പ്രകൃതിയുടെ വികൃതി, പകുതി ആൺ, പകുതി പെൺ; അപൂർവയിനം പക്ഷിയെ കണ്ടെത്തി ശാസ്ത്രജ്ഞൻ
പാതി പെൺ, പകുതി ആൺ പക്ഷി പ്രകൃതിയുടെ സങ്കീർണ്ണവും വിസ്മയിപ്പിക്കുന്നതുമായ സങ്കീർണ്ണതയാണെന്നും കണ്ടെത്താനും മനസ്സിലാക്കാനും ഇനിയും ഒരുപാട് ബാക്കിയുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതായും സ്പെൻസർ പറഞ്ഞു.
പകുതി ആണും പകുതി പെണ്ണുമായ അപൂർവ പക്ഷിയെ കണ്ടെത്തിയതായി പക്ഷി ശാസ്ത്രജ്ഞന്റെ അവകാശവാദം. ന്യൂസിലാൻഡിലെ ഒട്ടാഗോ സർവകലാശാലയിലെ പക്ഷി ശാസ്ത്രജ്ഞനും സുവോളജിസ്റ്റുമായ പ്രൊഫസർ ഹാമിഷ് സ്പെൻസറാണ് ഹണിക്രീപ്പർ വിഭാഗത്തിൽപ്പെട്ട അപൂർവയിനം പക്ഷിയെ കണ്ടെത്തിയത്. പകുതി ഭാഗം പച്ചനിറത്തിലും പകുതി ഭാഗം നീല നിറത്തിലുമായിരുന്നു പക്ഷി. പച്ച നിറം പെണ്ണിനെയും നീല നിറം ആണിനെയുമാണ് പ്രതിനിധീകരിക്കുന്നത്. കൊളംബിയയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയായിരുന്നു കണ്ടെത്തൽ.
പല പക്ഷിനിരീക്ഷകർക്കും ജീവിതകാലം മുഴുവൻ കാത്തിരുന്നിട്ടും ലഭിക്കാത്ത അപൂർവ നിമിഷത്തിനാണ് താൻ സാക്ഷ്യം വഹിച്ചതെന്ന് പ്രൊഫസർ സ്പെൻസർ പറഞ്ഞു. കണ്ടെത്തലിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി പക്ഷിയുടെ ചിത്രങ്ങളും പുറത്തുവിട്ടു. ഗൈനാൻഡ്രോമോർഫിക് (ഉഭയ ലിംഗ സ്വഭാവം കാണിക്കുന്ന ജീവികൾ) പക്ഷിയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ചിത്രമെന്നാണ് വിലയിരുത്തൽ.
പാതി പെൺ, പകുതി ആൺ പക്ഷി പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന സങ്കീർണതയാണെന്നും കണ്ടെത്താനും മനസ്സിലാക്കാനും ഇനിയും ഒരുപാട് ബാക്കിയുണ്ടെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതായും സ്പെൻസർ പറഞ്ഞു. കണ്ടെത്തൽ പ്രശസ്തമായ ജേണൽ ഓഫ് ഫീൽഡ് ഓർണിത്തോളജിയിൽ പ്രസിദ്ധീകരിച്ചു. ഗ്രീൻ ഹണിക്രീപ്പർ സ്പീഷിസുകളിൽ രേഖപ്പെടുത്തിയിട്ടുള്ള രണ്ടാമത്തെ ജിനാൻഡ്രോമോർഫിസമാണിതെന്നും പറയുന്നു.
ചില പ്രാണികൾ, ക്രസ്റ്റേഷ്യനുകൾ, ചിലന്തികൾ, പല്ലികൾ, എലികൾ എന്നിവയിൽ ഉഭയലിംഗ സ്വഭാവം സാധാരണയായി കാണപ്പെടുന്നുണ്ടെങ്കിലും ഗ്രീൻ ഹണിക്രീപ്പറിൽ വളരെ അപൂർവമാണ്. സ്ത്രീകളുടെ കോശവിഭജന സമയത്ത് ഉണ്ടാകുന്ന ഒരു പിശകിൽ നിന്നാണ് ഉഭയലിംഗ ജീവികൾ ഉണ്ടാകുന്നതെന്നാണ് അഭിപ്രായം. ഇരട്ട ബീജസങ്കലനം നടക്കുന്നിനാലാണ് ഒരു ജീവിക്കുള്ളിൽ രണ്ട് ലിംഗ സ്വഭാവസവിശേഷതകളുടെ സംയോജനമുണ്ടാകുന്നതെന്നും സ്പെൻസർ പറഞ്ഞു.