ബ്രസീലിന്‍റെ വലിപ്പത്തേക്കാൾ 3 മടങ്ങ്, ഭൂമിയുടെ കുടയുടെ വിള്ളൽ; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍, കാരണം കണ്ടെത്തി
എന്തുകൊണ്ടാണ് പെട്ടന്ന് വിള്ളൽ ഇത്ര വലുതായത് എന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ടോംഗയ്ക്ക് സമീപം നടന്ന ഭൂഗർഭ അഗ്നിപർവത സ്ഫോടനമാണ് ഇതിന്റെ കാരണമാണെന്നാണ് വിള്ളൽ കൂട്ടിയതെന്നാണ് ഗവേഷകർ പറയുന്നത്
ഭൂമിയുടെ കുടയാണ് ഓസോൺ പാളിയെന്ന് ചെറുപ്പം മുതലേ നമ്മൾ കേട്ടിട്ടുണ്ട്. ഓസോൺ പാളിയിലെ വിള്ളലുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും നമുക്കറിയാം. അന്‍റാർട്ടിക്കയുടെ മുകളിലുണ്ടായിരുന്ന ഓസോൺ പാളിയിൽ വിള്ളൽ വീണതും ഇതുകാരണം അന്തരീക്ഷ താപം ഉയർന്ന് മഞ്ഞുരുകുന്നതുമെല്ലാം വലിയ ചര്‍ച്ചകളാണ്. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ പറയുന്നത് അന്‍റാർട്ടിക്കയുടെ മുകളിലുണ്ടായിരുന്ന ഓസോൺ ദ്വാരത്തിന്റെ വലിപ്പം ബ്രസീലിന്റെ വിസ്തീർണത്തിന്റെ മൂന്ന് മടങ്ങ് ആയിരിക്കുകയാണ് എന്നാണ്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനൽ–5പി ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. ലോകത്ത് വലിപ്പത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തുള്ള രാജ്യമാണ് ബ്രസീൽ. ആ ബ്രസീലിന്റെ മൂന്ന് മടങ്ങാണ് ഇപ്പോൾ ഈ വിള്ളലിന്റെ വലിപ്പമത്രേ.
എന്തുകൊണ്ടാണ് പെട്ടന്ന് വിള്ളൽ ഇത്ര വലുതായത് എന്നും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ടോംഗയ്ക്ക് സമീപം നടന്ന ഭൂഗർഭ അഗ്നിപർവത സ്ഫോടനമാണ് ഇതിന്റെ കാരണമാണെന്നാണ് വിള്ളൽ കൂട്ടിയതെന്നാണ് ഗവേഷകർ പറയുന്നത്. ഈ സമയത്ത് വലിയ അളവിൽ അന്തരീക്ഷത്തിലേക്കുയർന്ന നീരാവി പോളർ സ്ട്രാറ്റോസ്ഫെറിക് ക്ലൗഡ് എന്ന മേഘങ്ങൾ ഉണ്ടാകാൻ കാരണമായി. ഇത് ഓസോൺ പാളിയുടെ കട്ടി കുറയാൻ കരണമാകുന്ന തരം മേഘങ്ങളാണ്.
ദ്വാരമെന്നും വിള്ളൽ എന്നും പറയുമെങ്കിലും സത്യത്തിൽ ഓസോൺ പാളിയുടെ കട്ടിയിൽ സാരമായ കുറവ് സംഭവിക്കുകയാണ് ചെയ്യുന്നത്. ഓസോൺ പാളിയുടെ കട്ടിക്കുറവ് കൂടുതൽ വ്യാപിക്കുന്നതിനെയാണ് വിള്ളൽ വലുതായി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇപ്പോൾ ദക്ഷിണ ധ്രുവത്തിന് മുകളിലെ ഓസോൺ പാളിയുടെ വിള്ളൽ 2.6 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണുള്ളത്. സമീപകാലത്ത് ഓസോൺ വിള്ളൽ ഏറ്റവുംവലുതായത് 2000ൽ ആണ്. 2.84 കോടി ചതുരശ്ര കിലോമീറ്റർ ആയിരുന്നു അന്നത്തെ വിസ്തീർണ്ണം.
അന്തരീക്ഷത്തിന്റെ സ്ട്രാറ്റോസ്ഫിയർ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ഓസോൺ പാളി അൾട്രാ വയലറ്റ് കിരണങ്ങൾ അടക്കമുള്ളവ നേരിട്ട് ഭൂമിയിൽ പതിക്കാതെ തടഞ്ഞുനിർത്തുന്നു. എഴുപതുകളിലാണ് കലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വടക്കു, തെക്ക് ധ്രുവങ്ങളിലെ ഓസോൺ പാളിയിൽ വലിയ വിള്ളലുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. അന്നതിന്റെ വിസ്തൃതി ഒരു കോടിയിലധികം ചതുരശ്ര കിലോമീറ്റർ ആയിരുന്നു.
ഇത് യുവി കിരണങ്ങൾ ഭൂമിയിലേക്ക് നേരിട്ട് പതിക്കുന്നതടക്കമുള്ള ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടക്കാകുമെന്നും ഇവർ പറഞ്ഞു. വൈകാതെ ഓസോൺ പാളിയെക്കുറിച്ചും അതിൽ വിള്ളൽ വീഴുന്നതിന്റെ ഗുരുതര ഫലങ്ങളെക്കുറിച്ചും ലോകമെമ്പാടും അവബോധം സൃഷ്ടിക്കപ്പെട്ടു. പക്ഷേ എന്നിട്ടും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ കാര്യമായ കുറവ് വരുത്താൻ കഴിഞ്ഞിട്ടില്ല.