സ്വപ്നങ്ങളെ നിയന്ത്രിക്കണം; ഡ്രില്ലർ ഉപയോഗിച്ച് സ്വയം മസ്തിഷ്ക ശസ്ത്രക്രിയ നടത്തി യുവാവ്, ഒടുവില്‍ സംഭവിച്ചത്
40 വയസ്സുകാരനായ റഡുഗക്ക് ഒരു വർഷം മുമ്പാണ് തലച്ചോറിൽ ഒരു ഇലക്ട്രോഡ് സ്ഥാപിക്കാനുള്ള ആശയം ലഭിച്ചത്.
മോസ്കോ: ഡ്രില്ലർ ഉപയോഗിച്ച് സ്വയം മസ്തിഷ്ക ശസ്ത്രക്രികയ നടത്തിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിഗുരുതരാവസ്ഥയിലായ യുവാവിനെ കൃത്യമായ ചികിത്സ ലഭ്യമാക്കിയതിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. ന്യൂസ് വീക്കാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മിഖായേൽ റഡുഗ എന്ന റഷ്യൻ യുവാവാണ് തന്റെ സ്വപ്നങ്ങളെ നിയന്ത്രിക്കാനായി അപകടകരമായ ശസ്ത്രക്രിയ നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. തല ശസ്ത്രക്രിയ ചെയ്ത് മൈക്രോചിപ്പ് സ്ഥാപിക്കാനായിരുന്നു ഇയാളുടെ പദ്ധതി. റഷ്യൻ നഗരമായ നോവോസിബിർസ്ക് സ്വദേശിയാണ് ഇയാൾ. ഇദ്ദേഹം തന്നെയാണ് ശസ്ത്രക്രിയയുടെ ചിത്രങ്ങൾ തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചത്. ഒരു ഡ്രിൽ വാങ്ങി തലയിൽ ദ്വാരം തുളക്കുകയും തലച്ചോറിൽ ഒരു ഇലക്ട്രോഡ് ഘടിപ്പിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. രക്തസ്രാവം മൂലം ഓപ്പറേഷൻ സമയത്ത് ഏതാണ്ട് മരണത്തിന്റെ വക്കിലെത്തി. എങ്കിലും ശസ്ത്രക്രിയാ ഫലം സ്വപ്ന നിയന്ത്രണ സാങ്കേതികവിദ്യകൾക്കായി മികച്ച സാധ്യതകൾ തുറന്നുവെന്ന് റാഡുഗ പറഞ്ഞു.
മെയ് 17-നാണ് ട്രെപാനേഷൻ, ഇലക്‌ട്രോഡ് ഇംപ്ലാന്റേഷൻ നടത്തിയത്. തലച്ചോറിന്റെ മോട്ടോർ കോർട്ടെക്‌സിൽ വൈദ്യുത ഉത്തേജനം നടത്തി. സ്വപ്ന സമയത്ത് മസ്തിഷ്കത്തിലുണ്ടാകുന്ന മാറ്റങ്ങൾ പരിശോധിക്കാൻ എനിക്കിത് ആവശ്യമായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ശസ്ത്രക്രിയക്കിടെ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. 40 വയസ്സുകാരനായ റഡുഗക്ക് ഒരു വർഷം മുമ്പാണ് തലച്ചോറിൽ ഒരു ഇലക്ട്രോഡ് സ്ഥാപിക്കാനുള്ള ആശയം ലഭിച്ചത്. പക്ഷാഘാതം, ശരീരത്തിന് പുറത്തുള്ള അവസ്ഥകൾ, ആസ്ട്രൽ പ്രൊജക്ഷൻ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പോസ്റ്റു ചെയ്തു.
പരീക്ഷണങ്ങൾക്കായി താൻ സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂറോ സർജൻമാരെ സമീപിക്കുന്നതിനെക്കുറിച്ച് ആദ്യം ചിന്തിച്ചിരുന്നു. എന്നാൽ ഓപ്പറേഷൻ നടത്തുന്ന ക്ലിനിക്കുകൾക്കെതിരെ നടപടിക്ക് ബാധ്യത ഉണ്ടാകുമെന്നതിനാൽ തന്റെ അപ്പാർട്ട്മെന്റിൽ എല്ലാം സ്വയം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ഏകദേശം ഒരു ലിറ്റർ രക്തം നഷ്ടപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.