടെ ഉപരിതലത്തില്‍ ഗണ്യമായ അളവിൽ ജീവന്‍ ആവശ്യമായ പദാർത്ഥങ്ങൾ വീഴുന്നതിന് കാരണമായിരിക്കാം എന്നാണ് സിദ്ധാന്തം പറയുന്നത്.

എന്നാൽ സങ്കീർണമായ ജീവൻ എങ്ങനെ ഭൂമിയിൽ ഉദ്ഭവിച്ചു എന്നതു സംബന്ധിച്ച് സമഗ്രമായ ഉത്തരം നൽകാൻ ഈ ഗവേഷണത്തിന് ആകില്ലെന്ന് നാസ ഗൊഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഡാനി ഗ്ലാവിൻ പറഞ്ഞു. ഹൊക്കെയ്ദോ സർവകലാശാലയിലെ ഗവേഷകർക്കൊപ്പം ഗ്ലാവിനും ഗവേഷണത്തിൽ പങ്കാളിയായിരുന്നു. ജീവൻ എങ്ങനെ ഉണ്ടായെന്ന് പൂർണമായി പറയാൻ സാധിക്കില്ലെങ്കിലും ജീവൻ ഉദ്ഭവിക്കുന്നതിനു മുൻപ് ഭൂമിയിലുണ്ടായിരുന്ന പ്രീബയോട്ടിക് അവസ്ഥയെപ്പറ്റി വിവരങ്ങൾ തരാൻ പഠനം ഉപകരിക്കുമെന്നാണു ശാസ്ത്രജ്ഞരുടെ അഭിപ്രായം.

Latest Videos
Follow Us:
Download App:
  • android
  • ios