അഭിമാനങ്ങളുടെ ആകാശത്ത് ഐഎസ്ആര്‍ഒ; 2024ലെ വിജയ ദൗത്യങ്ങളുടെ പട്ടിക

2024 ജനുവരി ഒന്നിന് തന്നെ ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യം ഇസ്രൊ വിജയമാക്കി, 2024ലെ ഐഎസ്ആര്‍ഒയുടെ അഭിമാന ബഹിരാകാശ ദൗത്യങ്ങള്‍ എല്ലാം വീണ്ടും ഓര്‍ത്തെടുക്കാം

PSLV C58 XPoSat to SSLV D3 EOS 08 here is the Complete list of ISRO Missions 2024

തിരുവനന്തപുരം: ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ (Indian Space Research Organisation) തലയുയര്‍ത്തിപ്പിടിച്ച വര്‍ഷമായിരുന്നു 2024. നിരവധി ലോഞ്ച് ദൗത്യങ്ങളുമായി ഇസ്രൊ ഈ വര്‍ഷം തിളങ്ങി. 2024ലെ ഐഎസ്ആര്‍ഒയുടെ പ്രധാനപ്പെട്ട ബഹിരാകാശ ദൗത്യങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാം. 

01 ജനുവരി 2024: എക്സ്പോസാറ്റ്

2024 ജനുവരി ഒന്നാം തിയതി തന്നെ ഐഎസ്ആര്‍ഒ ആദ്യ ലോഞ്ച് വിജയകരമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് രാവിലെ 9.10-ന് എക്സ്പോസാറ്റ് കൃത്രിമ ഉപഗ്രഹം കുതിച്ചുയര്‍ന്നു. എക്സ്റേ തരം​ഗങ്ങളിലൂടെ തമോ​ഗർത്തങ്ങളുടെ അടക്കം പഠനമാണ് ഈ സാറ്റ്‌ലൈറ്റ് ലക്ഷ്യംവയ്ക്കുന്നത്. ഇന്ത്യയുടെ ആദ്യ എക‍്‍സ്റേ പൊളാരിമെറ്ററി ഉപഗ്രഹമാണിത്. 

17 ഫെബ്രുവരി 2024: ഇൻസാറ്റ് 3ഡിഎസ്

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐഎസ്ആർഒ നിർമ്മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമാണ് ഇൻസാറ്റ് 3ഡിഎസ്. ഇസ്രൊയുടെ ജിഎസ്എൽവി എഫ്-14 ആയിരുന്നു വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് ഫെബ്രുവരി 17 വൈകിട്ട് 5.33-നാണ് വിക്ഷേപണം നടന്നത്. കാലാവസ്ഥ പ്രവചനത്തിനും പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ലക്ഷ്യമിട്ടുള്ളതായിരുന്നു ഇൻസാറ്റ് 3ഡിഎസ് ഉപഗ്രഹം. 

22 മാര്‍ച്ച് 2024: ആര്‍എല്‍വി ലെക്സ്-02

മാര്‍ച്ച് 22-ന് രാവിലെ 7.10-ന് കര്‍ണാടകയിലെ ചന്ദ്രദുര്‍ഗയിലെ എയ്റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലായിരുന്നു ആര്‍എല്‍വി ലെക്സ്-02 പരീക്ഷണം. വിക്ഷേപണത്തിന് ശേഷം പുനരുപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയുടെ റോക്കറ്റാണിത്. ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുമ്പോഴുള്ള ലാന്‍ഡിംഗ് പരീക്ഷിക്കുന്ന ഈ ദൗത്യം രണ്ടാമതും വിജയമായത് ഇസ്രൊയ്ക്ക് അഭിമാന നിമിഷമായി. ലാന്‍ഡിംഗിനിടെ വേഗം കുറച്ച് റണ്‍വേയിലായിരുന്നു ആര്‍എല്‍വിയുടെ ലാന്‍ഡിംഗ്. 

23 ജൂണ്‍ 2024: ആര്‍എല്‍വി ലെക്സ്-03

ഇതേ ലാന്‍ഡിംഗ് സാങ്കേതികവിദ്യയുടെ മൂന്നാം പരീക്ഷണം 2024 ജൂണ്‍ 23-ന് നടന്നു. ചിത്രദുര്‍ഗയില്‍ അന്നേദിനം രാവിലെ 7.10-ന് പരീക്ഷണം ആരംഭിച്ചു. ആര്‍എല്‍വിയുടെ ഓട്ടോണമിസ് ലാന്‍ഡിംഗ് പ്രയാസകരമായ 500 മീറ്റര്‍ ഉയരത്തില്‍ വച്ച് നടത്തി അന്ന് ഐഎസ്ആര്‍ഒ ചരിത്രമെഴുതി. 

22 ജൂലൈ 2024: എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ

അന്തരീക്ഷ ഓക്‌സിജന്‍ വലിച്ചെടുത്ത് ഇന്ധനം കത്തിച്ച് റോക്കറ്റുകള്‍ക്ക് കുതിക്കാന്‍ കഴിയുന്ന എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സംവിധാനത്തിന്‍റെ രണ്ടാം പരീക്ഷണം ജൂലൈ 22-ന് ഐഎസ്ആര്‍ഒ വിജയിപ്പിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലായിരുന്നു പരീക്ഷണം. RH-560 സൗണ്ടിംഗ് റോക്കറ്റിനൊപ്പമായിരുന്നു എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സിസ്റ്റം ഘടിപ്പിച്ചിരുന്നത്. എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സിസ്റ്റം ഉപയോഗിച്ച് പരീക്ഷണ നടത്തുന്ന നാലാമത്തെ മാത്രം രാജ്യം എന്ന നേട്ടത്തിലെത്തി ഇതോടെ ഇന്ത്യ. 

16 ഓഗസ്റ്റ് 2024: ഇഒഎസ്-08 സാറ്റ്‌ലൈറ്റ്

ഐഎസ്ആര്‍ഒ എസ്എസ്എല്‍വി-ഡി3 വിക്ഷേപണ വാഹനം ഉപയോഗിച്ച് ഇഒഎസ്-08 (EOS-08) സാറ്റ്‌ലൈറ്റ് ഓഗസ്റ്റ്-16ന് വിജയകരമായി ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു. ഭൗമനിരീക്ഷണം ലക്ഷ്യമിട്ടാണ് ഇഒഎസ്-08 സാറ്റ്‌ലൈറ്റ് ഐഎസ്ആര്‍ഒ വികസിപ്പിച്ചത്. കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തങ്ങളും പഠിക്കാൻ ഇഒഎസ്-08ൽ നിന്നുള്ള വിവരങ്ങൾ സഹായകമാകും. പകലും രാത്രിയും ഉപഗ്രഹ ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ ഇതിലുണ്ട്. 

Read more: ആകാശത്ത് ആടിയുലഞ്ഞ് റോക്കറ്റ്, ഒടുവില്‍ മൂക്കുംകുത്തി താഴേക്ക്; വീണ്ടും പരാജയപ്പെട്ട് സ്പേസ് വണ്‍ കെയ്‌റോസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios